30/08/2026
ഷൗക്കത്തലിയുടെ മരണം നടുക്കുമ്പോഴാണ് എന്റെ സ്വന്തം ആർ.ടി.ഒ അനുഭവം പങ്കുവെക്കണമെന്ന് തോന്നിയത്. 60% ശാരീരിക പരിമിതി നേരിടുന്ന ആളാണ് ഞാൻ. ആക്സിലേറ്ററും ബ്രേക്കും ക്ലച്ചും കയ്യിൽ ക്രമീകരിച്ച കാറാണ് എന്റേത്. ഇതിന്റെ ആർ.സി ബുക്കിൽ മാറ്റങ്ങൾ വരുത്താനാണ് ഏജന്റുമാരുടെ സഹായമില്ലാതെ, എല്ലാ രേഖകളുമായി രാവിലെ 9.30-ന് ഞാൻ ആർ.ടി.ഒ ഓഫീസിലെത്തിയത്.
ഓഫീസ് പരിസരത്ത് നിയമവിരുദ്ധമായി മോഡിഫൈഡ് ന്യൂ ജെൻ വാഹനങ്ങളുണ്ട്, അവ പാസാക്കിയെടുക്കാൻ ഓടിനടക്കുന്ന ഏജന്റുമാരും, അവിടെ എൻ്റെ ന്യായമായ ആവശ്യത്തിന് പുല്ലുവിലയായിരുന്നു.എൻറെ തൊട്ടടുത്ത് നിർത്തിയ ബൈക്കിന്റെ മോഡിഫിക്കേഷൻ പെർമിഷനുമായി ബന്ധപ്പെട്ട സംഖ്യ ഏജന്റുമായി സംസാരിക്കുന്നത് ഞാൻ നേരിൽ കേട്ടു. എൻറെ ഊഴം എത്തിയപ്പോൾ എ.എം.വി.ഐ ആദ്യം രേഖകൾ പോലും വാങ്ങാൻ തയ്യാറായില്ല. പകരം പെർമിറ്റ് തരാൻ പറ്റില്ല എന്ന ഉറച്ച സ്വരം ആയിരുന്നു. ഉച്ചകഴിഞ്ഞ് 5 മണിക്ക് കാറിൽ കയറിയ ഒരു എം.വി.ഐ എന്നെക്കൊണ്ട് അതികഠിനമായ ഡ്രൈവിംഗ് ടെസ്റ്റുകൾ ചെയ്യിപ്പിച്ചു. കയറ്റങ്ങളിൽ വണ്ടി നിർത്തിച്ചും പെട്ടെന്ന് ബ്രേക്കിടുവിച്ചും പരീക്ഷിച്ചെങ്കിലും ഒപ്പിട്ടു തരാൻ അദ്ദേഹം തയ്യാറായില്ല.
"ഇത് ആഡംബരത്തിനല്ല സർ, എന്റെ നിത്യജീവിതത്തിനാണ്" എന്ന് ഞാൻ അപേക്ഷിച്ചപ്പോൾ, "നിന്റെ ജീവിതം നീങ്ങുമ്പോഴേക്കും മറ്റുള്ളവരുടെ ജീവൻ പോകും; എനിക്കിതിൽ എന്ത് മെച്ചം?" എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. ഡാഷ്ബോർഡിലിരുന്ന എന്റെ ഫോണിലെ ക്യാമറ ഓൺ അല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആ കൈക്കൂലി ഭീഷണി. ഒടുവിൽ ഒരു മറുപടിയും തരാതെ അയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിപ്പോയി.
രാവിലെ മുതൽ വെള്ളം മാത്രം കുടിച്ച് വിശപ്പും അപമാനവും കൊണ്ട് തളർന്ന ഞാൻ, കരഞ്ഞുകൊണ്ട് ആർ.ടി.ഒയുടെ മുറിയിലേക്ക് കയറിച്ചെന്നു. "എനിക്ക് ഫിറ്റ്നസ് തരാൻ കഴിയില്ലെങ്കിൽ കാരണം രേഖപ്പെടുത്തി റിജക്ഷൻ ലെറ്റർ എങ്കിലും തരണം" എന്ന് ഞാൻ ഉറച്ച ശബ്ദത്തിൽ ആവശ്യപ്പെട്ടു. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആർ.ടി.ഒ ഇടപെട്ട് മറ്റൊരു MVI യെ കൊണ്ട് അരമണിക്കൂറിനുള്ളിൽ കാര്യങ്ങൾ ശരിയാക്കിത്തന്നു.
വൈകുന്നേരം ആയപ്പോൾ ഉദ്യോഗസ്ഥരുടെ കാറുകൾ കഴുകിക്കൊടുക്കാനും പുതിയ ടയറുകൾ മാറ്റി നൽകാനും പോളിഷ് ചെയ്യാനും കൊണ്ടുപോയ വാഹനങ്ങൾ വിവിധ ഷോറൂമുകളിൽ നിന്ന് തിരിച്ചെത്തി. അവരെല്ലാം ഉദ്യോഗസ്ഥരെ കണ്ടു ഒരിക്കൽക്കൂടി നമിച്ചു ചാവികമാറി പോകുന്ന രംഗം കാണാനിടയായി. ഉള്ള സമ്പാദ്യം കൊണ്ട് സംതൃപ്തമായി ജീവിക്കാൻ കഴിയാത്ത യൂദ്യോഗസ്ഥരോട് സഹതാപമാണ് തോന്നിയത്. എന്റെ അധ്യാപകവൃത്തിയിൽ ഞാൻ ഏറെ അഭിമാനിച്ച നിമിഷമായിരുന്നു അത്. സാധാരണക്കാരന്റെ കണ്ണീര് വീഴാത്ത ഒരു സിസ്റ്റം എന്നാണ് നമ്മുടെ നാട്ടിൽ സാധ്യമാകുക?
RTO ഓഫീസിൽ മാത്രമല്ല ഓഫീസുകൾക്കു മുമ്പിലെ ഏജൻറ് സംവിധാനമാണ് ആദ്യം നിൽക്കേണ്ടത്. അനധികൃതമായ പണമിടപാട് ഇവരുടെ കൂടെ ആവശ്യമാണ്.