കാഴ്ചപരിമിതി
(ഡോ. വിജയൻ കെ )
ജനിച്ചതു ഞാനൊരു അംഗപരിമിതിയോടെ ആജന്മം ഇരുൾ മൂടും ജീവിതയാത്രാവിധിയെ കൈവരിച്ചവനായി.
വളർന്നതു വത്സല മാതാപിതാക്കൾ തൻ സംതൃപ്തമുഖമൊന്നു കാണാതെ, അവരുടെ ചൊടികളിൽ വിടരും സ്മിതമൊന്നുകാണാതെ നിറങ്ങളും നരരൂപങ്ങളും പ്രകൃതിതൻ പൂക്കളും പഴങ്ങളും പക്ഷി മൃഗ രൂപങ്ങളും നേരിട്ടു കണ്ടു ആസ്വദിക്കാനാകാതെ.
കഴിവില്ലെനിക്കു ഇവിടെ കാണാൻ നീലാകാശവും അതിൽ വിരാജിക്കും വിശിഷ്ട സൂര്യചന്ദ്രന്മാർ ആകാശചക്രവാളവും വെൺമേഘ, താരാഗണവും, മലനിരകൾ, മഴയും മഴവില്ലും, മണ്ണും, കല്ലും കാടും നെൽപ്പാടങ്ങളും തീനാളങ്ങളായെത്തും ഇടിമിന്നലുകളും തോടും, പുഴയും കടലും കായലും പകലിരവുകൾ പോലും.
അറിയില്ലെനിക്കല്ലൊ കണ്ടു വർണ്ണിക്കാൻ സ്ത്രീ പുരുഷ രൂപസൗന്ദര്യം, അറിയാമെനിക്കപ്പോഴും ഉൾക്കണ്ണിനാലെത്രയും ഭംഗിയായ് ദൃശ്യം ഗതിവിഗതികൾ വേറിട്ട കാലൊച്ചകൾ, ശബ്ദ, ഗന്ധ, സ്പർശ വൈവിദ്ധ്യങ്ങളാൽ.
അപ്രാപ്യമെനിക്കെന്നും സകല ദൃശ്യവിസ്മയങ്ങളും കേടായ ഭക്ഷണം വേർതിരിച്ചറിയാനും മുന്നിലെ തടസ്സങ്ങൾ മുൻകൂട്ടി അറിയാനും, അരികിൽ വന്നെത്തും അപകടം ക്ഷണം ഒഴിവാക്കിടുവാനും.
നന്ദിയുണ്ടെനിക്കിവിടെ എല്ലാവരോടും സ്നേഹവുമുണ്ടെനിക്കു ഏവരോടും എന്റെ ചുറ്റിലും കഴിയുന്ന സഹജീവികളോടും കനിവോടെ കൈ നീട്ടി തുണയേകും സഹൃദയരോടും ഒരു സ്നേഹ വിരൽ കൊണ്ടു പോലും വഴികാട്ടുന്നവരോടും.
പ്രിയരാണെനിക്കവർ അകക്കണ്ണിൽ ഞാൻ കാണും അതീവം സുമുഖരുമാണവർ പതിവായി നെഞ്ചോടു ചേർത്തു എന്നെ ഗതാഗതക്കുരുക്കിൽ അലയാതെ സുരക്ഷിതം മറുവശം എത്തിക്കുന്നവർ, സസ്നേഹം നിശ്ചിത വാഹനത്തിലേറാൻ സഹായിക്കുന്നവർ, അവരെന്നുമെന്റെ സ്നേഹിതർ, എനിക്കു സ്വന്തമാകുന്നവർ ഈ ജന്മം മുഴുവനും.
Stories and poems by Vijayan Karamal
I started writing few stories and poems
in Malayalam during leisure time. Retired central government officer
മനസ്സ്
(ഡോ. വിജയൻ കെ )
കൂടെയുണ്ടായാൽ മാത്രം മതിയാകുമോ പരസ്പരം
കൂട്ടു കൂടാനും ഒരു മനസ്സു വേണ്ടേ
സ്നേഹമുണ്ടായാൽ മാത്രം മതിയാകുമോ തമ്മിൽ
സ്നേഹിക്കാനുമൊരു മനസ്സു വേണ്ടേ
ധനമുണ്ടായാൽ മാത്രം മതിയാകുമോ അത്യാവശ്യം
ചിലവിടാനും ഒരു മനസ്സു വേണ്ടേ
കനിവുണ്ടായാൽ മാത്രം മതിയാകുമോ
മറ്റൊരാൾക്കു കരുതലാകാനും ഒരു മനസ്സു വേണ്ടേ
സമയം ഉണ്ടായാൽ മാത്രം മതിയാകുമോ സുഹൃത്തിനോടൊന്നു സഹകരിക്കാനും ഒരു മനസ്സു വേണ്ടേ
മനസ്സുണ്ടായാൽ മാത്രം മതിയാകുമോ അന്യന്റെ മനസ്സറിയാതിരുന്നാൽ എന്തു കാര്യം
അറിവുണ്ടായാൽ മാത്രം മതിയാകുമോ അപരന റിവുളവാക്കാൻ അശക്തനാണെങ്കിലെന്തു കാര്യം ?
ഏകപക്ഷീയ പ്രേമം
(ഡോ. വിജയൻ കെ )
ഓർമ്മയിലുണ്ടെന്നകതാരിൽ ഒരിക്കലും മറക്കാത്ത
ഒരുപാടു നോവുകൾ ഏകിയ കൗമാര പ്രേമചാപല്യങ്ങളുടെ ബാക്കിപത്രം.
പകൽക്കിനാവുകളിൽ അന്നു ലാളിച്ചതത്രയും മനസ്സിൽ മുള പൊട്ടിയ തീവ്രാനുരാഗം ആയിരുന്നു കൺകണ്ട തരുണീമണികളോടു വ്യർത്ഥം.
വിദ്യാലയവഴിയിലും ക്ഷേത്രാങ്കണത്തിലും പ്രിയമുള്ളവരെ നിത്യവും കാണാൻ പലവുരു ദൂരേക്കു മിഴി നട്ടു പാഴാക്കിയ തപ്ത
നിമിഷങ്ങളെയും പിന്നീടു പഴിച്ചെട്ടെന്തു കാര്യം.
ക്ഷേത്രപ്പറമ്പിലും വിദ്യാലയ കലാ-കായിക
മത്സരവേളകളിലും മുന്നിൽ തൊടുത്തിട്ട പ്രണയാഭ്യർത്ഥനകൾ ആത്മഗതമായതിനു ആരെ പഴിച്ചിട്ടെന്തു കാര്യം.
ധൈര്യാവലംബനത്തോടെ പല സ്നേഹിതരും തൻ പ്രേയസിമാരുൾപ്പെട്ട പ്രിയരോടു മിഴിയാലും മൊഴിയാലും പതിവാക്കിയ സല്ലാപകാഴ്ച്ചകളെ ചൊല്ലി പരിഭവിച്ചിട്ടെന്തു കാര്യം.
അനുഭവം കൊണ്ടറിയാം ഏതൊരാൾക്കും കഴിയാത്തതൊന്നുമില്ല ജീവിതത്തിൽ, എങ്കിലും അഭിലാഷങ്ങൾ
സഫലീകരിക്കാനായി അനുവർത്തിക്കണം ആരും ആത്മവിശ്വാസവും മനക്കരുത്തും യഥാസമയം.
വാഗ്ദാനം
(ഡോ. വിജയൻ കെ )
കാത്തുരക്ഷിച്ചോളാം സഖിയേ, എൻ കണ്മണീ, തവ
കാവലാളായിക്കോളാം തനുവിലെൻ ജീവൻ തുടിക്കുവോളം.
കാലമിതും കടന്നു പോകും നമുക്കു മുന്നിൽ
വ്യാകുലയാകാതെ
കാതരേ നീ ചിത്തം
ശാന്തമാക്കാൻ
ശ്രമിക്കൂ.
നിനക്കോർമ്മയില്ലേ കോവിഡ് മഹാരോഗ
കാലങ്ങൾ,
പെട്ടുപോയവർ
നാമന്നു രണ്ടിടങ്ങളിൽ,
നാളനവധി
നേരിൽ കാണാതെയും രോഗം പ്രതിരോധിച്ചു ജീവൻ എങ്ങനെയും കാത്തു സൂക്ഷിച്ചതും.
പത്രവാർത്തയിലൂടെ
നാം അറിഞ്ഞു പലരും
പലയിടങ്ങളിൽ ശയ്യാവലംബരായി ആശുപത്രികളിൽ
കൂട്ടാളിയില്ലാതെ
വ്യാകുലരായതും മറ്റനേകം പേർ രോഗമൂർധന്യത്തിൽ
മരണം വരിച്ചതും.
ഓർമ്മയുണ്ടെനിക്കൂ നിൻ മനസ്സിൽ അന്നു കോളിളക്കം
സൃഷ്ടിച്ച കാര്യം കൊറോണാ ഭീതിയുണർത്തും രോഗ വിശേഷ ലോക വാർത്തകൾ
വായിച്ച നേരം.
നീ നൽകും അമൂല്യ സ്നേഹവാത്സല്യം മാത്രമാണെന്നെ അന്നു തളർത്താതെ കാത്തതും അതു പകരും വിശ്വാസം തന്നെയാണു ഇന്നും എന്നിൽ ഊർജ്ജം നിറക്കുന്നതും.
പ്രിയേ തുടരാം നമുക്കീ പ്രണയഗാഥ മുടങ്ങാതെ മുന്നോട്ടു,
പാടാം ഒരുമിച്ചു ഒരു സ്നേഹഗീതവും മധുരമായി,
കാത്തിരിക്കാം ക്ഷമയോടെ
നമ്മുടെ അനർഘ സംഗമ നിമിഷം ഒരു നാൾ സഹർഷം വരവേൽക്കുവാൻ.
കാത്തുരക്ഷിച്ചോളാം സഖിയേ എൻ കണ്മണീ, തവ
കാവലാളായിക്കോളാം തനുവിലെൻ ജീവൻ തുടിക്കുവോളം.
0-0-0
താരാട്ട്
(ഡോ. വിജയൻ കെ)
കുഞ്ഞിളം പൈതലേ ഉറങ്ങുകെൻ കണ്മണീ അച്ഛന്റെ സ്നേഹനിധിയല്ലേ നീ.
വളരൂ വേഗമെൻ പൊൻ തിങ്കളേ അമ്മക്കു കൂട്ടാകാൻ
നല്ല നാളെ.
പൂട്ടിയുറങ്ങൂ നിൻ കണ്ണിമകൾ മോളെ പുഞ്ചിരിച്ചുണരാനായ് അതിരാവിലെ.
വേഗമുറങ്ങാനായ് അച്ഛനെന്തു വേണം
അമ്മയോടു ചൊല്ലി
നൽകട്ടേ അമ്മിഞ്ഞപ്പാലു സ്വൽപ്പം.
അടുക്കളമുറിയിൽ തിരക്കിലാണമ്മ,
പണി തീർത്തു വന്നാൽ തന്നിടും പാലും മുത്തങ്ങളും വേണ്ടുവോളം.
അറിയാമോ അമ്മയോടൊരു വട്ടം മിണ്ടാനായി മോൾക്കൊപ്പം അച്ഛനും കാത്തിരിക്കുന്ന കാര്യം.
മതിവരെ അമ്മിഞ്ഞപ്പാൽ കുടിച്ചാലുടൻ
അമ്മയോടൊട്ടി ഉറങ്ങണേ അച്ഛന്റെ പൊന്നുമോളേ.
വന്നെത്തിയല്ലോ അമ്മ നിന്നരികിൽ മോളേ,
തന്നിടാം അമ്മിഞ്ഞപ്പാൽ, കുഞ്ഞുവായ് തുറക്കു. വാവുറങ്ങിക്കോ പൊന്നുമോളേ വേഗം,
വാവാവോ പാടിയുറക്കാം ചക്കരമോളെ അമ്മ.
മുത്തേ, രാരീരം താരാട്ടു കേട്ടുറങ്ങൂ മുത്തവും തന്നിടാം മോളുറങ്ങുവോളം.
ഓമന കുഞ്ഞേ പൊന്നു മോളേ
നിദ്ര പൂകിക്കൊള്ളൂ,
അമ്മയുണ്ടല്ലോ എപ്പോഴും നിന്റെ കൂടെ.
രാരീരം രാരീരം മുത്തേ എന്റെ പൊന്നു വാവേ
രാരീരം രാരീരം രാരി രാരാരിരോ.
--0-0-0-
കരുതൽ ആകാം
നിന്നെക്കുറിച്ചന്നാദ്യം കവിതയെഴുതിയപ്പോൾ
നീഹാരമഴയോർമ്മകൾ
കളിയാടിയിരുന്നു മനസ്സിൽ.
അരികിൽ, എൻ മുമ്പിൽ നീ വന്നണയുമ്പോളെല്ലാം അറിഞ്ഞതോ ആ തനുവിലെ മാലേയഗന്ധം പരക്കുന്നതീ പരിസരത്തിൽ ആകെ.
ആ സ്നേഹാർദ്ര സ്പർശവും തലോടലുകളും
കോരിത്തരിപ്പിച്ചു
കൊണ്ടുന്മാദമേകിയെൻ സിരകളിൽ എന്നും.
അറിഞ്ഞു
നാമോരോ നിമിഷം പങ്കിടുമ്പോഴും സ്നേഹം,
സ്വയം അറിയാതെപ്പോഴോ മൗനങ്ങൾ നമ്മുടെ വാചാലമാകുന്നതും.
ഒരു വാക്കിൽ ഇഷ്ടവും ഒരു നോക്കിൽ ആത്മഹർഷവും പൂകുന്നൊരാളെ ഒരു മുഴുജന്മം നെഞ്ചോടു ചേർത്തു നിർത്താൻ എന്തെളുപ്പം.
പിണക്കങ്ങൾ ഇണക്കങ്ങൾ പിന്തുടരുമ്പോഴും
പ്രതിരോധം തീർത്തിടാം പ്രതിസന്ധികളിൽ,
കരുതലായി വർത്തിക്കാം ജൈത്രയാത്രയിലും.
വിജയൻ കെ
സ്നേഹസുഗന്ധം
നാമന്നു പെണ്ണും ചെറുക്കനും ഔപചാരിക അഭിമുഖാന്തം
നിശ്ചയിച്ചുടനെ
ഇനിയും തേടേണ്ടതില്ല മറ്റൊരാളിനെ വധുവാക്കാനായി ഈ മർത്യജന്മം.
കണ്ടറിഞ്ഞു അന്നേ നിന്നന്തർ മിഴികളിൽ
ഏറെ കാത്തു കാത്തിരുന്നു നീ കണ്ടെത്തി സ്വീകാര്യൻ ആയെന്നെ, പാണിഗ്രഹണം കഴിഞ്ഞൊരു ധന്യജീവിതത്തിനു യോഗ്യനായിട്ടെന്നു.
പൂർണതൃപ്തരല്ലായിരുന്നു മാതാപിതാക്കൾ എങ്കിലും
തീർത്തു പറഞ്ഞു, ഇഷ്ട
ജീവിതസഖിയെത്തേടി അലഞ്ഞു കണ്ടെത്തിയിരിക്കുന്നു താനെന്നും.
കത്തയച്ചു തേടിയുടനെ വിവാഹ സമ്മതം, പാഴാക്കാനില്ല നേരം നമുക്കെന്നു നിസ്സങ്കോചം നിന്നെ ബോധ്യമാക്കിയും.
അങ്ങനെയാരംഭം നമ്മുടെ
വസന്തകാലം
അന്നു മുതൽ തപാൽപത്ര മാർഗം പ്രണയമേകി,
തുടക്കമിട്ടു ജീവിതം ത്രസിപ്പിച്ചുള്ളം അന്യോന്യം പ്രേമ പുളകിതരായി സ്നേഹ സ്പർശത്താൽ നാമെന്നും.
നാളതുവരെ അറിയാതിരുന്ന
സ്നേഹാനുഭവങ്ങൾ കൈമാറി നാം
പ്രണയിച്ചു മത്സരിച്ചു പിന്നിട്ടു ഒരു ബഹുവർണ്ണ
മനോഹര കാൽവർഷ പൂക്കാലം.
അതീവ പ്രണയാർദ്ര
സുന്ദരം അന്നാളുകൾ
സ്വപ്‌നങ്ങൾ മോഹങ്ങൾ അന്യോന്യം പങ്കിട്ടും,
പ്രണയോദ്ദീപക വാക്കുകൾ ഉരിയാടിയും, അനിഷ്ടമായതൊന്നും ചെയ്യാതെ, പറയാതെ, മനസാ, വാചാ, കർമ്മണാ തമ്മിൽ നോവിക്കില്ലെന്ന വാഗ്ദാനങ്ങൾ ഏകിയും.
പിന്നെ കണ്ട കനവുകളെല്ലാം നമുക്കു മാത്രം സ്വന്തം,
മുന്നിൽ കാണുന്നവരിലെല്ലാം തേടിയന്നൊരു മുഖം നിന്റേതു മാത്രം ഞാൻ.
അന്നു കൊതിച്ചതു ഒരു കാര്യം മാത്രം നീയാകും നിത്യസ്നേഹത്തിൽ സദാ അലിഞ്ഞു ചേരുവാൻ.
എന്നിൽ നിറയും ഏകാന്തയാമങ്ങളിലെ
നിന്നസാന്നിധ്യത്തിലും അറിയുമായിരുന്നു അന്നൊക്കെ
തവ സ്നേഹസാമീപ്യം അഭംഗുരം.
പകുത്തു തന്നതു നീയെനിക്കു ആ മനസ്സു പാതി, തിരിച്ചു തന്നതു ഞാനോ അതിനൊപ്പമില്ല അൽപമാത്രവും.
നീ പകർന്നു തന്ന സ്നേഹസുഗന്ധം അന്നും മതി വരോളമെങ്കിലും, അലയടിച്ചിടുന്നു ആ പരിമളം നിതാന്തം എനിക്കു ചുറ്റിലും.
വിജയൻ കെ
ഇനിയെന്നു കാണും
പണ്ടു നാം കടുത്ത സ്നേഹിതരാം അയൽവാസികൾ പങ്കുവച്ചില്ലേ
പതിവായി കണ്ടപ്പോൾ
സ്നേഹവും സന്തോഷ സന്താപങ്ങൾ കുടുംബ വിശേഷങ്ങളും എല്ലാമെല്ലാം പരസ്പരം.
സ്ഥിതി മാറിയിന്നു നാമിരുവരും രണ്ടിടങ്ങളിൽ സ്ഥിര വാസമായപ്പോൾ നഷ്ടമായി മാർഗ്ഗമെല്ലാം തമ്മിൽ കാണുവാൻ പണ്ടേപ്പോലെ സ്നേഹം പകരുവാൻ, പങ്കിടാനും വിശേഷങ്ങൾ, എന്തിനൊരു വട്ടമെങ്കിലും ആ കരങ്ങൾ ഗ്രഹിച്ചു കൊണ്ടൽപ്പം മാനസികോല്ലാസത്തിനും.
വയ്യെനിക്കു, ഏറെ നാളായി കൊതിക്കുന്നു ഒന്നു നേരിൽ കാണുവാൻ, ഒറ്റ നോക്കാണെങ്കിലും,
നമ്മുടെ മുഖചിത്രങ്ങൾ ഉള്ളിനുള്ളിൽ എന്നും മായാതെ സൂക്ഷിക്കാനെങ്കിലും.
അന്നൊരു വാക്കു തന്നതു മറന്നുവോ വീണ്ടും ഇതു വഴിയുള്ള യാത്രയിൽ
ശ്രമിക്കാം വന്നു നേരിട്ടു കാണുവാൻ ആരോഗ്യാവസ്ഥ
മെച്ചമായി തുടരുമെങ്കിൽ ഭാവിയിൽ.
ഇല്ല, പാലിക്കാനായില്ല
വാക്കുകൾ നമുക്കു എങ്കിലും
തിരിച്ചറിയുന്നു അഭിലാഷങ്ങൾ സമ്പൂർണം സാക്ഷാൽക്കരിച്ചാൽ
നിരാശകൾക്കു
എവിടെയാണിടം ജീവിതത്തിൽ.
വിജയൻ കെ
കടൽ ജീവിതം
ആഴിയിൽ തിരയോടു മല്ലിട്ടു തുഴയവേ മുന്നോട്ടു നാം,
ആഴങ്ങളിൽ ഉലയാതെ ഭയലേശവുമില്ലാതെ, തുഴയെ കൈവിടാതെ, തുടരണം ഇനിയുമീ യാത്ര,
അഴലാകും ചുഴികളിൽ വീഴാതെ തീരത്തണയും വരെ.
മഴയും കൊടുംകാറ്റും സഹിക്കാതെ വയ്യ നാം, കടൽക്കാറ്റിൻ രോഷവും സഹിക്കാതെ വയ്യ നാം,
മരണച്ചുഴികളെ സധീരം നേരിട്ടുകൊണ്ടങ്ങനെ
സുലഭമാം മത്സ്യഗണങ്ങളെ
വലയിൽ ഗ്രഹിക്കവേ അലതല്ലും ആഹ്ലാദം പങ്കിടാമല്ലോ നമുക്കിനി മതിവരെ.
ഓർക്കാം നമുക്കിന്നു ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ നറു പുഞ്ചിരി,
ഓർക്കാമിനി നാളത്തെ സമ്പൽ സമൃദ്ധിയും സൗഭാഗ്യങ്ങളും മാത്രം
ഓർക്കാം നമ്മെ കാത്തിരിക്കുന്നവളുടെ സ്നേഹാർദ്ര സംഗമം
ഓർക്കാമിനി ഭാവിയിൽ കൈവന്നുചേരും
ചിരകാലാഭിലാഷങ്ങളും.
വിജയൻ കെ
വിരഹം
ഓർമ്മകൾ അയവിറക്കുമ്പോൾ ഓടിയെത്തുന്നു മനസ്സിൽ പേരറിയാത്തൊരു പൂവിനെ മോഹിച്ച സ്നേഹിതന്റെ ഭൂതവും വർത്തമാനവും.
പൂവാടികളിൽ പൂമ്പാറ്റ പോൽ ഒരു പേരറിയാൻ ഗ്രാമാന്തരങ്ങളിൽ
തേടിയലഞ്ഞവനു
എന്നും പൂക്കാലം പ്രേമസുരഭിലം.
പേരറിയാൻ പ്രേരകമായതവനു
ക്ഷേത്രാങ്കണത്തിൽ പതിവായി വിരിയും പൂവിൻ അസുലഭ സ്നേഹസുഗന്ധം.
പേരും സുഗന്ധവും സൗകുമാര്യവും കണ്ടറിഞ്ഞ നേരം മോഹമുണർന്നു
അവനിൽ
ആ പൂവിനെ ഹൃദയമലർവാടിയിലെ സുമറാണിയായി അവരോധിക്കുവാൻ.
നിനച്ചില്ലിരുവരും
ഒടുക്കം പിരിയുമ്പോൾ ഒരിക്കലെങ്കിലും തമ്മിൽ സന്ധിക്കുമെന്നും ഹൃദയവികാരങ്ങൾ പങ്കിടാൻ ഒരു സഹജീവിതം തങ്ങളെ കാത്തിരിപ്പുണ്ടെന്നും.
സ്തുതി പാടിക്കൊണ്ടവർ പ്രകീർത്തിച്ചു വിധാതാവിനെ
ശ്രുതി ചേർത്ത കവിതകളാൽ വരദാനമേകിയ പ്രണയത്തിനും അതുവരെ സിദ്ധിച്ച സ്നേഹ പരിലാളനങ്ങൾക്കും ഏറെ നന്ദിയോടെ.
വൈകാതെ
ദുഃഖത്തിലാണ്ടു ബന്ധുമിത്രാദികൾ പോലും അവരുടെ ദാമ്പത്യബന്ധം തകരുന്നതും അകാല വിരഹത്തിൻ ശോക വാർത്തയും അറിയാൻ ഇടയായതോടെ.
പകലുകൾ ഇരവുകൾ മിന്നി മറയുമ്പോൾ, വേനലും വർഷവും വിട പറഞ്ഞീടുമ്പോൾ അകലങ്ങൾ അന്വർത്ഥമാകുമ്പോൾ
മൗനങ്ങൾ വാചാലമാകുമ്പോൾ ഇരുവർക്കും തോന്നുമോ അലിവോടെ ഒരു വട്ടം
മാപ്പു ചോദിക്കുവാൻ, ചുടു നിശ്വാസങ്ങൾ
ഏകി ഇണയുടെ നെഞ്ചിടിപ്പുകൾക്കു കാതോർക്കുവാൻ, സ്നേഹലാളനങ്ങൾക്കു തിരി കൊളുത്താൻ, പ്രണയവല്ലരി പൂത്തുവിടരും മധുരക്കിനാവുകൾ ഒരുമിച്ചു ആസ്വദിക്കാൻ.
വിജയൻ കെ
ഒരു കടം വീട്ടാനായി
കണ്ടു താനൊരിക്കൽ ഒരു ഏകാന്തരാത്രിയിലെ സുഖനിദ്രാസുഷുപ്തിയിൽ
സ്വർഗ്ഗവാസിനി പ്രാണേശ്വരിയെ മതി വരോളമില്ലെങ്കിലും ഒട്ടുനേരം.
സ്നേഹലാളനകൾ പകർന്നുല്ലസിച്ചു ഇരുവരും പുഴക്കരയിലെത്തും വഴിയിലേക്കൊപ്പം പദയാത്ര ചെയ്തീടവേ തളിരിട്ടെൻ സ്‌മൃതികളിൽ പണ്ടു പങ്കിട്ടൊരു മധുവിധു കാലസംഭവം രസകരം.
അന്നു കൈകൾ കോർത്തു ഇരുവരും ഗ്രാമവീഥികളിൽ യുവമിഥുനങ്ങളായി സഞ്ചരിക്കവേ സദാചാരബോധം ഉണർത്തും ലജ്ജയാൽ കൈ വിടുവിച്ചുകൊണ്ടു അവൾ അകലെ നീങ്ങി നടന്നതും തന്റെ കോപാന്ധ യുവമനം അതൃപ്തി പ്രകടമാക്കിയതും മറക്കാനാകുമോ അത്ര വേഗം?
ഓർമ്മകളിൽ അങ്ങനെ അഭിരമിക്കവേ തോന്നി ചിലതു ചോദിക്കുവാൻ ഇന്നിതെന്താ പ്രിയേ ലജ്ജയാകുന്നില്ലേ ഇത്രയും ചേർന്നു നടക്കാൻ, കൈകോർത്തു കൊണ്ടു സഞ്ചരിക്കാൻ
ഈ പകൽവെളിച്ചത്തിൽ ആരു കണ്ടാലും നീ പരിഹാസപാത്രം ആകും എന്നോർക്കാത്തതോ അതോ കാലം മാറിയപ്പോൾ ആരെയും നേരിടാമിനിയെന്ന ധൈര്യമൊന്നിനാലോ.
പറയാൻ കരുതിയതു ഉച്ചരിക്കാൻ തുനിയവേ കണ്ടു പരിഭ്രമത്തോടെ തന്നെ കൈവിട്ടു പടവുകൾ ഇറങ്ങിയോടി പുഴയുടെ നടുവിൽ ആഴക്കയങ്ങളിൽ
ആഴ്ന്നലിയുന്ന അവളുടെ അസ്പഷ്ടരൂപം ഒരു നോക്കു മാത്രം.
പ്രകടമായ കാഴ്ചകൾ ഇനിയും സത്യമോ മിഥ്യയോ എന്നു ഒരു നിമിഷം
ചിന്തിച്ചു തരിച്ചുനിൽക്കെ, ഉൽബുദ്ധമായ് മനം, കൂടെ നിന്നുകൊണ്ടു അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചതോ, പണ്ടു പറ്റെഴുതിവച്ച കടമൊന്നു വീട്ടാനായി ഒരു കനവിലെങ്കിലും
പ്രത്യക്ഷമായതോ എന്ന പല ചിന്തകളിൽ.
വിജയൻ കെ
കൗമാര ഹൃദയം
പതിനേഴു വയസ്സു കഴിഞ്ഞൊരു ദാവണിവേഷ പാൽക്കാരി പതിവായി വീട്ടിൽ വരുമായിരുന്നു പണ്ടു പ്രഭാത സായന്തനങ്ങളിൽ തന്റെ
കൗമാരകാലം.
അവളുടെ കുപ്പിവളകൾ ഉതിർത്ത കിലുകിലുക്കങ്ങളും വെള്ളിക്കൊലുസ്സിൽ വിടർന്ന മണിനാദങ്ങളും ഉന്മാദ താളമേകി അന്നെൻ കാതുകളിൽ.
അവൾ പൊഴിച്ച തേൻമൊഴികൾ ഭവിച്ചു കിളിക്കൊഞ്ചലുകളായി പിന്നെ കുളിർകാറ്റായി മാറി എൻ ഉൾത്തടങ്ങളിൽ.
അവളുടെ മൃദു കരതളിർ സ്പർശനങ്ങൾ സമ്മാനിച്ചതു തനിക്കു എത്രയോ നിർവൃതിയാർന്ന അനർഘ നിമിഷങ്ങൾ പലപ്പോഴും.
മുടിയിൽ മുല്ലപ്പൂമാല ചൂടി, നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞു കയ്യിൽ നിറപാൽക്കുടവു മേന്തിയ കോമളാംഗി പുലർത്തിയിരുന്നു എപ്പോഴും ചുറ്റിലും പ്രണയാതുരഭാവം.
ലജ്ജാവതി, അവൾ കാഴ്ച്ചയിൽ അതിമനോഹരി, വിടരാൻ വെമ്പും പൂമൊട്ടു പോലെ ലാവണ്യവതി, ഉണർത്തി എന്നിലെപ്പോഴും
തീവ്ര സ്നേഹാഭിനിവേശം.
ആ പേടമാൻ മിഴികൾ എന്നും
ഊയലാടിയെന്നുള്ളിൽ ആലോലം,
ആ സ്നേഹ വായ്മൊഴികൾ
പകർന്നിരുന്നു എന്നുയിരിൽ ഊർജ്ജം നിർല്ലോഭം .
ഒരിക്കൽ ആ പെൺ കൊടി മുന്നിൽ വന്നുരിയാടി നറു പുഞ്ചിരിയാലേ, ഒരു കൊച്ചു സ്വകാര്യം ചൊല്ലുമോ നീ കാപട്യമില്ലാതെ, നമുക്കു ഇനി പങ്കിടാനാകുമോ അല്പം സ്നേഹ സൗഹൃദം .
അവളെ അങ്ങനെ കണ്ടുകൊണ്ടേയിരുന്നപ്പോൾ പതിയെ ആ രൂപം ഉൾക്കാമ്പിൽ പതിഞ്ഞു ചേർന്നപ്പോൾ
മനസ്സിലൊരു മോഹപക്ഷി പറന്നുയർന്നപ്പോൾ പറയാൻ തോന്നി ഉച്ചത്തിൽ, ഇനി മറച്ചുവെക്കാനാവില്ല ഒരിക്കലും തനിക്കീ ചേതോവികാരം.
ഉയർത്തി വീണ്ടും ഒരിക്കൽ തന്നോടവൾ മറ്റൊരു ചോദ്യം ഇങ്ങനെ, പറയാറായില്ലേ ഇനിയെങ്കിലും നിന്നുടെ ഉള്ളിലിരുപ്പു അല്പം സത്യസന്ധമായി.
തനിക്കായില്ല ചൊല്ലുവാൻ അന്നു മറുവാക്കൊന്നും,
പതറുകയായിരുന്നു മനം,
ഇടറി കണ്ഠം ഗദ്ഗദം,
അപ്രാപ്തനായിരുന്നല്ലോ സ്വയം ജീവിതയാത്രാപഥം തെരഞ്ഞെടുക്കുവാൻ.
കണ്ടും കാണാതെയുമങ്ങനെ കാലങ്ങൾ പിന്നിട്ടതില്പിന്നെ എന്നേക്കുമവൾ അദൃശ്യ യായതറിഞ്ഞു തോന്നി മനസ്താപം, അതു വീണ്ടും വിങ്ങലായി, പൂകി താനും വിഷാദഭാവം, ഹൃത്തിലെ
മഹാറാണിയായ് അവളെ കാത്തു സൂക്ഷിച്ചതല്ലേ ഒരു നല്ല കാലം.
വിജയൻ കെ
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Thiruvananthapuram
695004
