20/08/2026
എ സി റോഡ് -- 1000 കോടിയുടെ കള്ളക്കഥ
-------------------------------------------------
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണം
ഒന്നു കൂടി ചർച്ചയായിരിക്കുന്നു. ഇപ്പോഴത്തെ കാലവർഷത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ എ സി റോഡിൽ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് ചർച്ചയായത്.
പെയ്ത്തു വെള്ളവും കിഴക്കൻ വെള്ളവും ഒഴുകിപോകുവാൻ തോട്ടപ്പള്ളിപൊഴി മുൻ വർഷങ്ങളി ലെത് പോലെ ആഴത്തിലും 300 മീറ്റർ വീതിയിലും യഥാസമയം മുറിക്കാതിരുന്നതാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാൻ ഇടയാക്കിയത് എന്ന സത്യം ചിലർ മറച്ചു പിടിക്കുകയാണ്.
ചിങ്ങം ഒന്നിന് കർഷകദിനത്തിൽ വെള്ളപ്പൊക്കത്തിൻ്റെ പ്രയാസം അനുഭവിച്ചവരും പ്രതിഷേധം ഉള്ളിലൊതുക്കി ഇരുന്നവരുമായ കൃഷിക്കാരുടെ യോഗങ്ങളിൽ അമ്പലപ്പുഴ എം എൽ എ ശ്രീ ജി. സുധാകരൻ നടത്തിയ പ്രസംഗം മാധ്യമങ്ങളിലുടെ കേട്ടു..
എ സി റോഡിൽ വെള്ളം കയറിയത് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ 350 കോടി തിരിച്ചെടുത്തു കൊണ്ടുപോയി , അതുകൊണ്ടാണ് എന്നാണ് പ്രസംഗത്തിൻ്റെ ഉള്ളടക്കം.
എത്ര വിദഗ്ദമായാണ് കളവ് പറയുന്നത്..
അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെ ആയിരുന്നു --
" എ സി റോഡ് നിർമ്മാണത്തിന് 1000 കോടി രൂപയാണ് ഒന്നാം പിണറായി സർക്കാർ കൊടുത്തത്, മന്ത്രിയായിരുന്ന ഞാൻ ഒപ്പിട്ടാണ് കൊടുത്തത്.
ഇവിടെ പൈസ ഇല്ലാത്തത് കൊണ്ട് ജർമ്മൻ ബാങ്കിൽ നിന്ന് 4% പലിശക്ക് പണം എടുത്താണ് കൊടുത്തത്.
അതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ജലനിരപ്പ് നോക്കി അതിൽ നിന്നും രണ്ട് ഇഞ്ച് കൂടി ഉയർത്തി റോഡ് നിർമ്മിക്കാനാണ് തീരുമാനിച്ചത്, PWD നിരീക്ഷണവും പരീക്ഷണവും നടത്തിയാണ് നിശ്ചയിച്ചത്.
ഞങ്ങളുള്ള ഗവൺമെൻ്റ് മാറി, കഴിഞ്ഞ ഗവൺമെൻ്റ് വന്നപ്പോൾ 350 കോടി തിരിച്ചങ്ങെടുത്തു.
1000 കോടിയുടെ പ്രോജക്ട് തയ്യാറാക്കി വെച്ചിരിക്കുകയാണ്. 350 കോടി തിരിച്ചെടുത്താൽ പ്രോജക്ട് ആകെ തകിടംമറിഞ്ഞില്ലേ ? ഏതെങ്കിലും മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തോ ?
അത് കാരണമാണ് വെള്ളപ്പൊക്കം ഉണ്ടായത്.
ഉയർത്താൻ പറഞ്ഞ സ്ഥലത്ത് ഉയർത്താൻ പൈസയില്ല.
അന്ന് ഞാൻ എം എൽ എ അല്ല, മിനിസ്റ്ററും അല്ല.
കഴിഞ്ഞ സർക്കാർ അല്ലേ പണിതത്.
ഓരോ ഗവണ്മെൻ്റ് വരുമ്പോൾ ദീർഘവീക്ഷണമില്ലാതെ ഓരോ കാര്യം ചെയ്ത് വെക്കുകയാണ്.
ഞാൻ കൂടി മന്ത്രിയായ ഇടതുപക്ഷ ഗവൺമെൻ്റാണ് 1000 കോടി കൊടുക്കുന്നത് അടുത്ത ഇടതുപക്ഷ സർക്കാർ 350 കോടി വെട്ടിമാറ്റുന്നു.
അതെന്ത് പണിയാണ് ?
രണ്ട് സമയത്തും പിണറായി വിജയൻ തന്നെയാണ് മുഖ്യമന്ത്രി, അദ്ദേഹം ഇതൊന്നും അറിഞ്ഞില്ലേ ?
അദ്ദേഹം തന്നെയാണല്ലോ ചങ്ങനാശ്ശേരി ജംഗ്ഷനിൽ വന്ന് നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
ഭരണാധികാരികളും രാഷ്ട്രീയക്കാരുമൊക്കെ ചേർന്ന് കാണിച്ച് വെച്ചിട്ട് പ്രശ്നം ഉണ്ടാകുമ്പോൾ പത്രങ്ങളുടെ സഹായത്തോട് കൂടി ചരിത്രം മാറ്റിയെഴുതുകയാണ്.
കുട്ടനാട്ടിലെ തോടുകളിലെ ചെളിവാരി കളയാത്തതാണ് വെള്ളപ്പൊക്കത്തിൻ്റെ കാരണം "
ഇങ്ങനെയാണ് അദ്ദേഹത്തിൻ്റെ പ്രസംഗം കൊഴുത്തത്..
യാഥാർത്ഥ്യം എന്താണ് എന്നും കൃഷിക്കാരെയും ജനങ്ങളെയാകെയും കബളിപ്പിക്കാൻ ജി.സുധാകരൻ പച്ചക്കള്ളമാണ് പറയുന്നത് എന്നും ഈ രേഖകൾ നോക്കിയാൽ മനസിലാകും..
നിരന്തരം കളവ് പറയുമ്പോൾ യാഥാർത്ഥ്യം അറിയുന്നവരും ഈ രേഖകൾ കൈവശം ഉള്ളവരുമായ കുറച്ചു പേരെങ്കിലും നാട്ടിൽ ജീവിക്കുന്നുണ്ട് എന്ന വിചാരം വേണ്ടേ ?
തീയതികൾ ഉൾപ്പെടെ ചില വസ്തുതകൾ ചുവടെ ചേർക്കുന്നു, രേഖകളുടെ ഫോട്ടോയും ചേർത്തിട്ടുണ്ട്.
റീബിൾഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് " Upgradation of Alappuzha - Changana ssery road into Semi Elevated Highway " എന്ന പേരിൽ ഈ നിർമ്മാണം LDF സർക്കാർ ഏറ്റെടുത്തത്.
1, ഭരണാനുമതി നൽകിയത് -- 20/06/2020
2, സാങ്കേതികാനുമതി നൽകിയത് -- 30/06/2020
അടങ്കൽ തുക 671. 6 കോടി രൂപയ്ക്ക് ആയിരുന്നു.
( ചിത്രം - 2 )
3, പുതുക്കിയ ഭരണാനുമതി നൽകിയത് -- 17/08/2020
അടങ്കൽ തുക 671. 6 കോടി രൂപയ്ക്ക് ആയിരുന്നു.
( ചിത്രം - 3 )
4, എഗ്രിമെൻ്റ് വെയ്ക്കുന്നത് -- 27/10/2020 ന്
Agreement No. 334 /KSTP /PMT/PWD/2020 ആണ്.
ടെൻഡർ ക്വാട്ട് ചെയ്ത തുകയായ 637.71 കോടി
രൂപക്കാണ് എഗ്രിമെൻ്റ് വെയ്ക്കുന്നത്. ( ചിത്രം - 4 )
ഭരണാനുമതി, പുതുക്കിയ ഭരണാനുമതി , സാങ്കേതിക അനുമതി, ടെൻഡർ ചെയ്തത്, എഗ്രിമെൻ്റ് വെച്ചത്, മുഖ്യമന്ത്രി തറക്കല്ലിട്ടത് എല്ലാം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ശ്രീ. ജി. സുധാകരനും മന്ത്രിയായിരിക്കുമ്പോൾ ആണ്.
ഈ പ്രോജക്ടിന് 637.71 കോടി രൂപയ്ക്ക് ഊരാളുങ്കൽ എഗ്രിമെൻ്റ് വെയ്ക്കുന്ന 27/10/2020 ൽ ജി.സുധാകരൻ മന്ത്രിയാണ്. അദ്ദേഹം മന്ത്രിയായിരിക്കെ തയ്യാറാക്കിയ DPR ലെ ഉയരം അനുസരിച്ചാണ് നിർമ്മാണം നടന്നതും.
മിസ്റ്റർ ജി. സുധാകരൻ,
താങ്കൾ 2021 മെയ് 3 വരെ മന്ത്രിയായിരുന്നു. മന്ത്രിയായിരിക്കുമ്പോൾ 2020 ൽ വെച്ച എഗ്രിമെൻ്റിൽ 637.71 കോടിയാണ് എന്ന സത്യം മറച്ചുവെച്ച് 1000 കോടി നൽകിയിരുന്നു എന്നും 350 കോടി രണ്ടാം സർക്കാർ മാറ്റിയെന്നും എന്തിനാണ് കളവ് പറയുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നത് എഗ്രിമെൻ്റ് വെച്ച് ഏഴ് മാസം കഴിഞ്ഞ് 2021 മെയ് 20 നാണ് .
ഒന്നാം സർക്കാർ അനുവദിച്ച നയാപൈസ പോലും രണ്ടാം പിണറായി സർക്കാർ വെട്ടിക്കുറച്ചിട്ടില്ല.
താങ്കളുടെ തന്നെ കാലത്തെ രേഖകൾ താങ്കൾ പരിശോധിക്കണം. ബോധപൂർവ്വം ആണെങ്കിലും പറഞ്ഞ കള്ളം തിരുത്തണം.
ജി.സുധാകരൻ കള്ളം പറഞ്ഞാൽ "വിശുദ്ധകള്ളം" ആകില്ല.
1000 കോടി രൂപയുടെ കള്ളക്കഥ പറഞ്ഞതിന് താങ്കൾ ജനങ്ങളോട് മാപ്പ് പറയണം.
AC റോഡിൻ്റെ വെള്ളം കയറിയ ഭാഗത്ത് ഇനിയും റോഡ് ഉയർത്തണമെങ്കിൽ അത് ചെയ്യുകയാണ് വേണ്ടത്.
തോട്ടപ്പള്ളി എന്തു പിഴച്ചു എന്ന് അദ്ദേഹം ചോദിച്ചു..
പ്രളയത്തിന് ശേഷം കഴിഞ്ഞ വർഷം വരെ ചെയ്തത് പോലെ 300 മീറ്റർ വീതിയിലും ആഴം കൂട്ടിയും പൊഴി മുറിക്കാൻ ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. പൊഴി മുറിക്കാൻ ടെൻഡർ പോലും വിളിച്ചില്ല. 180 മീറ്ററിൽ താഴെ മാത്രമാണ് പൊഴി അവസാനം മുറിച്ചത്..
കഴിഞ്ഞ വർഷം വരെ MLAമാർ മുൻ കൈയ്യെടുത്ത് മെയ് മാസം തന്നെ യോഗം ചേരുമായിരുന്നു.
ഇത്തവണ അങ്ങനെ മുൻകൂറായി യോഗം ചേർന്ന് പൊഴി മുറിക്കാൻ നടപടി നീക്കിയില്ല, ഈ വീഴ്ച മറച്ചു വെക്കാൻ കളവ് പറയരുത്.
AC റോഡിന് നൽകിയ 1000 കോടിയുടെ ഭരണാനുമതിയോ സാങ്കേതിക അനുമതിയോ DPR ഓ ഉണ്ടെങ്കിൽ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തു..
ഇത് കേവലം കക്ഷി രാഷ്ട്രീയ പ്രശ്നം അല്ല,
ഭാവിയിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതി കുറക്കാനും അന്നത്തെ ജലനിരപ്പിനെക്കാൾ ഇനിയും വെള്ളം കയറിയ ഭാഗത്ത് റോഡ് ഉയർത്തി പണിയണമെങ്കിൽ അത് ചെയ്യാൻ നടപടി സ്വീകരിക്കുകയും ഭാവിയിൽ പൊഴി യഥാസമയം മുറിക്കുകയുമാണ് വേണ്ടത്..
അതിന് പകരം രാഷ്ട്രീയ ലക്ഷ്യം വെച്ച് പച്ചക്കള്ളം കഴിഞ്ഞ സർക്കാരിന് മേൽ കെട്ടിവെക്കുവാൻ ശ്രമിച്ചാൽ സത്യം സത്യമല്ലാതാവില്ല..
-- എച്ച്.സലാം