05/05/2020
കർണാടകയിൽനിന്നുള്ള മലയാളികളെ സ്വീകരിക്കാൻ തലപ്പാടിയിൽ മുസ്‌ലിംലീഗിന്റെ ആംബുലൻസുകൾ ഉൾപ്പെടെ സർക്കാർ സേവനത്തിന് വിട്ടുകൊടുത്ത ദിവസം. മഹാനായ ശിഹാബ് തങ്ങളുടെ ജന്മദിനം. ദക്ഷിണ കന്നഡ ജില്ലയിലെ യൂത്ത്‌ലീഗുകാർ ഇന്നും പതിവു പോലെ കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള മരുന്നുകൾ ശേഖരിച്ച് ശിഹാബ് തങ്ങൾ ആംബുലൻസിന്റെ ഡ്രൈവർ റിയാസിനെ ഏൽപിച്ച ദിവസം. ഇന്ന് കൊതേരിയിലെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസ് ഡ്രൈവർ മുസദിഖ് എന്ന മുജീബും അതിർത്തിയിലുണ്ടായിരുന്നു. മംഗലാപുരത്തുനിന്ന് ഡിസ്ചാർജ്ജ് ചെയ്ത പിണറായിയിലേക്കുള്ള രോഗിയെ കൊണ്ടുപോകാനാണ് മുജീബ് എത്തിയത്.
സ്ഥിരമായി മരുന്ന് ആവശ്യപ്പെടാറുള്ള ഹാരിസ് എന്ന ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അപ്പോൾ മുജീബിനെ വിളിക്കുന്നു. ഉപ്പളയിൽനിന്നുള്ള റിയാസ് ആവശ്യപ്പെട്ട മരുന്നുകൾ കൂടി വാങ്ങാൻ പറയുന്നു. തലപ്പാടിയിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നു. മുജീബ് ഹാരിസിനെ കാണുന്നതിനു മുമ്പെ കുമ്പള സബ് ഇൻസ്‌പെക്ടർ ചാനലുകാരെയും ഫോട്ടോഗ്രാഫർമാരെയും കൂട്ടി എത്തുന്നു. കൃത്യമായി കവറെടുക്കുന്നു. പാൻപരാഗ് പൊട്ടിക്കുന്നു. തുടക്കം മുതലേ വീഡിയോ പിടിക്കുന്നു. ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലൻസിൽ മയക്കുമരുന്ന് എന്ന ക്യാപ്ഷനിൽ പ്രചരിപ്പിക്കുന്നു. തലപ്പാടിയിൽനിന്ന് ആംബുലൻസ് എത്താനെടുത്ത സമയം വെറും 15 മിനുട്ട്. അത്ഭുതം! അപ്പോഴേക്കും ആ ആംബുലൻസിലെ പിണറായിയിലേക്കുള്ള രോഗിയെ മാറ്റാൻ വെറും അഞ്ചു മിനുട്ട് കൊണ്ട് മറ്റൊരു ആംബുലൻസ് അവിടെയെത്തി.
എല്ലാം ശുഭമെന്ന് തിരക്കഥാകൃത്തുക്കളും സംവിധായകരും കരുതണ്ട. ഇതിനിടയിൽ കളിച്ച ഓരോ കണ്ണിയും കുടുങ്ങും. അതിനുള്ള പണി നേരം വെളുത്താൽ തുടങ്ങും. ഭക്ഷണവും ഉറക്കവുമെല്ലാം ഉപേക്ഷിച്ചാണ് പലരും സേവന രംഗത്തുള്ളത്. സ്ഥിരം മരുന്ന് കഴിക്കുന്ന ആയിരക്കണക്കിന് രോഗികൾക്കാണ് യൂത്ത്‌ലീഗിന്റെ വൈറ്റ് ഗാർഡ് മെഡി ചെയിൻ പദ്ധതി പ്രകാരം ദിനേന മരുന്നുകൾ എത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽനിന്ന് യു.എ.ഇയിലേക്കും കുവൈത്തിലേക്കും യു.എ.ഇയിൽനിന്ന് കേരളത്തിലേക്കും വരെ കെ.എം.സി.സിയുടെയും വൈറ്റ് ഗാർഡിന്റെയും സഹായത്തോടെ മരുന്നുകൾ എത്തി. മരുന്നുകൾ പാക്ക് ചെയ്യാനും ഡോക്യുമെന്റ്‌സ് ക്ലിയർ ചെയ്യാനും അർധ രാത്രി കഴിഞ്ഞും ഉറക്കമൊഴിക്കുന്ന എത്രയോ യൂത്ത്‌ലീഗ് പ്രവർത്തകരുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ഈ സേവനം. ഒരു ഫോൺ കോൾ മതി, കേരളത്തിൽ എവിടെയും വളണ്ടിയർമാർ എത്തും. എവിടുന്നാണോ മരുന്ന് വേണ്ടത്, അവിടെ നിന്ന് എത്തിച്ചുകൊടുക്കും.
ജീവകാരുണ്യ പ്രവർത്തനത്തിന് രാഷ്ട്രീയമോ മതമോ വർണമോ വംശമോ നോക്കുന്നവരല്ല ലീഗുകാർ. സി.എച്ച് സെന്ററിലും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലുമൊക്കെ കിടക്കുന്ന രോഗികളുടെ വിവരം പരിശോധിച്ചാൽ മതി, കാര്യം തിരിയാൻ. യൂത്ത്‌ലീഗുകാരോട് ഒന്നേ പറയാനുള്ളൂ. അമിതമായ ആത്മാർത്ഥത കാണിക്കുമ്പോൾ സൂക്ഷിക്കണം. മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച് ടി.പിയെ കൊല്ലാൻ പോയ ദിവസമാണ്. ഫസലിനെ കൊന്നിട്ട് രക്തം പുരണ്ട തൂവാല കൊണ്ട് വർഗ്ഗീയ കലാപത്തിന് ശ്രമിച്ചവരാണ്. സൂക്ഷിക്കണം. ചതിയന്മാരുണ്ടെന്ന കാര്യം മറക്കരുത്.
-ഷെരീഫ് സാഗർ