District Information Office Alappuzha

District Information Office Alappuzha

Share

Alappuzha district infomation office is a district unit of Information Public Relations Department

31/05/2026

ആറാട്ടുപുഴയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത
സാഹചര്യത്തിൽ ജാഗ്രത വേണം-മന്ത്രി രമേശ് ചെന്നിത്തല

-സൂപ്പർ ക്ലോറിനേഷൻ,പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ വേഗം പൂർത്തിയാക്കണം
-ആഹാര വിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്

ആറാട്ടുപുഴയിൽ വിവിധ വാർഡുകളിലായി 5 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആറാട്ടുപുഴയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും വിവിധ ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. അടിയന്തര സൂപ്പർ ക്ലോറിനേഷൻ, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ ഉറപ്പാക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീടുകളിൽ ശേഖരിക്കുന്ന വെള്ളം ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിച്ച് ശുചീകരിക്കണം. 10,000 ക്ലോറിൻ ടാബ്ലറ്റുകൾ ഇതിനോടകം ആശുപത്രിയിൽനിന്ന് വീടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട് എന്നിരുന്നാലും വരും ദിവസങ്ങളിൽ തുടർച്ചയായ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. ഔട്ട് ബ്രേക്ക് മാനേജ്മെൻറ് ഭാഗമായി ക്ലോറിൻ ടാബ്ലറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് മന്ത്രി നിർദ്ദേശം നൽകി. ഓരോ വീടുകളിലും കർശനമായ വ്യക്തി ശുചിത്വവും ആഹാര പാനിയ ശുചിത്വവും ഉറപ്പാക്കുക, വെളിയിടങ്ങളും ജലാശയങ്ങളും മനുഷ്യവിസർജ്യംമൂലം മലിനമാകാതിരിക്കാനും വൃത്തിഹീനമായി ശുചിമുറികൾ പ്രവർത്തിപ്പിക്കാതിരിനുമുള്ള ഉറപ്പ് എന്നിവ സാമൂഹ്യ പങ്കാളിത്തത്തോടെയും നിരീക്ഷണങ്ങളിലൂടെയും സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ആഹാര പാനീയ വിതരണ കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള രാത്രികാല പരിശോധനയ്ക്ക് തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഇറങ്ങുന്നതായിരിക്കും. പഞ്ചായത്തിൻറെ സഹകരണത്തോടെ മൈക്ക് അനൗൺസ്മെൻറ് ,സാമൂഹ്യ കൂട്ടായ്മകളിലെ ബോധവൽക്കരണം എന്നിവ വരും ദിവസങ്ങളിൽ തുടരുന്നതാണ്. വയറിളക്കമുള്ള,വീടുകളിൽ കഴിയുന്ന രോഗികളും സമ്പർക്കത്തിൽ ഉള്ളവരും രോഗ പകർച്ച ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 40 അങ്ക ണവാടികളും 13 സ്കൂളുകളും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 15 വരെ നീട്ടി വെച്ചിരിക്കുകയാണ് . മറ്റു സ്കൂളുകളിൽ പഠിക്കുന്നഈ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാലയങ്ങളിലും അംഗനവാടികളിലും ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങളിലേക്ക് എത്തേണ്ടതില്ലെന്ന നിർദ്ദേശം വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുണ്ട്.

31/05/2026

*ഇടിമിന്നൽ ജാഗ്രതാ നിർദേശം*

*കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (31/05/2026) മുതൽ 02/06/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 03/06/2026 മുതൽ 05/06/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*ജാഗ്രതാ നിർദേശങ്ങൾ*

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ദൃശ്യമാധ്യമങ്ങൾ ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻ
ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.

റേഡിയോ, ദൃശ്യമാധ്യമങ്ങൾ ഇടിമിന്നൽ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമർശിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.

*പുറപ്പെടുവിച്ച തീയതി: 31/05/2026*

*IMD-KSEOC-KSDMA*

31/05/2026

*മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം*

*കേരളം - ലക്ഷദ്വീപ്‌ തീരങ്ങളിൽ ഇന്ന് (31/05/2026) മുതൽ 04/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു*.

*31/05/2026 മുതൽ 02/06/2026 വരെ*: കേരളം - ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*03/06/2026 & 04/06/2026*: കേരളം - ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*പ്രത്യേക ജാഗ്രത നിർദേശം*

*31/05/2026*: ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, സോമാലിയൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*31/05/2026 മുതൽ 02/06/2026 വരെ*: ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*02/06/2026 & 03/06/2026*: ലക്ഷദ്വീപ് അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*03/06/2026*: സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*03/06/2026 & 04/06/2026*: ലക്ഷദ്വീപ് അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*04/06/2026*: സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ആന്ധ്രപ്രദേശ് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.

*പുറപ്പെടുവിച്ച സമയവും തീയതിയും: 02.30 PM; 31/05/2026*

*IMD-KSEOC-KSDMA*

31/05/2026

*കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിക്കുന്നു.

*ഓറഞ്ച് അലർട്ട്*

*03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം*

*04/06/2026: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്*

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

*മഞ്ഞ അലർട്ട്*

*31/05/2026 : കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ*

*01/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ*

*02/06/2026:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*

*03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ്*

*04/06/2026: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ,കാസറഗോഡ്*

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

*പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം*

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2025/08/Orange-Book-of-Disaster-Management-2025.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

*കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.*

31/05/2026

*ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു*

2026-27 അധ്യയന വർഷത്തെ കേരള സർവകലാശാലാ ബിരുദ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സംശയ നിവാരണത്തിനും ഓപ്ഷൻ രജിസ്‌ട്രേഷൻ സൗജന്യമായി നൽകുന്നതിനും മാവേലിക്കര ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഫോൺ: 04792304494, 8547005046.

(പി ആർ/എ എൽ പി/ 1022)

31/05/2026

*ഖാദി തുണിത്തരങ്ങൾക്ക് 30% ഗവൺമെൻ്റ് റിബേറ്റ്*

സ്കൂൾ തുറപ്പ് പ്രമാണിച്ച് ജൂൺ മൂന്ന് വരെ (മേയ് 31 ഒഴികെ) ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവൺമെൻ്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

(പി ആർ/എ എൽ പി/ 1023)

31/05/2026

പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തം അനിവാര്യം : മന്ത്രി എം. ലിജു

*'തുടക്കം' ആശുപത്രി ശുചീകരണ ജനകീയ ക്യാമ്പയിന് ജില്ലയിൽ ആരംഭം

ആശുപത്രികളിലെയും പൊതുസമൂഹത്തിലെയും ശുചിത്വം കേവലം ജീവനക്കാരുടെ മാത്രം ചുമതലയല്ലെന്നും പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ സാമൂഹിക ആരോഗ്യം പൂർണ്ണതോതിൽ നിലനിർത്താൻ സാധിക്കൂ എന്നും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. സ്വന്തം വീട് വൃത്തിയാക്കി മാലിന്യങ്ങൾ പൊതുവഴിയിലേക്ക് തള്ളുന്ന വികലമായ ശുചിത്വ സംസ്കാരം മാറണമെന്നും വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിയാത്ത സാമൂഹിക ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തുടക്കം' ആശുപത്രി ശുചീകരണ ജനകീയ ക്യാമ്പയിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി അന്തരീക്ഷവും പരിസരവും ശുചിയായി സൂക്ഷിക്കാൻ ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ആശാ വർക്കർമാരും കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും അവരോടൊപ്പം പൊതുജനങ്ങൾ കൈകോർക്കുമ്പോൾ മാത്രമേ ഈ ദൗത്യം പൂർണ്ണ വിജയമാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ശുചിത്വ ദൗത്യത്തെ ഒരു മികച്ച ടീം വർക്കായി കണ്ട് മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതൊരു വലിയ ജനകീയ ക്യാമ്പയിനായി മാറ്റാൻ ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാലയ പരിസരങ്ങളിലെ ലഹരി വിൽപ്പനയ്‌ക്കെതിരെ കർശന മുന്നറിയിപ്പും മന്ത്രി നൽകി. മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോൾ കുട്ടികൾക്ക് ദോഷകരമാകുന്ന പുകയില-ലഹരി ഉൽപ്പന്നങ്ങൾ സ്കൂളുകളുടെ പരിസരത്തുള്ള ഒരൊറ്റ കടകളിൽ പോലും വിൽക്കരുതെന്ന് പോലീസിനും എക്സൈസ് വകുപ്പിനും ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിന്മേൽ കർശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ കായംകുളം നഗരസഭാധ്യക്ഷൻ ശരത് ലാൽ ബെല്ലാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. പി ദിവ്യ, കായംകുളം നഗരസഭ ഉപാധ്യക്ഷ ആർ അംബിക, സ്ഥിരസമിതി അധ്യക്ഷരായ കാവിൽ നിസാം, മിനി ശാമുവൽ, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്‌ ഷാജി, ഇ-ഹെൽത്ത് നോഡൽ ഓഫീസർ ഡോ വിപിൻ കെ രവി, വാർഡ് കൗൺസിലർ പ്രമീള ബാബുരാജ്, മെഡിക്കൽ ഓഫീസർ ഡോ.ബി സജീവ്, മീഡിയ ഓഫീസർ ഐ. ചിത്ര, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി ഫെഡറൽ ബാങ്ക് നൽകിയ ആംബുലൻസും ജീവിതശൈലി രോഗ നിർണയത്തിനുള്ള എൻ.സി.ഡി ക്ലിനിക്കും ഉദ്ഘാടനം ചെയ്തു.

31/05/2026

*ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടി*

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 15 ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 7, 9, 12,13,14,15,17 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സ്‌കൂള്‍ തുറക്കുന്ന തീയതി 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായിട്ടുള്ളതായിരുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ച് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഈ ബാക്ടീരിയയുടെ വ്യാപനം നിയന്ത്രണ വിധേയമാകും വരെ അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ 15 ദിവസത്തേയ്ക്ക് നീട്ടി വച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി.

(പി ആർ/എ എൽ പി/ 1021)

Photos from District Information Office Alappuzha's post 31/05/2026

*ദേശീയപാത നിർമ്മാണത്തിലെ അപാകതയും വെള്ളക്കെട്ടും പരിഹരിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണം: ജില്ലാ വികസന സമിതി*

ദേശീയപാത നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു.

എംഎൽഎമാരായ
അഡ്വ. ഷാനിമോൾ ഉസ്മാൻ, പി പ്രസാദ് , എ ഡി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.റെജി ചെറിയാൻ എം എൽ എ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ദേശീയപാതയിലെ പ്രശ്നബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഉടൻ നടപടിയെടുക്കണമെന്ന്
ഇവർ ആവശ്യപ്പെട്ടു.

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ദേശീയപാതയിൽ റോഡും കാനയും തമ്മിലുള്ള ഉയരവ്യത്യാസം മൂലമുള്ള പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് ഷാനിമോൾ ഉസ്‌മാൻ എം എൽ എ കർശന നിർദ്ദേശം നൽകി.

പെരുമ്പളം, അരൂക്കുറ്റി ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഡോക്ടർമാർ ഇല്ലാത്ത സാഹചര്യം പരിശോധിക്കണമെന്നും, സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ നിയോജകമണ്ഡല തലങ്ങളിൽ 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മഴക്കാലപൂർവ്വ ശുചീകരണം, തോടുകളുടെ നവീകരണം, വെള്ളക്കെട്ടും പകർച്ചവ്യാധികളും മൂലമുള്ള പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും, സ്കൂളുകളുടെയും അങ്കണവാടികളുടെയും ഫിറ്റ്നസ് കൃത്യമായി പരിശോധിക്കാനും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ മുൻകൂട്ടി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും എം എൽ എ നിർദ്ദേശിച്ചു.

തുറവൂർ, കുത്തിയതോട് മേഖലകളിൽ എട്ടു മാസമായി തുടരുന്ന കുടിവെള്ളക്ഷാമത്തിനും കൂടാതെ വൈദ്യുതി തടസ്സത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നും, അപകടാവസ്ഥയിലുള്ള പൂച്ചാക്കൽ രജിസ്ട്രേഷൻ ഓഫീസിന്റെ പ്രശ്നം പരിഹരിക്കണമെന്നും, സൊസൈറ്റികളിൽ നിന്നും ഉള്ള പെൻഷൻ വിതരണം വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതി യോഗത്തെ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ കൃത്യമായി അവതരിപ്പിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ദേശീയപാതയിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്നും അങ്കണവാടി
കൾക്ക് ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പി. പ്രസാദ് എം.എൽ.എ ആവശ്യപ്പെട്ടു.

ദേശീയപാതയിലെ അണ്ടർപാസുകളിൽ രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ എ.ഡി. തോമസ് എം.എൽ.എയും കർശന നിർദ്ദേശം നൽകി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ പ്രത്യേക യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വയറിളക്കരോഗവും ഷിഗെല്ല അണുബാധയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും 15 ദിവസത്തേക്ക് അവധി നൽകുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി സൂപ്പർ ക്ലോറിനേഷനും കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും കൃത്യമായി നടത്താൻ കളക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ് ഉന്നയിച്ച വിഷയത്തിനാണ് കളക്ടർ ഈ മറുപടി നൽകിയത്.
കടൽക്ഷോഭ ഭീഷണി നേരിടുന്ന വീടുകളുടെ സംരക്ഷണത്തിന് അടിയന്തരമായി കല്ല് ഇറക്കണം എന്നും ജോൺ തോമസ് ആവശ്യപ്പെട്ടു.
ഹരിപ്പാട് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നൽകി.

ഹരിപ്പാട് മാധവ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി. ഫാസ്‌റ്റ് പാസഞ്ചർ ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു.

ടൂറിസം രംഗത്ത് ആലപ്പുഴയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ഹൗസ് ബോട്ട് ടെർമിനലുകളും പ്രവർത്തനക്ഷമമാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി.യുടെ പ്രതിനിധിയായ എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. അമ്പലപ്പുഴയിൽ എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന ജി. സുധാകരൻ എം.എൽ.എയുടെ ആവശ്യവും അദ്ദേഹം യോഗത്തിൽ അവതരിപ്പിച്ചു. രണ്ടാം കൃഷി ഇറക്കാത്ത കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തുകൊണ്ട് റെജി ചെറിയാൻ എം.എൽ.എ ആവശ്യപ്പെട്ടു.

കുട്ടനാട്ടിലെ കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീയപുരം ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രതിനിധി കെ. ഗോപകുമാർ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഡി.എം. ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

31/05/2026

ലോക പുകയില വിരുദ്ധ ദിനം

ബഹു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം. ലിജുവിൻ്റെ സന്ദേശം
WorldNoTobaccoDay


Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Address


Alappuzha
688001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm