11/09/2025
റയാന്റെ കിണർ എന്ന് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം അമേരിക്കക്കാരനായ റയാൻ എന്ന ആറുവയസുകാരൻ ലോകത്തിന് നൽകിയ മാതൃകയുടെ കഥ ഒരു രാജ്യത്തിന് മുഴുവൻ കുടിനീരായി മാറിയ കുട്ടിയുടെ കഥ. മനുഷ്യന്റെ സ്വപ്നങ്ങളുടെ ശക്തി…
പതിവുപോലെ വൈകീട്ട് സ്കൂള്‍ വിട്ട് വന്ന ആറു വയസ്സുകാരനായ റയാന്‍ അന്ന് അമ്മയോട് ചോദിച്ചു.
"എനിക്കൊരു എഴുപത് ഡോളര്‍ തരുമോ?"
തന്‍റെ മകന്‍ ചോദിച്ച ചോദ്യം കേട്ട് സൂസന്‍ അമ്പരന്നു പോയി. അഞ്ചോ പത്തോ സെന്‍റ് സൂസന്‍ ഇടയ്ക്ക് അവന് കൊടുക്കാറുണ്ട്, പക്ഷെ എഴുപത് ഡോളറിന്‍റെ ഒരാവശ്യം, അതെന്തായിരിക്കും?
"നിനക്കെന്തിനാ എഴുപത് ഡോളര്‍?" ആശ്ചര്യത്തോടെ സൂസന്‍ ചോദിച്ചു. ആദ്യം റയാന്‍ അതിന് മറുപടി ഒന്നും പറഞ്ഞില്ല, അവസാനം അമ്മയുടെ നിര്‍ഭന്ധത്തില്‍ കുഞ്ഞു റയാന്‍ അവന്‍റെ ആവശ്യം തുറന്നു പറഞ്ഞു.
"ഒരു കിണര്‍ കുഴിക്കാന്‍...."
കാനഡയിലെ ഒട്ടാവയ്ക്ക് അടുത്തുള്ള ഒരു കൊച്ചു ടൌണിലാണ് റയാന്‍റെ വീട്.
1998, ജനുവരിയിലെ ഒരു ദിവസം. റയാന്‍റെ ടീച്ചറായ മിസ്സിസ് പ്രെസ്റ്റ്, കുട്ടികള്‍ക്ക് ശുദ്ധിയുള്ള ജലം മാത്രം കുടിക്കേണ്ടതിന്‍റെ പ്രാധാന്യവും, മലിന ജലം എപ്രകാരം രോഗങ്ങള്‍ പരത്തും എന്നതിനെക്കുറിച്ചും ഒക്കെ പറഞ്ഞു കൊടുക്കുകയായിരുന്നു. അതിനിടയില്‍ അവര്‍ ഒന്നുകൂടെ പറഞ്ഞു, ശുദ്ധജലം ലോകത്തിന്‍റെ പലയിടത്തും ഒരു കിട്ടാക്കനി മാത്രമാണെന്നും, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ മലിനജലമെങ്കിലും കിട്ടാന്‍വേണ്ടി മണിക്കൂറുകള്‍ നടക്കാറുണ്ടെന്നും എന്ന കാര്യം.
കുടിവെള്ളത്തിന്‍റെ ദൌര്‍ലഭ്യവും, മലിനജലം പരത്തുന്ന രോഗങ്ങളും കാരണം ഏറ്റവും കൂടുതല്‍ മരിക്കുന്നത് കുട്ടികളാണെന്ന സത്യമറിഞ്ഞ കുഞ്ഞു റയാന്‍ ചിന്തിച്ചു, തനിക്ക് കുടിക്കാനുള്ള വെള്ളം കിട്ടാന്‍ ഇവിടന്ന് വെറും പത്തടി മാത്രം വച്ചാല്‍ മതി. അതും നല്ല ശുദ്ധമായ കുടിവെള്ളം. ആ നിമിഷംവരെ ലോകത്തുള്ള എല്ലാവരും തന്നെപ്പോലെയാണ് ജീവിച്ചിരുന്നതെന്ന് കരുതിയിരുന്ന റയാന്‍റെ മനസ്സിന് ആ സത്യം താങ്ങാനായില്ല.
'കിണറുകള്‍ കുഴിച്ചും, കനാലുകള്‍ നിര്‍മ്മിച്ചും അവിടേക്ക് വെള്ളമെത്തിക്കാന്‍ ചില സംഘടനകളും, രാജ്യങ്ങളും, വ്യക്തികളും ഒക്കെ ശ്രമിക്കാറുണ്ട്, നമുക്കും വേണമെങ്കില്‍ അതിലൊക്കെ പങ്കാളിയാകാം' എന്ന് കൂടെ കേട്ടപ്പോള്‍ റയാന്‍ ടീച്ചറോട് ചോദിച്ചു; "ഒരു കിണര്‍ കുഴിക്കാന്‍ എത്ര ഡോളര്‍ ആകും?". തന്‍റെ പരിമിതമായ അറിവ് വച്ച് ടീച്ചര്‍ പറഞ്ഞു, "എഴുപത് ഡോളര്‍!". ഒരു ഒന്നാം ക്ലാസ്സുകാരനെ സംഭന്ധിച്ചിടത്തോളം എഴുപത് ഡോളര്‍ ഒരു വലിയ തുകയാണ്. ഒരു മിഡില്‍ക്ലാസ് കുടുംബമായത് കൊണ്ട് സൂസനും, മകനുവേണ്ടി എഴുപത് ഡോളര്‍ പെട്ടെന്ന് കൊടുക്കാനാകില്ല. ഒറ്റയടിക്ക് എഴുപത് ഡോളര്‍ കൊടുത്താല്‍ അതവരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കും. പക്ഷെ സൂസന്‍ അവനൊരു ഓഫര്‍ കൊടുത്തു, റയാന്‍ ആ വീട്ടില്‍ ചെയ്യുന്ന കൊച്ചു കൊച്ചു പണികള്‍ക്കൊക്കെ സൂസന്‍ തക്കതായ പ്രതിഫലം നല്‍കും, അങ്ങിനെ എഴുപത് ഡോളര്‍ റയാന് സ്വന്തമായി സമ്പാദിക്കാം. സന്തോഷത്തോടെ റയാനും അത് സമ്മതിച്ചു.
കുറച്ചു കഴിയുമ്പോള്‍ റയാന്‍റെ ചൂടൊക്കെ തണുക്കും എന്നാണ് സൂസന്‍ കരുതിയിരുന്നത്. പക്ഷെ അവന്‍റെ ആവേശം സൂസനെയും, അച്ഛന്‍ മാര്‍ക്കിനെയും ശരിക്കും ഞെട്ടിച്ചു. റയാന്‍ ജനലുകളും വാതിലുകളും ക്ലീന്‍ ചെയ്തു, പാത്രങ്ങള്‍ കഴുകി, വാക്വം ക്ലീനര്‍ വച്ച് മുറികളെല്ലാം വൃത്തിയാക്കി, അലക്കിയ വസ്ത്രങ്ങള്‍ കൃത്യമായി അടുക്കി വച്ചു. അങ്ങിനെ ചെയ്യാന്‍ പറ്റുന്ന ജോലികളെല്ലാം ചെയ്ത്, സൂസന്‍ കൊടുക്കുന്ന 'കൂലി' ഒരു കുക്കീ ടിന്നില്‍ അടച്ച് വച്ച് അവന്‍ കാത്തിരുന്നു, എഴുപത് ഡോളര്‍ ആകാനായി. എഴുപത് ഡോളര്‍ തികയ്ക്കാന്‍ റയാന് ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.
അങ്ങിനെ ആ ദിവസം വന്നെത്തി, ടിന്നില്‍ എഴുപത് ഡോളറും ഏതാനും സെന്‍റ്റും ആകെ സമ്പാദ്യം. സൂസന്‍റെ കൈപിടിച്ച് റയാന്‍ കനേഡിയന്‍ ചാരിറ്റി സ്ഥാപനമായ വാട്ടര്‍കാനിന്‍റെ പടികള്‍ നടന്നു കയറി. ലോകമെമ്പാടുമുള്ള ദരിദ്രര്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ പ്രയത്നിക്കുന്ന സ്ഥാപനമാണ് WaterCan. തിരക്കിട്ട് ഓടി നടക്കുന്ന വാട്ടര്‍കാന്‍ ഒഫീഷ്യല്‍സിനോട് പെട്ടെന്ന് കാര്യം അവതരിപ്പിക്കാന്‍ സൂസന് ആയില്ല, അവര്‍ക്ക് തിരക്ക് കഴിയുന്നവരെ അവിടെ കാത്തിരിക്കേണ്ടി വന്നു. ആ സമയത്താണ് റയാന്‍ അവിടെ നിറഞ്ഞുകിടക്കുന്ന വേസ്റ്റ്ബാസ്ക്കറ്റ് കണ്ടത്. രണ്ടാമത് ആലോചിച്ചില്ല, റയാന്‍ ഉടനെ അതെടുത്ത് പുറത്ത് കൊണ്ടുപോയി കളഞ്ഞു. വീട്ടില്‍ അവന്‍ സ്ഥിരം ചെയ്യുന്ന സംഭവമല്ലേ. വാട്ടര്‍കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിക്കോള്‍ ബോസ്ലി ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ റയാനെയും സൂസനെയും ഓഫീസിലേക്ക് കൊണ്ടുപോയി സംസാരിച്ചു. റയാന്‍റെ കഥകേട്ട നിക്കോള്‍ അപ്പോള്‍ത്തന്നെ ഒരു ചെറിയ തുക വേസ്റ്റ് കളഞ്ഞ വകയില്‍ റയാന് കൈമാറി. പക്ഷെ ഒരു പ്രശ്നമുണ്ട്, ഒരു വലിയ പ്രശ്നം. റയാന്‍റെ കയ്യിലുള്ള തുക കൊണ്ട് ഒരു കിണര്‍ ഒരിക്കലും കുഴിക്കാനാകില്ല. കിണറ്റില്‍ ഫിറ്റ് ചെയ്യാനുള്ള ചാമ്പ് പൈപ്പിനുള്ള തുക മാത്രമാണ് എഴുപത് ഡോളര്‍, ഒരു കിണര്‍ കുഴിക്കാനുള്ള ചിലവ് രണ്ടായിരം ഡോളറാണ്.
പക്ഷെ അത് കേട്ട് റയാന്‍ തളര്‍ന്നില്ല. അവന്‍ പറഞ്ഞു "രണ്ടായിരം ഡോളറല്ലേ, അത് ഞാനുണ്ടാക്കും". അതില്‍ അവനൊരു സന്തോഷവാര്‍ത്ത കൂടി ഉണ്ടായിരുന്നു. ആ കിണറിനായി റയാന്‍ പിരിക്കേണ്ട പണത്തിന്‍റെ ഇരട്ടിയിലധികം ഭാഗം Canadian International Development Agency വാട്ടര്‍കാന് നല്‍കും. കണക്ക് പ്രകാരം റയാന്‍ ഇനി എഴുന്നൂറ് ഡോളര്‍ മാത്രം ഉണ്ടാക്കിയാല്‍മ്മതി. പക്ഷെ അപ്പോഴും കയ്യിലുള്ളതിന്‍റെ പത്തിരട്ടി കൂടി ഇനി റയാന് ഉണ്ടാക്കേണ്ടതുണ്ട്.
ഇത്തവണ റയാന്‍ തന്‍റെ മേഖല വീടിനുള്ളില്‍ മാത്രമായി ഒതുക്കിയില്ല. തന്‍റെ ബന്ധുക്കളോടും, സുഹൃത്തുക്കളോടും, അവരുടെ കുടുംബങ്ങളോടും ഒക്കെ അവന്‍ സഹായം ചോദിച്ചു. നല്ല രീതിയില്‍ത്തന്നെ സ്കൂളിലുള്ള ടീച്ചര്‍മ്മാരും, വിദ്യാര്‍ഥികളും ഒപ്പം അയല്‍ക്കാരും വരെ സഹായിച്ചു. അങ്ങിനെ അധികം വൈകാതെ അവന്‍ എഴുന്നൂറ് ഡോളറുമായി വീണ്ടും വാട്ടര്‍കാനിന്‍റെ ഓഫീസിലെത്തി ചോദിച്ചു "അവര്‍ക്ക് എപ്പോള്‍ വെള്ളം കൊടുക്കാന്‍ പറ്റും?"
ഇത്തവണ നിക്കോള്‍ അവന് മറ്റൊരാളെ കൂടി പരിചയപ്പെടുത്തി കൊടുത്തു. ഉഗാണ്ടയിലെ Canadian Physicians for Aid and Relief ഡയറക്ടറായ Gizaw Shibruവിനെ. ഷിബ്രുവാണ് ആ മേഖലയിലെ കിണറുകളുടെ നിര്‍മ്മാണവും മേല്‍നോട്ടവും ഒക്കെ നോക്കി നടത്തുന്നത്. ഷിബ്രു റയാനോട് ചോദിച്ചു,
"ആഫ്രിക്കയില്‍ എവിടെയാണ് നിനക്ക് നിന്‍റെ കിണര്‍ പണിയേണ്ടത്?"
"ഒരു സ്കൂളിന്‍റെ അരികെ" ആ ഒരു കണ്ടീഷന്‍ മാത്രമാണ് റയാന് ഉണ്ടായിരുന്നത്.
അങ്ങിനെ അവര്‍ രണ്ടുപേരും കൂടെ മാപ്പില്‍ ഒരു സ്ഥലം കണ്ടെത്തി, നോര്‍ത്ത് ഉഗാണ്ടയിലുള്ള അങ്കോളോ എന്ന ഗ്രാമം. വര്‍ഷങ്ങള്‍ നീണ്ട ക്ഷാമങ്ങളും, കലാപങ്ങളും പോരാഞ്ഞിട്ട് എയിഡ്സും, ടൈഫോയിടും ഒക്കെ നടമാടിയ ഗ്രാമമാണ് അങ്കോളോ. അഞ്ചില്‍ ഒരു കുഞ്ഞ് അഞ്ച് വയസ്സ് തികയും മുന്‍പേ മരിക്കുന്ന സ്ഥലം, ദിവസവും അവിടത്തെ ഗ്രാമവാസികള്‍ കുടിക്കാന്‍ വെള്ളമെടുക്കാന്‍ പോകുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. തന്‍റെ കിണര്‍ അവിടത്തെ സ്കൂളിനടുത്ത് തന്നെ വേണമെന്ന് റയാന്‍ തീരുമാനിച്ചു. പക്ഷെ അപ്പോഴും ഒരു പ്രശ്നമുണ്ട്; അത്ര പെട്ടെന്നൊന്നും അവിടുള്ളവര്‍ക്ക് വെള്ളം കിട്ടില്ല. കാരണം യന്ത്രങ്ങള്‍ ഒന്നുമില്ലാതെ കൈകള്‍ കൊണ്ട് കുഴിച്ചു വേണം കിണര്‍ ഉണ്ടാക്കാന്‍, അവിടത്തെ അവസ്ഥയില്‍ അങ്ങിനെ കുഴിച്ച് വെള്ളം കാണാന്‍ ഒരുപാട് സമയമെടുക്കും.
"പെട്ടെന്ന് വെള്ളം കിട്ടാന്‍ വല്ല വഴിയുമുണ്ടോ?" റയാന്‍റെ മനസ്സില്‍ അപ്പോഴും അവര്‍ക്ക് എങ്ങിനെയെങ്കിലും വെള്ളം കൊടുക്കണം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഷിബ്രു: "പെട്ടെന്ന് കുഴിച്ച് വെള്ളമെത്തിക്കുന്ന മഷീനുകള്‍ ഒക്കെയുണ്ട്, പക്ഷെ അതിനൊക്കെ വലിയ ചിലവാകും!"
റയാന്‍: "എന്ത് ചിലവാകും?"
ഷിബ്രു: "ഒരു ഇരുപത്തയ്യായിരം ഡോളര്‍"
റയാന്റെ മറുപടി പെട്ടന്നായിരുന്നു : "ആ പണവും ഞാനുണ്ടാക്കും, എത്രയും പെട്ടെന്ന് അവര്‍ക്ക് വെള്ളമെത്തിക്കണം...."
ഷിബ്രുവിന് ആറു വയസ്സുകാരനായ ആ ബാലന്‍റെ വാക്കുകളെ പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. അപ്പോഴേക്കും റയാന്‍റെ മനസ്സില്‍ പുതിയൊരു ലക്ഷ്യം ഉയര്‍ന്നു വന്നിരുന്നു; 'ആഫ്രിക്കയിലുള്ള എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കണം. അതിനായി ഒന്നല്ല, ഒരുപാട് കിണറുകള്‍ കുഴിക്കണം'. അത് കേട്ട സൂസനും ആവേശമായി, അവര്‍ രണ്ടുപേരും ഒരുമിച്ച് ആ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി. അപ്പോഴേക്കും റയാന്‍റെ കഥ മാധ്യമശ്രദ്ധ നേടിയിരുന്നു. പ്രമുഖ പത്രമായ The Ottawa Citizen, റയാനെക്കുറിച്ച് ഒരു മുഴുനീള ആര്‍ട്ടിക്കിള്‍ എഴുതി. പത്രത്തിലൂടെ സംഭവമറിഞ്ഞ ചില ടീവി സ്റ്റെഷനുകള്‍ ഫോളോഅപ്പ് നടത്തി. എല്ലാവരോടും റയാന് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രമായിരുന്നു, 'നമുക്ക് അവരെ സഹായിക്കാന്‍ പറ്റും'. പതുക്കെ റയാന്‍റെ വീട്ടിലേക്ക് ചെക്കുകള്‍ വരാന്‍ തുടങ്ങി. സ്കൂളിലും, അവന്‍റെ ടീച്ചര്‍ ഒരു വലിയ വാട്ടര്‍കാന്‍ വച്ച് അതില്‍ സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. സംഭവമറിഞ്ഞ ഒരുപാടു പേര്‍, ചില പ്രമുഖര്‍ അടക്കം സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. അങ്ങിനെ അല്പം വൈകിയെങ്കിലും റയാന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി, അങ്കോളോ പ്രൈമറി സ്കൂളിനടുത്ത് റയാന്‍റെ കിണര്‍ ഉയര്‍ന്നു വന്നു. അപ്പോഴേക്കും റയാന്‍ കിണര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
ഇതിനിടെ റയാന്‍റെ ടീച്ചര്‍ അങ്കോളോ സ്കൂളിലെ കുട്ടികളും, റയാന്‍റെ ക്ലാസ്സിലെ കുട്ടികളും തമ്മില്‍ കത്തുകളിലൂടെ സൗഹൃദം വളര്‍ത്താന്‍ മുന്‍കൈ എടുത്തിരുന്നു. അങ്ങിനെ റയാന് കിട്ടിയ സുഹൃത്താണ് അകാന ജിമ്മി. ” അങ്കോളയുടെ കൊടിയ ദാരിദ്ര്യത്തിന്റെ ഒരു പ്രതീകം
ഒരു അയല്‍വാസിയും, വാട്ടര്‍കാനും, The Ottawa Citizen പത്രവും ചേര്‍ന്ന് സഹായിച്ച് റയാനെയും, സൂസനെയും, മാര്‍ക്കിനെയും 2000, ജൂലൈയില്‍ത്തന്നെ ഉഗാണ്ടയില്‍ എത്തിച്ചു. അവിടെ അവരെ സ്വീകരിക്കാന്‍ ഷിബ്രുവുണ്ടായിരുന്നു. തന്‍റെ കിണറും, സുഹൃത്തിനെയും ഒക്കെ കണ്ടിട്ട് തിരികെ പോകാമെന്ന് കരുതി വന്ന റയാന്‍ പക്ഷെ അവിടത്തെ വരവേല്‍പ്പ് കണ്ട് ഞെട്ടിപ്പോയി. സ്കൂളിലേക്കുള്ള വഴിയില്‍ അയ്യായിരത്തോളം കുട്ടികളാണ് റയാനെ കാണാന്‍ ഇരുവശത്തും കാത്തു നിന്നത്. എല്ലാവരും 'റയാന്‍ റയാന്‍' എന്ന് വിളിച്ച് അവനെ കൈവീശിക്കാണിച്ചു. ഇത് കണ്ട് ആശ്ചര്യത്തോടെ റയാന്‍ പറഞ്ഞു "അവര്‍ക്കെന്‍റെ പേരറിയാം..........."
ഷിബ്രു അത് കേട്ട് ചിരിച്ചുപോയി.
"ഈ നൂറു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്‍ക്കും നിന്‍റെ പേരറിയാം.."
സ്കൂളില്‍ അവനെ ആനയിക്കാനായി അകാന ജിമ്മി മുന്നിലുണ്ടായിരുന്നു. ജിമ്മി, റയാന്‍റെ കൈപിടിച്ച് അവന്‍റെ കിണറിന്‍റെ അരികിലേക്ക് കൊണ്ടുപോയി. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്‍റെ അരികിലായിരുന്നു ആ കിണര്‍. റയാന്‍ കണ്ണ് നിറച്ച് കണ്ടു, തന്‍റെ സ്വപ്നം. സൂസന്‍റെയും മാര്‍ക്കിന്‍റെയും കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞു. 'റയാന്‍റെ കിണര്‍' എന്ന് തന്നെയായിരുന്നു അവര്‍ അതിനെ വിളിച്ചിരുന്നത്, ആ ഗ്രാമത്തിന്‍റെ മുഖച്ചായ തന്നെ മാറ്റിയ ആ കിണറില്‍ ഇപ്രകാരം എഴുതിയിരുന്നു ‘Ryan’s Well, formed by Ryan Hreljac for Community of Angolo Primary School’
തന്നെപ്പോലെയല്ല ലോകത്തിലെ ബാക്കി ആളുകളും ജീവിക്കുന്നത് എന്ന കുഞ്ഞു റയാന്‍റെ തിരിച്ചറിവാണ് യഥാര്‍തത്തില്‍ ആ പ്രായത്തില്‍ത്തന്നെ റയാനെ ലോകമറിയുന്ന ഒരു വ്യക്തിയാക്കി മാറ്റിയത്. അന്ന് ഒരു കിണറിനായി എഴുപത് ഡോളര്‍ സ്വരുക്കൂട്ടിയ റയാന്‍, ഇന്ന് ഏഴര ലക്ഷം ഡോളറിന്‍റെ പദ്ധതികളാണ് Ryan’s Well Foundation വഴി നടപ്പിലാക്കുന്നത്. ഉഗാണ്ടയില്‍ നിന്നും എത്യോപ്പിയ, മലാവി, താന്‍സാനിയ, നൈജീരിയ തുടങ്ങി ആഫ്രിക്കയുടെ പല ഭാഗങ്ങളിലും Ryan’s Well Foundation ശുദ്ധജലവും, മറ്റ് ആരോഗ്യപരിരക്ഷയും ലഭ്യമാക്കാനുള്ള സംരംഭങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. എന്തിന് പറയുന്നു, 2002ലെ UNO ജോഹന്നാസ്ബര്‍ഗ്ഗ് സമ്മിറ്റില്‍വരെ 11 വയസ്സുകാരനായ റയാന്‍ സംസാരിച്ചിട്ടുണ്ട്. Water Health and Poverty എന്ന വിഷയത്തില്‍, UNICEFന്‍റെ എക്സ്പെര്‍ട്ട് പാനല്‍ പ്രധാനിയായിരുന്നു റയാന്‍. WHOയുടെ അഭ്യര്‍ത്ഥന പ്രകാരം, റയാന്‍ കുട്ടികളുടെ ആരോഗ്യമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലായിടത്തും ശുദ്ധജലത്തിന്‍റെ ആവശ്യകതയെ കുറിച്ചും, എങ്ങിനെ ശുദ്ധജലം ലഭിക്കുക എന്നത് ഒരാളുടെ അവകാശമാകുന്നു എന്നതുമാണ് റയാന്‍ സംസാരിക്കാറുള്ളത്. എന്നാല്‍ അവന്‍റെ നേട്ടങ്ങളെക്കുറിച്ച് ആരെങ്കിലും പൊക്കിപ്പറഞ്ഞാല്‍ ഉടന്‍ റയാന്‍ പറയും; "ഞാനൊരു സാധാരണ ബാലനാണ്, ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളുമാണ്!"
മൂത്ത സഹോദരന്‍ ജോര്‍ഡനാണ് ഇപ്പോള്‍ റയാന്‍റെ ക്ലാസ്സുകളും പരിപാടികളും ഒക്കെ നോക്കി നടത്തുന്നത്. ഇളയ സഹോദരന്‍ കീഗനിലൂടെയാണ് റയാന്‍റെ കത്തുകളും മെയിലുകളും കൈമറിയുന്നത്. ഈ രണ്ടുപേരും കൂടാതെ റയാന് ഇപ്പോള്‍ മറ്റൊരു സഹോദരന്‍ കൂടിയുണ്ട്, ആകാന ജിമ്മി. റയാന്‍റെ മാതാപിതാക്കളായ മാര്‍ക്കും, സൂസനും ജിമ്മിയെക്കൂടി ദത്തെടുത്തു. അച്ഛനും, അമ്മയും, മുത്തച്ചനും, കസിന്‍സും, സുഹൃത്തുക്കളും, അയല്‍ക്കാരും എങ്ങിനെ ഒരുപാടുപേര്‍ ഒരുമിച്ചാണ്, ഒരു വലിയ കുടുംബത്തെപ്പോലെ, ഇപ്പോള്‍ റയാന്‍റെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ആറുവയസ്സുകാരന്‍റെ സ്വപ്നമാണ് ഇന്ന് ലോകത്തിലെ പലരുടെയും ജീവിതം മാറ്റിമറിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, ഒരു ആറു വയസ്സുകാരന് ഇത്രയൊക്കെ പറ്റുമെങ്കില്‍ നമുക്കും ചിലതൊക്കെ പറ്റും. ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ…
Great... ♥️♥️♥️
Shared post..