31/05/2026
ഇന്ത്യൻ അതിർത്തികളിൽ 22 വർഷം രാജ്യത്തിന് കാവലായ ഒരു സൈനികൻ, പ്രവാസലോകത്തെ ഒരു ചതിക്കുഴിയിൽ അകപ്പെട്ടപ്പോൾ തണലായത് യുഎഇ ഗവൺമെന്റിന്റെ കരുണയും ഒരു കൂട്ടം സുമനസ്സുകളുടെ ഒത്തൊരുമയുമാണ്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തിലെ സാമ്പത്തിക പ്രാരാബ്ധങ്ങൾ തീർക്കാനാണ് 2015-ൽ തോമസുകുട്ടി യുഎഇയിൽ എത്തുന്നത്. ഒരു തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാർജയിലെ സ്‌ക്രാപ്പിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, അവിടെ അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു കെണിയായിരുന്നു.
വിസ നടപടികൾക്കെന്ന വ്യാജേന, കമ്പനിയിലെ തൊഴിലാളികൾക്ക് താമസിക്കാനായി എടുത്ത ഫ്ലാറ്റിന്റെ വാടക കരാറിൽ ഉടമ തോമസുകുട്ടിയെക്കൊണ്ട് ഒപ്പിടുവിച്ചു. നിയമവശങ്ങൾ കൃത്യമായി അറിയാതിരുന്ന അദ്ദേഹം തന്റെ മുതലാളിയെ വിശ്വസിച്ച് അതിൽ ഒപ്പിട്ടു. വർഷങ്ങൾക്ക് ശേഷം ജോലി ഉപേക്ഷിച്ചു പോയപ്പോഴാണ്, താൻ അറിയാതെ തന്നെ ലക്ഷങ്ങളുടെ കടക്കാരനായി മാറിയ വിവരം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.
താമസരേഖകളുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ പെട്ട തോമസുകുട്ടിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായി. 1,62,238 ദിർഹം (ഏകദേശം 40 ലക്ഷം ഇന്ത്യൻ രൂപ) അടച്ചാൽ മാത്രമേ കേസിൽ നിന്ന് മോചനം ലഭിക്കൂ എന്നതായിരുന്നു സാഹചര്യം. ഒരു സാധാരണ പ്രവാസിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തുകയായിരുന്നു അത്.
ഇതോടെ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ തോമസുകുട്ടിയെ ഷാർജ വർഷിപ്പ് സെന്ററിലെ റവറൻ. ഡോ.വിൽസൺ, ചർച്ച് ഓഫ് ഗോഡ് യുഎഇ റവറൻ. ഡോ. കെ.ഒ. മാത്യു, യുഎഇയിലെ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യുണൈറ്റഡ് പെന്തകോസ്ത് പെലോഷിപ്പിന്റെ പ്രവർത്തകർ എന്നിവർ ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ ഗവൺമെന്റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.
പ്രവാസലോകത്ത് വിസാ നടപടികൾക്കോ കരാറുകൾക്കോ വേണ്ടി ഒപ്പിടുമ്പോൾ കൃത്യമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ഉത്തരവാദിത്തമല്ലാത്ത കാര്യങ്ങളിൽ ജാമ്യം നിൽക്കുന്നതും കരാറുകളിൽ ഒപ്പിടുന്നതും വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

26/05/2026
25/05/2026
23/05/2026
21/05/2026
16/05/2026