04/26/2025
ചീമേനിയിൽ അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം തുടങ്ങി.
ആണവനിലയത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം.
_ ഡോ: സുരേന്ദ്ര ഗഡേക്കർ
ചീമേനി: ആണവനിലയത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ചെർണോബിൽ ദിനത്തിൽ ചീമേനിയിൽ അഖിലേന്ത്യാ ആണവിരുദ്ധ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ന്യൂക്ലിയർ ഫിസിസിസ്റ്റ് ഡോ: സുരേന്ദ്ര ഗഡേക്കർ പറഞ്ഞു.
1969 ലാണ് ഇന്ത്യയിൽ അദ്ധ്യത്തെ ആണവ നിലയം താരാപ്പൂരിൽ ആരംഭിക്കുന്നത്. ചെറുതും വലുതുമായ നിരവധി പ്ലാൻ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചീമേനിയിലെ ജനങ്ങൾ ഈ പ്ലാൻ്റുകൾ എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് പഠിക്കണം. രാജസ്ഥാനിൽ ആണവനിലയത്തിന് സമീപം ഞങ്ങൾ നടത്തിയ പഠനത്തിൽ ജനങ്ങൾ രോഗം പേറി ജീവിക്കുന്നതാണ് കണ്ടത്. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. അപകടമില്ലാത്ത അവസ്ഥയിലും ആണവനിലയങ്ങൾ സുരക്ഷിതമല്ല. ആണവനിലയങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണ് അതതുകാലത്തെ സർക്കാരുകൾ ചെയ്യുന്നത്. അതിൻ്റെ വെളിച്ചത്തിൽ എന്തുകൊണ്ട് ചീമേനിയിൽ ആണവനിലയം ആവശ്യമില്ല എന്ന് ജനങ്ങൾ പ്രഖ്യാപിക്കണം. സർക്കാർ ഒരിക്കലും ഈ പ്രശ്നങ്ങൾ ജനങ്ങളോട് പറയില്ല. ഇപ്പോഴും ആണവനിലയ അവശിഷ്ടങ്ങൾ എന്ത് ചെയ്യണം എന്ന് സർക്കാരിന് അറിയില്ല. പെരിങ്ങോം ആണവനിലയത്തെ ഇല്ലാതാക്കിയ സമരാനുഭവത്തിൽ നിന്നും ചീമേനിയിലെ ജനങ്ങൾ പാഠം പഠിക്കുകയും ആണവ നിലയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ആണവവിരുദ്ധ ജനജാഗ്രതാ സമിതി ചെയർമാൻ ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കൂടംകുളം സമരനായകൻ ഡോ: എസ്.പി.ഉദയകുമാർ ചെർണോബിൽ ആണവദുരന്തത്തെ അനുസ്മരിച്ച് സംസാരിച്ചു. കാലാവസ്ഥാ _ ഊർജ വിദഗ്ധൻ സൗമ്യ ദത്ത മുഖ്യഭാഷണം നടത്തി. ട്രാൻസിഷൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച രണ്ടാം ആണവ ദുസ്വപ്നം എന്ന പുസ്തകം ഡോ: സുരേന്ദ്ര ഗഡെക്കർ വി. കെ. രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഡോ : സ്മിത പി.കുമാർ പുസ്തകത്തിൻ്റെ ഉള്ളടക്കത്തക്കുറിച്ച് സംസാരിച്ചു. മീര സംഘമിത്ര, സി. ആർ.നീലകണ്ഠൻ, ഡോ: എ. കെ.രാമകൃഷ്ണൻ, ഗബ്രിയേൽ ദിത്രിച്ച്, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വൈശാലി പാട്ടീൽ, പ്രൊഫ: ശൈലേന്ദ്ര ബൂര, മുത്തുകൃഷ്ണൻ ചെന്നൈ, പി. എൻ.സനാതനൻ, വി. ടി. പത്മനാഭൻ, ഡോ: ശ്രീകുമാർ, ടി. പി. പദ്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.
ആണവവിരുദ്ധ ജനജാഗ്രതാ സമിതി കൺവീനർ കെ. എം.ദാമോദരൻ സ്വാഗതം പറഞ്ഞു. സുഭാഷ് ചീമേനി നന്ദി പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഡോ. സൗമ്യ ദത്ത,ഡോ.സാഗർ ധാര, ഡോ.എസ്.പി ഉദയകുമാർ, മുൻ കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറി ഇ.എ.എസ് ശർമ്മ, ഡോ.എം.വി രമണ, ഡോ: ശ്രീകുമാർ എന്നിവർ വിവിധ സെഷനുകളിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ചീമേനിയിലെ നിർദ്ദിഷ്ട ആണവനിലയ പദ്ധതി ഉപേക്ഷിക്കുക , ആണവ അപകടബാധ്യതാനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവർമെൻറ് ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവൺമെൻറ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക, കേരളത്തിൽ ആണവനിലയം സ്ഥാപിക്കില്ലെന്ന് സംസ്ഥാന ഗവൺമെൻറ് അസന്നിഗ്ധമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ചീമേനിയിൽ സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ഏപ്രിൽ 27 ന് വൈകുന്നേരം 5 മണിക്ക്ചീമേനി ടൗണിൽ പൊതുയോഗം നടക്കും. സ്വാഗത സംഘം ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിക്കും. ഡോ: സുരേന്ദ്ര ഗഡേക്കർ, സൗമ്യ ദത്ത, ആണവവിരുദ്ധ ജനജാഗ്രത സമിതി കൺവീനർ എൻ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും.
04/20/2025
ആശ വർക്കർമാരുടെ അതിജീവന സമരത്തിന് തൃശ്ശൂരിന്റെ ഐക്യദാർഢ്യം I 23 ഏപ്രിൽ 2025, ബുധൻ I തൃശ്ശൂർ
ഐക്യദാർഢ്യ റാലി @ 04PM | കേരള സാഹിത്യ അക്കാദമി മുതൽ തൃശ്ശൂർ കോർപ്പറേഷൻ വരെ
പൊതുസമ്മേളനം @ 05PM | തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന് മുൻവശം.
സുഹൃത്തുക്കളെ,
ചില സമരങ്ങൾ ഒരു ജനതയുടെ സമൂഹത്തിന്റെ നൈതിക വിവേകത്തിന്റെയും സംവേദന ക്ഷമതയുടെയും കലാപ സന്നദ്ധതയുടെയും മാപിനികളായി മാറാറുണ്ട്. രണ്ടു മാസങ്ങളിൽ ഏറെയായി, കേരള സെക്രട്ടറിയേറ്റിന്റെ മുന്നിൽ തുടരുന്ന ആശാവർക്കർമാരുടെ അതിജീവന സമരം അക്കൂട്ടത്തിൽ പെടുന്ന ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് തേടി നമ്മുടെയും ആശാവർക്കർമാരുടെയും മുന്നിലെത്തിയപ്പോൾ നൽകിയിരുന്ന വാഗ്ദാനമായിരുന്നു മിനിമം കൂലി 700 ആക്കും എന്നത്. ഭരണത്തിൽ നാലുവർഷം പിന്നിടുമ്പോഴും ആ വാഗ്ദാനം ഇടതുപക്ഷ ജനാധിപത്യമുന്നണിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. ആശാവർക്കർമാർക്ക് ഇപ്പോഴും ലഭിക്കുന്നത് വെറും 232 രൂപ മാത്രമാണ്. ഈ പരിസ്ഥിതിയിൽ ഇവരുടെ ജീവിതം നരക തുല്യമായിരിക്കും എന്ന് മനസ്സിലാക്കാൻ നാം ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടതേയുള്ളൂ. അത്ര ലളിതമാണ് സമരത്തിന്റെ സാമ്പത്തിക രാഷ്ട്രീയ യുക്തി. ഒരുപക്ഷേ അത്രയും ലളിതമായതു കൊണ്ടായിരിക്കുമോ എന്നറിയില്ല, കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്/ ഇടതുപക്ഷം എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന കൂട്ടർക്ക്, അവരുടെ ബൗദ്ധിക സാംസ്കാരിക കുടിയാന്മാർക്ക് ഇതു മനസ്സിലാവാതെ പോകുന്നത്.
ശരാശരി അംഗബലമുള്ള ഒരു കുടുംബത്തിന്റെ ദൈനംദിന നിലനിൽപ്പിനുപോലും തികയാത്തത്ര ചെറു സംഖ്യയാണ് 232 രൂപ എന്ന് തിരിച്ചറിയാൻ മാർക്സിന്റെ മൂലധനമോ, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ വായിക്കേണ്ടതില്ലല്ലോ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രിക ഒന്നു മറച്ചു നോക്കിയാൽ മതി. കൂടെ അല്പം സ്നേഹവും സഹജീവികളോട് സഹാനുഭൂതിയുമുള്ള ഒരു മനസ്സും ഉണ്ടായാൽ പരിഹരിക്കാവുന്നതാണ് ആശ വർക്കർമാരുടെ സമരം. കക്ഷി രാഷ്ട്രീയത്തിന്റെയോ മറ്റേതെങ്കിലും വിധത്തിലുള്ള സങ്കുചിത താല്പര്യങ്ങളോ ബാധിക്കാത്ത ആശാവർക്കർമാരുടെ സമരത്തിന്റെ ലാളിത്യവും ധാർമിക സ്ഥൈര്യവുമാണ് ഈ സമരത്തെ വേറിട്ട ഒന്നായി മാറ്റുന്നത്. ആശാ വർക്കർക്കാരുടെ അതിജീവന സമരം ശക്തമായിരിക്കുന്ന ഈ അവസരത്തിൽ തൃശ്ശൂരിലെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളിലെ പ്രധാന വ്യക്തിത്വങ്ങളെയും സംഘടനകളെയും ഉൾച്ചേർത്തുകൊണ്ട് ഒരു ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. അതുകൊണ്ടു തന്നെ തൃശ്ശൂരിൽ ഈ വരുന്ന ഏപ്രിൽ 23 നു ബുധനാഴ്ച വൈകീട്ട് 04 മണിക്ക് ഐക്യദാർഢ്യ റാലിയും 05 മണിക്ക് തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻപിൽ പൊതുസമ്മേളനവും സംഘടിപ്പിക്കപ്പെടുകയാണ്.
കെ സച്ചിദാനന്ദൻ, കെ കെ രമ, സാറാ ജോസഫ്, വി ടി ബൽറാം, കെ അരവിന്ദാക്ഷൻ, റഫീക് അഹമ്മദ്, എം പി സുരേന്ദ്രൻ, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര, ടി എൽ സന്തോഷ്, റോസി തമ്പി, കെ സഹദേവൻ, അൻവർ അലി, വിനോദ് ചന്ദ്രൻ, കെ ഗോപിനാഥൻ, പി ജെ മോൻസി, കെ ശിവരാമൻ, നെജു ഇസ്മയിൽ, പി എൻ പ്രൊവിൻ്റ്, സോയ ജോസഫ്, സുജ ആൻ്റണി, വി സുധീപ്, ഫാ ദേവസ്സി പന്തല്ലൂക്കാരൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കും. മുഴുവൻ ജനാധിപത്യ വിശ്വാസികളായ മനുഷ്യരും ആശാ വർക്കർമാരുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി തൃശ്ശൂരിൽ എത്തിച്ചേരണമെന്നും ഐക്യദാർഢ്യ റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുക്കണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ...
*ജനകീയ കൂട്ടായ്മ പ്രവർത്തകർ*
തൃശൂർ
*കൂടുതൽ വിവരങ്ങൾക്ക്*
9447308582 | 9809477058
02/28/2025
NAPM National Alliance of Peoples Movements- Keralam TEAM @ NATIONAL CONVENTION VENUE, NAMPALLI, HYDERABAD
ZINDAABAAD....
02/27/2025
ആശാ വർക്കേഴ്സിൻ്റെ ജീവിത സമരത്തിന് ഐക്യദാർഢ്യം
മാർച്ച് 01, ശനി വൈകീട്ട് 06 മണിക്ക് അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന തൃശൂർ റീജിണൽ തിയറ്ററിന് മുന്നിൽ...
താങ്കളും സുഹൃത്തുക്കളും പങ്കെടുക്കുമല്ലോ
മനുഷ്യാവകാശ കൂട്ടായ്മ
തൃശൂർ
02/21/2025
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം | സംസ്ഥാന കൺവെൻഷൻ 2025 | ഫെബ്രുവരി 23, ഞായറാഴ്ച രാവിലെ 10AM | @ ഫാത്തിമ ഓഡിറ്റോറിയം, SN പുരം, ആലുവ
നോട്ടീസ്
സുഹൃത്തേ,
സ്വതന്ത്ര ഇന്ത്യ പിന്തുടർന്നു വന്നിരുന്ന സാമൂഹിക - സാമ്പത്തിക നയസമീപനങ്ങളിൽ സമൂലമായ മാറ്റം വരികയും ആഗോളവത്കരണത്തിൻ്റെ പാതയിൽ രാജ്യം സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് സാമൂഹികവും സാമ്പത്തികവുമായ നീതി മനുഷ്യാവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം(NAPM) രൂപീകരിക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലുമുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുന്നവരുടെ കൂട്ടായ്മയായി ആരംഭിച്ച NAPM പ്രവർത്തനമാരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ വ്യാവസായിക വിപ്ലവത്തിൻ്റെ തുടർച്ചയായി വളർന്നു വന്ന ആധുനിക നാഗരികതയുടെ വികസന സങ്കൽപ്പങ്ങളാണ് ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പിന്തുടരുന്നത്. അതിൽ ക്യാപ്പിറ്റലിസമെന്നോ, കമ്യൂണിസമെന്നോ, ലിബറലിസമെന്നോ, തിയോക്രാറ്റിക് എന്നോ ഉള്ള വ്യത്യാസമില്ല. നാം അഭിമുഖീകരിക്കുന്നത് ആധുനിക നാഗരികതയുടെ അനിവാര്യമായ ദൂഷ്യവശങ്ങളാണെന്നും മുഴുവൻ മനുഷ്യരാശിയുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പും വളർച്ചയും പരിഗണിക്കപ്പെടുന്ന ഒരു പുതിയ നാഗരികതയ്ക്കു മാത്രമേ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള തിരിച്ചറിവാണ് NAPM മുന്നോട്ടുവെക്കുന്നത്. ഗാന്ധി, മാർക്സ്, അംബേദ്കർ, ലോഹ്യ, ജെ പി തുടങ്ങിയ രാഷ്ട്രീയ ദാർശനികരുടെയും ബസവൻ, മഹാത്മാ ഫൂലേ, നാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരുടേയും ചിന്തകളിൽ നിന്ന് ആവശ്യമായ ഊർജ്ജം സ്വീകരിച്ചാണ് NAPM പ്രവർത്തിച്ചു വരുന്നത്.
നമ്മുടെ രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധി ബഹുസ്വരതയെ അംഗീകരിക്കാത്ത ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്ത രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയ്യാളുന്നത് എന്നതുകൂടിയാണ്. അവർ അധികാരത്തിലെത്തുന്നതിന് ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും അധികാരത്തിലെത്തിയാൽ ജനാധിപത്യമൂല്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കോർപ്പറേറ്റുകളുടെ സാമ്പത്തിക താത്പര്യങ്ങൾക്കനുസൃതമായ വികസന പദ്ധതികൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൻ്റേയും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാറിൻ്റെയും സ്വപ്ന പദ്ധതികളായി മാറുന്നുവെന്ന സാഹചര്യം നമ്മുടെ സ്വാതന്ത്ര്യം എത്രമാത്രം അപകടത്തിലാണെന്നതിന് സാക്ഷ്യമാണ്. ഉദാഹരണത്തിന് മോദിയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും പിണറായിയുടെ സിൽവർ ലൈൻ പദ്ധതിയും എടുക്കാം. രണ്ടിന് പിറകിലും ഒരേ സാമ്പത്തിക ഏജൻസിയും സാങ്കേതിക സഹായികളുമാണ്. ഇവയുടെ DPR കൾ തമ്മിലുള്ള സാമ്യം അത്ഭുതാവഹമാണ്. വലിയ തമാശ മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ പിണറായിയുടെ പാർട്ടിയും പിണറായിയുടെ കെ റെയിൽ പദ്ധതിയെ മോദിയുടെ പാർട്ടിയും എതിർക്കുന്നുവെന്നതാണ്. ആണവനിലയങ്ങളുടെ കാര്യത്തിലും ഇതേ വൈരുദ്ധ്യം കാണാം. വിസ്താര ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല.
സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മതസാഹോദര്യം, സാമൂഹിക നീതി, ലിംഗനീതി, ഫെഡറലിസം തുടങ്ങിയ മഹത്തായ ആശയങ്ങൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ മൂല്യങ്ങളിലും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലും പ്രകൃതി സൗഹൃദമായ വികസന കാഴ്ചപ്പാടിലും ഉറച്ചു വിശ്വസിക്കുന്നവരുടെ ഒരു ഐക്യവേദി രൂപപ്പെടേണ്ടതുണ്ട്. ബഹുസ്വരതയാണ് ജനാധിപത്യം എന്ന് അംഗീകരിക്കുന്ന വ്യക്തികളേയും വ്യത്യസ്ത സംഘടനകളേയും ഒരുമിച്ചു നിർത്തുന്ന ഒരു Umbrella Organisation എന്ന നിലയിൽ NAPM ൽ നമുക്ക് ഒരുമിച്ച് അണിനിരക്കാം.
NAPM ൻ്റെ ദേശീയ സമ്മേളനം 2025 മാർച്ച് 1 മുതൽ 4 വരെ ഹൈദരാബാദിൽ വെച്ച് നടക്കുകയാണ്. കേരളമടക്കം ഇന്ത്യയാകെ നടക്കുന്ന ജനകീയ സമര സംഘടനകളുടെയും നവ നിർമ്മാണ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രതിനിധികൾ അവിടെ സമ്മേളിച്ച് ദേശീയ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഇതിൻ്റെ മുന്നോടിയായി കേരള NAPM ന്റെ സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 23ന് ആലുവയിൽ വെച്ചു നടക്കുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ നടന്ന എല്ലാ പ്രധാനപ്പെട്ട പോരാട്ടങ്ങളിലും NAPM ൻ്റെ സജീവ പങ്കാളിത്തമുണ്ടായിട്ടുണ്ട്. മേധാ പട്കർ അടക്കമുള്ള NAPM ൻ്റെ ദേശീയ നേതാക്കൾ ഈ സമരങ്ങളിൽ നേരിട്ട് എത്തിയിട്ടുമുണ്ട്. അതു കൊണ്ടു തന്നെ പ്രസ്ഥാനത്തിൻ്റെ ഭാവി പ്രവർത്തനങ്ങളിൽ ഭാഗവാക്കാവാനുള്ള ഈ അവസരം കേരളത്തിലെ ജനകീയ സമര പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരസംഘടനകളുടെ പ്രതിനിധികളും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
2025 ഫെബ്രുവരി 23 ഞായറാഴ്ച, രാവിലെ 10AM ന് ആലുവ SN പുരം ഫാത്തിമ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഭാവി കാര്യങ്ങൾ നമുക്ക് കൂട്ടായി ആലോചിക്കാം. പ്രസ്തുത സമ്മേളനത്തിലും നിങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയായോ / വ്യക്തി എന്ന നിലയിലോ താങ്കളുടെ പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹാഭിവാദ്യങ്ങളോടെ
അഭിവാദ്യങ്ങളോടെ...
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു വേണ്ടി...
ശരത് ചേലൂർ
സംസ്ഥാന കോർഡിനേറ്റർ
അഡ്വ. സി ആർ നീലകണ്ഠൻ
ദേശീയ കൺവീനർ
സംസ്ഥാന കൺവീനർമാർ
എസ് പി രവി | വിജയരാഘവൻ ചേലിയ | വിളയോടി വേണുഗോപാൽ | സണ്ണി പൈകട | കുസുമം ജോസഫ് | വിനോദ് കോശി | ജോർജ്ജ് ജേക്കബ് | ജോൺ പെരുവന്താനം | അഡ്വ. അനീഷ് ലൂക്കോസ് | ലൈല റഷീദ് | അഡ്വ. ജോർജ്ജ്കുട്ടി കടപ്ലാക്കൽ | ജിയോ ജോസ് | വി ഡി മജീന്ദ്രൻ.
കൂടുതൽ വിവരങ്ങൾക്ക്
9809477058 | 9446496332
06/19/2024
നർമ്മദയിലെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം | സംസ്ഥാനതല ആലോചനായോഗം | നാളെ, 20 ജൂൺ 2024, വൈകിട്ട് 7:00 മണിക്ക് | ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ.
സുഹൃത്തുക്കളെ,
നർമ്മദ ബച്ചാവോ ആന്തോളൻ സമര നേതാക്കൾ മേധാ പട്കറുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂൺ 15 മുതൽ നർമ്മദയിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. നർമ്മദയിൽ സർദാർ സരോവർ അണക്കെട്ടുമായി ബന്ധപ്പെട്ട ദുരിതങ്ങളിൽ ജീവനവും ജീവസന്ധാരണവും നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും പുനരധിവാസം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് അവർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലയിൽ പ്രവർത്തിക്കുന്നവരും വിവിധ സംഘടന പ്രതിനിധികളും നർമ്മദയിലെ ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നർമ്മദയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം അവരവരുടെ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള ഐക്യദാർഢ്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ ഭാഗം എന്ന നിലയിലും വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇടപെട്ടുകൊണ്ടിരിക്കുന്ന ആളുകൾ/ സംഘടനകൾ എന്ന നിലയിലും നർമ്മദയിലെ ഐതിഹാസികമായ സമരത്തിനു സമുചിതമായ രീതിയിൽ കേരളത്തിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളുടെ സഹകരണത്തോടെ ഒരു സംസ്ഥാനതല ഐക്യദാർഢ്യ പരിപാടി നമ്മൾ സംഘടിപ്പിക്കേണ്ടതുണ്ട്
ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനും കൃത്യമായ ഒരു പരിപാടി ആസൂത്രണം ചെയ്യുന്നതിനുമായി നാളെ, 20 ജൂൺ 2024, വൈകിട്ട് 07 മണിക്ക് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്ന വിവരം അറിയിക്കട്ടെ. നേരത്തെ പറഞ്ഞത് പോലെ തന്നെ ഓരോ ജില്ലയിലെയും സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നമുക്ക് ഈ ആലോചനയിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട്. അതുകൊണ്ട് അവരെയും ഈ ആലോചനാ യോഗത്തിലേക്ക് ക്ഷണിക്കണം എന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.
ഗൂഗിൾ മീറ്റ് ലിങ്ക്
meet.google.com/oaq-ayiy-hmg
നാളെ 07 മണിക്ക് നടക്കുന്ന യോഗത്തിൽ കൃത്യ സമയത്തു തന്നെ പങ്കെടുക്കുമല്ലോ.
അഭിവാദ്യങ്ങളോടെ...
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു വേണ്ടി...
ശരത് ചേലൂർ
സംസ്ഥാന കോർഡിനേറ്റർ
അഡ്വ. സി ആർ നീലകണ്ഠൻ
ദേശീയ കൺവീനർ
സംസ്ഥാന കൺവീനർമാർ
എസ് പി രവി | വിജയരാഘവൻ ചേലിയ | വിളയോടി വേണുഗോപാൽ | സണ്ണി പൈകട | കുസുമം ജോസഫ് | വിനോദ് കോശി | ജോർജ്ജ് ജേക്കബ് | ജോൺ പെരുവന്താനം | അഡ്വ. അനീഷ് ലൂക്കോസ് | ലൈല റഷീദ് | അഡ്വ. ജോർജ്ജ്കുട്ടി കടപ്ലാക്കൽ | ജിയോ ജോസ് | വി ഡി മജീന്ദ്രൻ.
കൂടുതൽ വിവരങ്ങൾക്ക്
9809477058 | 9446496332
11/18/2023
നവം 25, 26 തിയ്യതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരളാ സോഷ്യൽ ഫോറത്തിൽ പ്രഭാഷണങ്ങളുടെയും ചർച്ചകളുടെയും ഭാഗമാകാൻ എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവം ക്ഷണിക്കുന്നു..