CPIM Kovalam

CPIM Kovalam

Share

Official Page of The Communist Party of India (Marxist) Kovalam Area Committee

28/05/2026
Photos from CPIM Kovalam's post 23/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യുഡിഎഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എഐസിസി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണം.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ വോട്ടാണ്‌ കേരളത്തില്‍ ഇല്ലാതാക്കിയത്‌. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട്‌ ഡിലീറ്റ്‌ ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന്‌ തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ആരെയും അറിയിക്കാതെ പേര്‌ ചേര്‍ക്കുന്നത്‌ അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്‌. പാലക്കാട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ്‌ മിഷ്യനില്‍ പ്രിന്റ്‌ ചെയ്‌തുവെന്ന പരാതികളുമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ്‌ നടന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ്‌ ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്‌ട്രോങ്‌ റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ്‌ ഈ നിയമനത്തോടെ ബലപ്പെടുന്നത്‌.

ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനെ ചീഫ്‌ സെക്രട്ടറിയായും, എസ്‌.ഐ.ആറിന്‌ നേതൃത്വം നല്‍കിയ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക്‌ വിജയിച്ച സര്‍ക്കാരിന്‌ കീഴില്‍ ഉന്നതപദവി നല്‍കുന്നതിന്‌ കൂള്‍ ഓഫ്‌ ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന്‌ വ്യക്തമാക്കണം.

ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിഷ്‌പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Photos from CPIM Kovalam's post 21/05/2026

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ്‌ കാണിച്ചിട്ടുള്ളത്‌. നേരത്തെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ 14 തവണ പൊലീസ്‌ വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി 48 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പൊലീസ്‌ അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്‌.

ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ വന്ന സിപിഐ എം ഏരിയ സെക്രട്ടറിയേയും, മറ്റ്‌ പ്രവര്‍ത്തകരേയും അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നതിനാണ്‌ ഇവര്‍ തയ്യാറായിട്ടുള്ളത്‌. ഇവിടുത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

20/05/2026

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് (സമര കവാടം) നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധം. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ഒട്ടും ആധികാരികതയില്ലാതെ, മാധ്യമങ്ങളെ മാത്രം ഉദ്ധരിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ കവാടം സ്ഥിരമായി അടച്ചിട്ടിരിക്കുകയായിരുന്നു എന്ന വാദത്തിൽ ഒരു സത്യാവസ്ഥയുമില്ലെന്ന് മാധ്യമങ്ങളുടെ മുൻകാല റിപ്പോർട്ടുകൾ തന്നെ വ്യക്തമാക്കുന്നു.

2020-ൽ കോവിഡ് മഹാമാരിയുടെ സമയത്താണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ഗേറ്റ് അടച്ചത്. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ 2023-ൽ തന്നെ ഈ ഗേറ്റ് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നു. ഇത് തെളിയിക്കുന്ന പഴയ മാധ്യമ വാർത്തകളുമുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ സമരങ്ങളോ ഉപരോധങ്ങളോ ഇല്ലാത്ത സാധാരണ ദിവസങ്ങളിൽ ഈ ഗേറ്റ് വഴി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങൾ നടക്കുന്ന സമയങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഘട്ടത്തിലും സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ ഗേറ്റ് താൽക്കാലികമായി അടച്ചിട്ടുള്ളത്. അതല്ലാതെ കഴിഞ്ഞ പത്ത് വർഷമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു എന്ന വാദം തെറ്റാണ്.

19/05/2026

"കൂടുതൽ കരുത്തോടെ തിരിച്ചുവരും"

15/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Photos from CPIM Kovalam's post 04/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നുകിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം മാതൃകയായി.

രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം വളര്‍ന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത്‌ രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന്‌ കരുത്ത്‌ പകരുകയും ചെയ്‌തു.

കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട്‌ നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരുകയും ചെയ്‌ത എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ്‌ ഉണ്ടായത്‌. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച്‌ അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌ക്കരിക്കും.

കേരള നിയമസഭയില്‍ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടത്‌ എല്‍ഡിഎഫ്‌ ആണ്‌. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ്‌ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന്‌ ഓര്‍ക്കണം. മതസൗഹാര്‍ദത്തിന്‌ പേര്‌ കേട്ട കേരളത്തിന്റെ മണ്ണില്‍, വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത്‌ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ്‌ രീതിയെ മാറ്റിമറിച്ചുകൊണ്ടാണ്‌ കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ ഭരണത്തിലിരുന്നത്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു. എല്‍ഡിഎഫിന്‌ വോട്ട്‌ ചെയ്‌ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്.

Photos from CPIM Kovalam's post 03/05/2026

1972 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് കാക്കിയിട്ട കാട്ടാളകൂട്ടം ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു. സഖാവ് അമ്മു ആ സമരഭൂമിയിൽ വച്ച് തന്നെ മരണപെട്ടു. കയർത്തൊഴിലാളികളുടെ ഉജ്വലമായ ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് ഇന്ന് 54 വർഷം പൂർത്തിയാകുന്നു. സഖാവിന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറി സ: എ എ റഹീം എംപി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

01/05/2026

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ. ലോകത്തെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന മനുഷ്യര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയിൽ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്‍റെ ഉജ്ജ്വലമായ ഓര്‍മയാണ് മെയ്ദിനം.
നവലിബറല്‍ മൂലധനവും മതവംശീയതയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന വര്‍ഗങ്ങളുടെ ജീവിതാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെയ്ദിനം സന്ധിയില്ലാത്ത പോരാട്ടത്തിന്‍റെ സന്ദേശമാണ് പകരുന്നത്. തൊഴില്‍ നിയമങ്ങളെയും സേവന വേതന വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ട് നവലിബറല്‍ മൂലധനം അതിന്‍റെ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുകയും സര്‍വ്വ തൊഴില്‍ നിയമങ്ങളെയും മൂലധന ശക്തികള്‍ക്ക് അനുകൂലമായി മാറ്റിമറിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പിന്മടക്കമില്ലാത്ത പോരാട്ടത്തിൽ അണിനിരക്കാൻ ഈ മെയ്ദിനം
നമുക്ക് കരുത്ത് പകരും. ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address

EK Nayanar Smaraka Mandiram, Vizhinjam
Thiruvananthapuram
695521