17/01/2026
🔴
ഓർമ്മ
ജനുവരി 17
🟢
നന്ദിത
(1969-1999)
ചരമദിനം
⬛
പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നൽകിയ കവയിത്രിയായിരുന്നു നന്ദിത. ഒഴിവുദിവസങ്ങളിലും കോളേജിലെത്തി പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്ന മികച്ച അധ്യാപിക. ലൈബ്രറിയിലെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് കുറിപ്പുകൾ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, വിദ്യാർത്ഥികളുമായി നല്ലസൗഹൃദം പുലർത്തിയതിനാൽ ഇടയ്ക്ക് പിണങ്ങി ക്ലാസ്സിൽ നിന്നിറങ്ങി പോകുന്ന ടീച്ചർ. ഒടുവിൽ അപ്രതീക്ഷിതമായി ജീവിതത്തോട് പിണങ്ങി അവർ മരണത്തിലേക്ക് ഇറങ്ങിപ്പോയി.
🟣
മരണശേഷമാണ് നന്ദിത കവിയായിരുന്നെന്ന് ലോകം തിരിച്ചറിയുന്നത്. ഒരു ഡയറിയിൽ ആരേയും കാണിക്കാതെ കുറിച്ചിട്ടിരുന്ന കവിതകൾ അച്ഛനും അമ്മയുമാണ് കണ്ടെടുത്തത്. ആ കവിതകളെല്ലാം ഡോ.എം.എം.ബഷീർ മുൻകൈയെടുത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചു.
🟤
കോളേജ് വരാന്തകളിലെ ചുവരുകളിൽ കോറിയിടുന്ന വരികളിൽ പലതും ഇന്ന് നന്ദിതയുടേത്. സോഷ്യൽമീഡിയയിലും നന്ദിതയുടെ കവിതകൾക്ക് ആരാധകരേറെ. നന്ദിയയുടെ കവിതകൾ എന്ന പേരിൽ നിരവധി ഫേസ്ബുക്ക് പേജുകളും കാണാം.
🔵
1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് ജനനം. ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മികവ് പുലർത്തിയ നന്ദിത വയനാട് മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ളീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
🟠
1999 ജനുവരി 17നാണ് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചത്.
അന്ന് കിടക്കാൻ പോകുന്നതിനു മുൻപ് അമ്മയോടു നന്ദിത പറഞ്ഞു: 'അമ്മേ ഒരു ഫോൺ വരും. ഞാൻ തന്നെ അറ്റന്റു ചെയ്തുകൊള്ളാം'.
ആ ഫോൺ കോൾ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയിൽ സാരിത്തുമ്പിൽ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.
നന്ദിതയുടെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
🔴
1985 മുതൽ 1993 വരെയുള്ള കാലയളവിൽ സ്വകാര്യ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന കവിതകളാണ് മരണശേഷം കണ്ടെത്തിയതും പ്രസിദ്ധീകരിച്ചതും.
നന്ദിതയുടെ കവിതകൾ - ഇതിന്റെ ആദ്യപ്രതി 2002ൽ പുറത്തിറങ്ങി. തുടർന്ന് നിരവധി പതിപ്പുകളുണ്ടായി.
🟢
ലളിതമായ ഭാഷയും സങ്കീർണ്ണമായ ബിംബങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീർക്കുന്നത്.
കാത്തിരിപ്പും, നിദ്രയും, പ്രകൃതിയും, സ്വപ്നവും, ഒറ്റപ്പെടലും നന്ദിതയുടെ കവിതകളിൽ കാണാം. നന്ദിതയുടെ യാത്ര ജനിക്കും മൃതിക്കുമിടയിലായിരുന്നു. അതിനിടയിലൊരു വേള നന്ദിതയുടെ മുന്നിലെ വഴികൾ അവസാനിച്ചുവോ?
നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു,
തീക്കൂനയിൽ ചവുട്ടി വേവുന്നു.
ഇനി നമ്മളെങ്ങോട്ട് പോകാൻ...
എനിക്കിനി മടക്കയാത്ര.
-നന്ദിത(1992)
🔳
നന്ദി
✒️Prepared by
◼️Adv V V Jose Kallada◼️

17/01/2026
02/08/2025
20/02/2025
11/02/2025
10/02/2025
09/02/2025
09/02/2025
09/02/2025
09/02/2025
09/02/2025