09/10/2026
പ്രതികാര നടപടി അവസാനിപ്പിക്കുക; കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണം: എം.എസ്.എഫ്
കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരം സെമിനാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും വിദ്യാർത്ഥികൾക്കെതിരായ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവകലാശാലാ ക്യാമ്പസിൽ നടക്കുന്ന പരിപാടികളോടുള്ള വിയോജിപ്പുകളും ആശങ്കകളും ജനാധിപത്യപരമായും സമാധാനപരമായും പ്രകടിപ്പിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ട്. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ അച്ചടക്കലംഘനമായി ചിത്രീകരിച്ച് വിദ്യാർത്ഥികൾക്കെതിരെ ഏകപക്ഷീയമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യ ക്യാമ്പസ് സംസ്കാരത്തിന് വിരുദ്ധമാണ്.
സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കാതെയും ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഭാഗം കേൾക്കാതെയും സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് നീതീകരിക്കാനാവില്ല. വിദ്യാർത്ഥികൾക്കെതിരായ നടപടികൾക്ക് പിന്നിൽ പ്രതികാര മനോഭാവമുണ്ടെന്നും എം.എസ്.എഫ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ അക്കാദമിക അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർവകലാശാലാ അധികൃതർക്കുണ്ട്. വിഷയത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കുകയും വേണം.
സസ്പെൻഷൻ ഉത്തരവുകൾ ഉടൻ പിൻവലിച്ച് പ്രതികാര നടപടി അവസാനിപ്പിക്കണം. വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് ജനാധിപത്യപരമായ പരിഹാരം കാണാൻ സർവകലാശാലാ ഭരണകൂടം തയ്യാറാകണമെന്നും എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നീതീകരിക്കാനാവാത്ത സർവകലാശാലയുടെ ഇത്തരം നടപടികൾ തുടരുകയാണെങ്കിൽ ശക്തമായ സമരനടപടികളിലേക്ക് എംഎസ്എഫ് കടക്കും.