Abhith Ashokan M V

Abhith Ashokan M V

Share

മരണ ഗന്ധം കലർന്നതാണെങ്കിലും
ഒരു നിയമവുമേലാത്തതെങ്കിലും
ഒരു നിരർത്ഥക സ്വപ്നമാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം.
💛🌸🌺💚🌸🌺❤️

24/03/2026

"Hope Is A Good Thing.
Maybe The Best Of Things
And No Good Thing Ever Dies..."
ലോക സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ Shawshank Redemption ൽ മോർഗൻ ഫ്രീമാൻ ചെയ്ത Red കഥാപാത്രത്തിന് തൻ്റെ സുഹൃത്തായ Andy
കാത്ത് വെച്ച കത്തിലെ വരികളാണിത്.
Hope എന്നത് ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നാണ്.പ്രതീക്ഷകളാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിലും
സുഖ ദുഃഖ സാഹചര്യങ്ങളിലുമെല്ലാം
മനുഷ്യനെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നതും പ്രതീക്ഷകളാണ്.
കഴിഞ്ഞ കുറയധികം വർഷങ്ങളായി
ശാരീരികമായ ആരോഗ്യത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളിലൂടെയും
അസ്ഥിരമായ സാഹചര്യങ്ങളിലൂടെയുമാണ് ഞാൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
എഴുത്തുകാരി പി. വത്സലയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ
"മനുഷ്യ ശരീരമാണ്,അത്ഭുതങ്ങൾ സംഭവിക്കും,നാം പ്രതീക്ഷിക്കാതിരിക്കുമ്പോൾ."
ശരിയാണ് അത്ഭുതങ്ങൾ സംഭവിക്കും.
പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളെന്നത് വിവിധങ്ങളായ
ശാരീരിക അവസ്ഥയിലുടെയുള്ള യാത്രകളാണ്.
മഞ്ഞപിത്തവും എലിപ്പനിയും രണ്ട് തവണകളിലായി സ്ഥിരീകരിച്ച Covid 19 നും
Post Covid പ്രശ്നങ്ങൾ കാരണം ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് വിരുന്ന് വന്ന ഇടുപ്പെല്ല് തെയ്മാനവും(Hip Osteoarthritis) തുടർന്നുള്ള രണ്ട് സർജറികളും ഇടക്കിടെയുള്ള Viral പനികളും
തെല്ലുന്നുമല്ല ജീവിത സാഹചര്യങ്ങളെ മാറ്റി മറിച്ചത്.പഴയതും പുതിയതുമായ ചിന്തകളിലും പ്രതീക്ഷകളിലും വിശ്വാസമർപ്പിച്ച്
പോയ കാലത്തിൽ നിന്ന് പാഠം പഠിച്ച്
മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുമ്പോൾ
ഇപ്പോഴിതാ മഞ്ഞപിത്തത്തിൻ്റെ
രൂപത്തിൽ വീണ്ടുമൊരു പരീക്ഷണം.
ഈ സമയവും കടന്ന് പോകും എന്ന പ്രതീക്ഷയും ഹൃത്തിലേറ്റി നേരിടുക തന്നെ.
ഖസാക്കിന്റെ ഇതിഹാസ'ത്തിൽ അപ്പുക്കിളി പറയുന്നതുപോലെ,എല്ലാം ഒരു വട്ടപ്പൂജ്യമാണെന്ന് തോന്നുമ്പോഴും പ്രകൃതിയുടെ ഓരോ കണികയിലും പുതിയൊരു ജീവന്റെ സ്പന്ദനമുണ്ടാകും.
രോഗവും വേദനയും മാറുമ്പോൾ നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ഒരുനാൾ പുത്തൻ ഉന്മേഷത്തോടെ നമുക്കായി തെളിഞ്ഞുവരും.

"എന്തുവന്നാലുമെനിക്കാസ്വദിക്കണം'
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം."
ചങ്ങമ്പുഴ.

"അതിരുകാണാത്ത യാത്രയാണെങ്കിലും മധുരമാണെനിക്കിന്നുമീ ജീവിതം..."
എസ്.കെ.പൊറ്റക്കാട്.

NB:രോഗം വരുന്നതുവരെ ആരോഗ്യം വിലമതിക്കപ്പെടുന്നില്ല.അതുകൊണ്ട് തന്നെ ആരോഗ്യം നിറഞ്ഞ ജീവിതത്തേക്കാൾ
വലിയ ഒരു സമ്പത്തുമില്ല.🫰🤗

Photos from Abhith Ashokan M V's post 06/03/2026

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ….
ഒന്നുമില്ലെന്നോ.....😊❤️

എന്ത് വന്നാലുമാസ്വദിയ്ക്കണം,
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം....❤️🤗

06/03/2026

കേരളത്തിന്റെ ചിരകാല സ്വപ്നത്തിന് ഇനി 'ബ്ലാസ്റ്റിംഗ്' വേഗം! പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണ്. വയനാട്ടുകാരുടെ യാത്ര ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് ഇന്നു നടന്ന ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മത്തിൽ കേരളമാകെ മുഴങ്ങിക്കേട്ടത്.

കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണ് 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ മഹാപദ്ധതി. മലബാറിന്റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകമാകും.

ഈ വികസനക്കുതിപ്പിന് 'തുരങ്കം വെക്കാൻ' ശ്രമിച്ചവരുണ്ട്. ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ - ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ പത്തു വർഷം സർക്കാരും ഈ നാടും ഒറ്റക്കെട്ടായി ആ പ്രതിബന്ധങ്ങളെല്ലാം മറികടന്നു മുന്നോട്ടു പോവുകയാണുണ്ടായത്. ആ മുന്നേറ്റത്തിലെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് ഈ തുരങ്കപാത. അതേറ്റവും മികച്ച രീതിയിൽ പൂർത്തികരിക്കാനായി നമുക്ക് തുടർന്നും കൈകോർത്തു പോകാം.

05/03/2026

പെരുമ്പടവം ശ്രീധരൻ 'ഒരു സങ്കീർത്തനം പോലെ' മലയാള നോവൽ സാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നാണ്.
1993-ൽ പുറത്തിറങ്ങിയ ഈ കൃതി, വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ഫിയോദോർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടത്തെ ആസ്പദമാക്കി രചിച്ചതാണ്.മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണിത്.
"കുറച്ച് നാൾ മുൻപാണ് ഞാനെൻ്റെ ഹൃദയം പൂട്ടി താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർക്കുന്നില്ല അത് എവിടെയാണെന്ന്.എവിടെ നിന്നെങ്കിലും നിനക്ക് അത് കിട്ടിയോ?
എൻ്റെ ഹൃദയത്തിൻ്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്.....?
ദസ്തയേവ്‌സ്കി തന്റെ പ്രശസ്തമായ 'ചൂതാട്ടക്കാരൻ' (The Gambler) എന്ന നോവൽ എഴുതിത്തീർക്കാൻ അന്ന ഗ്രിഗോറിയേവ്ന എന്ന സ്റ്റെനോഗ്രാഫറെ നിയമിക്കുന്നതും,അവർക്കിടയിൽ ഗാഢവും പരിശുദ്ധവുമായ പ്രണയം ഉടലെടുക്കുന്നു.
ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവങ്ങൾ,ദാരിദ്ര്യം, ജയിൽവാസം, പ്രിയപ്പെട്ടവരുടെ മരണം,രോഗം ഇതെല്ലാം ദസ്തയേവ്‌സ്കിയെ ഒരു അന്തർമുഖനാക്കി മാറ്റിയിരുന്നു.ലോകത്തിന് മുന്നിൽ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അദ്ദേഹം ഭയപ്പെട്ടു.മറ്റാരും തന്നെ സ്നേഹിക്കില്ലെന്നും, തന്റെ ഹൃദയം ഇനി ആർക്കും തുറന്നുകൊടുക്കില്ലെന്നും ഉറപ്പിച്ചാണ് അദ്ദേഹം അത് "പൂട്ടി താക്കോൽ ദൂരേക്ക് എറിഞ്ഞത്".അത് ഒരുതരം ആത്മരക്ഷാതന്ത്രമായിരുന്നു.
തനിക്ക് പോലും തുറക്കാൻ കഴിയാത്ത തന്റെ മനസ്സിന്റെ വാതിലുകൾ അന്നയുടെ സാമീപ്യം കൊണ്ട് താനേ തുറക്കപ്പെടുന്നു.താൻ പൂട്ടിവെച്ച ലോകത്തേക്ക് അന്നയെ അദ്ദേഹം ക്ഷണിക്കുകയാണ്.ആ താക്കോൽ അവളുടെ സ്നേഹവും കരുണയുമാണ്.
ദസ്തയേവ്‌സ്കി നേരിട്ട് തന്റെ പ്രണയം പ്രകടിപ്പിക്കാൻ മടിക്കുന്ന ഒരു രംഗമുണ്ട്. അദ്ദേഹം ഒരു കഥ പറയുന്ന രൂപത്തിലാണ് അന്നയോട് തന്റെ ഇഷ്ടം ചോദിക്കുന്നത്.
"വൃദ്ധനും രോഗിയുമായ ഒരു ചിത്രകാരന് ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയാൽ അവൾ എന്തു മറുപടി പറയും?"
ഇതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് അന്ന നൽകുന്ന മറുപടി വളരെ ലളിതവും എന്നാൽ അർത്ഥവത്തുമാണ്:
"അവൾ അയാളെ സ്നേഹിക്കും, ജീവിതകാലം മുഴുവൻ." ഈ മറുപടിയിലൂടെ അവൾ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ എല്ലാ ഇരുട്ടിനെയും മായ്ച്ചുകളയുന്നു.




03/03/2026

"വേണ്ടപ്പെട്ട മനുഷ്യർ കൂടെ ഉണ്ടാകുമ്പോഴാണ് ഒരാൾ രാജാവാകുക,ഒറ്റപ്പെട്ടു പോയ മനുഷ്യൻ ചക്രവർത്തിയാണെങ്കിലും യാചകനാണ്...."
"പ്രണയത്തിൻ്റെയും തിരസ്‌കരത്തിൻ്റെയുമിടയിൽ ധർമ്മം തോറ്റുപോകുന്നതിൽ കുറ്റബോധം കൊണ്ടു നീറുന്നത് മനുഷ്യത്വവും അനുതാപവും നൈതികതയും ഉള്ളിൽ സൂക്ഷിക്കുന്ന നിരമിത്രനെപോലുള്ളവർ മാത്രമാണ്"

ആത്രേയകം ഈ പേര് തന്നെ വ്യത്യസ്തമായ ഒന്നാണ്.അറിഞ്ഞ മാത്രയിൽ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ മനോഹരമായ പേര്.പേരിൻ്റെ
പുതുമ പോലെ തന്നെയാണ് ഉള്ളടക്കവും.
മഹാഭാരത കഥയിലെ കഥാപാത്രങ്ങളെ ഇതിനുമുൻപും എഴുത്തുകാർ അവരുടെ മനോഭാവനകളിലൂടെ കഥകളായി എഴുതിയിട്ടുണ്ട്.
രണ്ടാമൂഴത്തിലൂടെ ഭീമനെ എം ടി യും, ഇനി ഞാൻ ഉറങ്ങട്ടെ യിലൂടെ പി.കെ. ബാലകൃഷ്ണൻ കർണനെയും മഹാഭാരത കഥ പശ്ചാത്തലത്തിൽ കൂടുതൽ ഭംഗിയായി അവതരിപ്പിച്ചപ്പോൾ മലയാള സാഹിത്യത്തിന് ലഭിച്ചത് അമൂല്ല്യങ്ങളായ രണ്ട് കൃതികളായിരുന്നു.അതുപോലെ നിരമിത്രനെന്ന കഥാപാത്രത്തെയും മനോഹരമായി ആത്രേയകത്തിൽ വരച്ചുകാട്ടാൻ കഥാകൃത്തിന് കഴിഞ്ഞു.
ജീവിതയാത്രയിൽ വിജയിച്ചവരുടെയും
തോറ്റുപോയവരുടെയും കഥകൾ ഒരുപാട് നമ്മളറിഞ്ഞിട്ടുണ്ട്.എന്നാൽ രണ്ടിലും പെടാതെ
ഒരാളുടെ കഥയിലോ ഓർമ്മയിലോ എന്തിന്
ഒരു നോട്ടത്തിൽ പോലും പെടാത്ത ചില മനുഷ്യരുണ്ടാവില്ലേ?അത്തരത്തിൽ ആരാലും പറയപ്പെടാതപോയ നിരമിത്രൻ്റെ കഥയാണ് ആത്രേയകം.
ആത്രേയകത്തിൻ്റെ പച്ചമണം
നമ്മളേവരെയും ആകർഷിക്കും.ആ മണം
നിങ്ങളിലേക്ക് കൂടി പരത്തുക എന്നതാണ്
ഈ റിവ്യൂയിലൂടെ എൻ്റെ ലക്ഷ്യം.
40-ാം പതിപ്പിലെത്തി നിൽക്കുമ്പോഴും മാതൃഭൂമി ബുക്സിൻ്റെ Top Seller
പട്ടികയിൽ ഇന്നും ഇടം നിലനിർത്തുന്നു.
എൻ്റെ നാട്ടിലെ ശ്രീ കാഞ്ഞിലശ്ശേരി
മഹാദേവ ശിവരാത്രി മഹോൽസവത്തിൻ്റെ
ഭാഗമായുള്ള മൃത്യുഞ്ജയ പുരസ്കാരം ആത്രേയകത്തിൻ്റെ കഥാകൃത്ത് ശ്രീമതി ആർ രാജശ്രീ ടീച്ചർക്ക് ലഭിച്ചിരുന്നു.ഇനിയും ഒരുപാട് വായനക്കാരാൽ
വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.




24/02/2026

മലയാളത്തിലെ പുതിയ കാലത്തെ
എഴുത്തുകാരിൽ ശ്രദ്ധേയയായ
ശ്രീ ജിസ്മ ഫൈസിൻ്റെ വളരെ
വികാരനിർഭരമായ ഒരു കൃതിയാണ്
DC ബുക്സ് പ്രസിദ്ധീകരിച്ച
എൻ്റെ അരുമയായ പക്ഷിക്ക് എന്ന നോവൽ.
വായനക്കാരെ പെട്ടെന്ന് സ്വാധീനിക്കുന്ന
തരത്തിൽ ലളിതവും എന്നാൽ ആഴവുമുള്ള
ഭാഷയാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത.
ഓരോ താളുകളിലെയും കഥാസന്ദർഭങ്ങൾ ഹൃദയത്തിലേക്ക് ചേക്കേറുന്നു.ചിലപ്പോൾ വേദനയായി,ചിലപ്പോൾ മധുരമുള്ള ഒരോർമ്മയായി.
ഇത് ഒരു പ്രണയകഥ മാത്രമല്ല,
ഒരാളെ മനസിൽ എത്ര ആഴത്തിൽ
സൂക്ഷിക്കാമെന്ന് മനസ്സിലാക്കി
തരുന്ന ഒരു യാത്രയാണ്.
പ്രണയത്തിന്റെയും ബന്ധങ്ങളുടെയും തീവ്രത ആഗ്രഹിക്കുന്ന വായനക്കാർക്ക് ഹൃദ്യമായ ഒരു വായനാനുഭവമായിരിക്കും ജിസ്മ ഫൈസിന്റെ
"എന്റെ അരുമയായ പക്ഷിക്ക്" എന്ന പുസ്തകം.




22/02/2026

"എല്ലാവർക്കും ഭക്ഷണവും വെള്ളവുംപോലെ
ചിലർക്ക് ഒരു അത്യാവശ്യവസ്‌തുവാണ് സ്നേഹം.ആരെങ്കിലും ഒരാൾ സ്നേഹിക്കാനില്ലാതെ വന്നാൽ അത്തരക്കാർ ആകെ കഷ്ടത്തിലാകുന്നു."

പ്രകൃതിയുടെ മാറ്റങ്ങളെയും മനുഷ്യന്റെ ആത്മബന്ധങ്ങളെയും മനോഹരമായി ആവിഷ്കരിക്കുന്ന മലയാള സാഹിത്യത്തിലെ ഗന്ധർവ്വനായിരുന്ന ശ്രീ പി.പത്മരാജൻ്റെ
മനോഹരമായ കൃതിയാണിത്.
1971 ലാണ് ഋതു ഭേദങ്ങളുടെ പാരിതോഷികം
പ്രസിദ്ധീകരിക്കുന്നത്,വർഷങ്ങൾക്കിപ്പുറവും കാലാതിവർത്തിയായി അദ്ദേഹത്തിൻ്റെ മറ്റ് കൃതികളെ പോലെത്തന്നെ പുതിയ കാലത്തും വായനയെ ആഘോഷമാക്കാൻ ഈ നോവലിന് കഴിയുന്നു.




21/02/2026

'തമ്മിൽ പിണങ്ങുവാൻ,
പിന്നെയുമിണങ്ങുവാൻ,
പാടുവാൻ,പഞ്ചാര കയ്പ്പ്
ഏറെയിഷ്‌ടമെന്നോതുവാൻ,
കരയുവാൻ,പൊരുതുവാൻ,
ചേരുവാൻ ചുണ്ടത്തിരുന്ന്
ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം,ജന്മമലയാളം...✨

മാതൃഭാഷാ ദിനം

Want your business to be the top-listed Government Service?

Website