18/09/2026
വെളിയം: സമരവീര്യം പഠിപ്പിച്ച ആശാൻ
ബിനോയ് വിശ്വം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം സംഭാവന ചെയ്ത ധീരരായ പോരാളികളിൽ മറക്കാൻ പാടില്ലാത്ത പേരാണ് സഖാവ് ഭാർഗവൻ ആശാന്റേത്. അദ്ദേഹം പാർട്ടി പ്രവർത്തകർക്കും സഹയാത്രികർക്കും മാത്രമല്ല ബഹുജനങ്ങൾക്കാകെയും ആശാനായിരുന്നു. പ്രക്ഷോഭത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിത വിശുദ്ധിയുടെയും പാഠങ്ങൾ മാത്രമല്ല അദ്ദേഹം നമ്മെ പഠിപ്പിച്ചത്. പാർലമെന്ററി പ്രവർത്തനങ്ങളുടെയും മുന്നണി രാഷ്ട്രീയത്തിന്റെയും നിയമ പരിഷ്കരണങ്ങളുടെയും കളരികളും ആശാന് അന്യമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അദ്ദേഹത്തിന് ജീവിതം തന്നെയായിരുന്നു അഥവാ അതിൽ നിന്നും വേറിട്ട് ഒരു ജീവിതം ആശാന് ഉണ്ടായിരുന്നില്ല.
1928 മേയ് അഞ്ചിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്തുള്ള വെളിയത്ത് ജനിച്ച ഭാർഗവൻ ആ ഗ്രാമത്തിന്റെ പേരിനെ തന്റെ പര്യായപദമാക്കി മാറ്റി. എട്ടരപ്പതിറ്റാണ്ട് കാലത്തെ ജീവിതത്തിൽ അദ്ദേഹം കണ്ടതും അനുഭവിച്ചതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ ആധുനിക കേരള രൂപീകരണത്തിന്റെ അടിത്തറയായി മാറിയ സംഭവങ്ങളുമായി വേർതിരിക്കാനാവാത്ത വിധം ഇഴചേർന്ന് കിടക്കുന്നു. ജന്മി - മുതലാളി വർഗങ്ങളുടെ ക്രൂരതയ്ക്കെതിരെ തിരുവിതാംകൂറിൽ കർഷകരും തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭമുയർത്തിയ ഘട്ടത്തിലൂടെയാണ് അദ്ദേഹത്തിന്റെ തീക്ഷ്ണയൗവനം കടന്നുപോയത്.
ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയാത്ത വിധമുള്ള യാതനകളാണ് വെളിയവും സഖാക്കളും അക്കാലത്ത് അനുഭവിച്ചത്. ഒളിവിലും തെളിവിലും അക്ഷരാർത്ഥത്തിൽ പോരാടിയ ആ സമരഭടന്മാർക്കിടയിൽ അവരെ നയിച്ചുകൊണ്ട് 'ജലത്തിലെ മത്സ്യ'ത്തെ പോലെയാണ് ആശാൻ ജീവിച്ചത്. വെളിയത്തെ പോലെ പൊലീസ് മർദനങ്ങൾ അനുഭവിച്ചിട്ടുള്ള അധികം രാഷ്ട്രീയപ്രവർത്തകർ ഇല്ല എന്നുതന്നെ പറയാം. 1954ലെ ട്രാൻസ്പോർട്ട് സമരകാലത്ത് അദ്ദേഹം ഭീകരമായ ശാരീരിക പീഡനങ്ങൾക്കിരയായി. ഒരുവേള പൊലീസ് അദ്ദേഹത്തിന്റെ മീശ രോമങ്ങൾ പിഴുതെടുക്കുക പോലും ചെയ്തു.
സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്തുകൊണ്ടാണ് മാർക്സിസ്റ്റുകാര്‍ ലോകത്തെവിടെയും രാഷ്ട്രീയപ്രയോഗത്തിൽ ഏർപ്പെടുന്നത്. ഈ വിശകലനത്തിലെ അപാകം പ്രസ്ഥാനത്തില്‍ പല വ്യതിയാനങ്ങളും സംഭവിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യൻ പാർട്ടിയുടെ ബഹുജനാടിത്തറയ്ക്ക് കൽക്കത്ത തീസിസ് കാലത്തുണ്ടായത് വലിയ തിരിച്ചടികളാണ്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അക്കാലത്തെല്ലാം പാർട്ടി ഏല്പിച്ച ചുമതലകൾ ധീരതയോടെയും ത്യാഗ സന്നദ്ധതയോടെയും വെളിയം നിർവഹിച്ചു. പിൽക്കാലത്ത് സുശക്തമായ ബഹുജനാടിത്തറയോടെ പാർട്ടിയെ കെട്ടിപ്പടുക്കുവാനും ബാലറ്റിലൂടെ അധികാരത്തിൽ വരാനും പാർട്ടിക്ക് കഴിഞ്ഞു. ഭരണഘടനാ ജനാധിപത്യത്തിന്റെ നിയമനിർമ്മാണ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജന്മിത്തം അവസാനിപ്പിക്കാനും ഒരു ആധുനിക ജനാധിപത്യ സമൂഹത്തിലേക്ക് വലിയ ചുവടുകൾ വയ്ക്കാനും നമുക്കായി. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം നിർണായകമായ പങ്കുവഹിച്ച സഖാവാണ് വെളിയം ഭാർഗവൻ.
1957ലും 1960ലും ചടയമംഗലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി. 1957 തൊട്ട് 1959 വരെ നിലവിലിരുന്ന നിയമസഭയിൽ, വിമോചന സമര കാലഘട്ടത്തിൽ അടക്കം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വീറോടെ പ്രതിരോധിച്ച ജിഞ്ചർ ഗ്രൂപ്പിലെ പ്രമുഖനായിരുന്നു വെളിയം. 1964ന് ശേഷം അദ്ദേഹം പാർലമെന്ററി രംഗത്ത് ഉണ്ടായിരുന്നില്ല. തന്റെ മുഴുവൻസമയ ജീവിതവും പാർട്ടി സംഘടന കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് പിന്നീട് വിനിയോഗിച്ചത്.
1964ലെ ദൗർഭാഗ്യകരമായ ഭിന്നിപ്പിന് ശേഷമുള്ള പ്രതിസന്ധിഘട്ടത്തിൽ വെളിയത്തിന്റെ സംഘാടന മികവ് വലിയതോതിൽ പാർട്ടിക്ക് മുതൽക്കൂട്ടായി. കൊല്ലം ജില്ലയിൽ വിശേഷിച്ചും തെക്കൻ കേരളത്തിൽ പൊതുവേയും സിപിഐയെ ശക്തമായി നിലനിർത്താൻ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. 1967ൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരുമിച്ചുകൊണ്ട് സപ്തകക്ഷി മുന്നണി രൂപീകരിച്ചു. മുഖ്യകക്ഷിയുടെ ഭാഗത്തു നിന്നും പലപ്പോഴുമുണ്ടായ ജനാധിപത്യ അഭാവം ആ മുന്നണിയെ തകർച്ചയിലേക്ക് നയിച്ചു.
തുടർന്ന് സി അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. 1969 മുതൽ 1977 വരെ ഭരിച്ച ആ മന്ത്രിസഭയാണ് ജന്മിത്തം അവസാനിപ്പിച്ചതും ആധുനിക കേരളത്തിന്റെ വികസന - ക്ഷേമോന്മുഖമായ ഭരണസംവിധാനം പടുത്തുയർത്തിയതും. പിൽക്കാലത്ത് ലോകവിഖ്യാതമായിത്തീർന്ന കേരള മോഡലിന്റെ ഉത്ഭവം അക്കാലത്തായിരുന്നു. വ്യത്യസ്ത വർഗസ്വഭാവവും രാഷ്ട്രീയ നിലപാടുകളുമുള്ള ഘടകകക്ഷികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പുരോഗമനപരമായ നിയമനിർമ്മാണങ്ങളും ഭരണനടപടികളും മുമ്പോട്ടു കൊണ്ടുപോവുക എന്നത് മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും പ്രയാസകരമായ ഒരു വെല്ലുവിളിയാണ്. സിപിഐ ഈ കടമ എക്കാലവും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങളിലെല്ലാം സഖാവ് വെളിയത്തിന്റെ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്നു.
1998 മുതൽ 2010 വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. മുന്നണിയുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം പാർട്ടിയുടെ സവിശേഷമായ വ്യക്തിത്വം കൈവിടാതിരിക്കാനും ശക്തമായി ഇടപെട്ടു. ഏതു ഭാഗത്തുനിന്നുയർന്ന വെല്ലുവിളിയോടും മുഖം നോക്കാതെ പ്രതികരിച്ചു. അക്കാലത്തെ കേരള രാഷ്ട്രീയത്തിലെ പല പ്രധാന വഴിത്തിരിവുകളിലും വെളിയത്തിന്റെ ഇടപെടൽ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എക്കാലവും ഒരു പാഠമായിരിക്കും.
സ്വയം പാർലമെന്ററി പ്രവർത്തന രംഗങ്ങളിൽ നിന്നും അകന്നുനിന്ന് പാർട്ടി സംഘടനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവന്ന വെളിയം പക്ഷേ, പാർലമെന്ററി പ്രവർത്തനങ്ങളെപ്പറ്റി എക്കാലവും സൂക്ഷ്മ നിരീക്ഷണ പടുവായിരുന്നു. മന്ത്രിസഭയുടെയും മുന്നണിയുടെയും തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും സമൂഹത്തിലെ സാധാരണ ജനങ്ങൾക്കുവേണ്ടി എന്തെന്തെല്ലാം ഉണ്ട് എന്നതിനെ സംബന്ധിച്ച് വിമർശനാത്മകമായ ഉൾക്കാഴ്ചയോടെയാണ് അദ്ദേഹം പാർട്ടിയെ നയിച്ചത്.
വെളിയം പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കെ എല്‍ഡിഎഫ് മന്ത്രിസഭയിൽ വനം- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായി ചുമതല നിർവഹിക്കാൻ ഈ ലേഖകന് അവസരമുണ്ടായി. യാതൊരു സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ, പരിസ്ഥിതിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തിനും പാവപ്പെട്ട മനുഷ്യരുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാകണം കമ്മ്യൂണിസ്റ്റ് മന്ത്രി ജാഗ്രത പാലിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നല്‍കിയ പിന്തുണ വലുതായിരുന്നു.
വെളിയം ഭാർഗവൻ ആശാനെ പറ്റി ഓർമ്മിക്കുമ്പോൾ എടുത്തുപറയേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ അഗാധമായ വിജ്ഞാനം. ഔപചാരികമായിത്തന്നെ പഠിച്ച ഇംഗ്ലീഷിലും സംസ്കൃതത്തിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. വേദോപനിഷത്തുക്കൾ അടക്കമുള്ള ഭാരതീയ തത്വചിന്തയിലും പാശ്ചാത്യ തത്വചിന്തയിലും സാഹിത്യത്തിലും എല്ലാം ഭാർഗവനാശാന്റെ പ്രാവീണ്യവും അത് അനർഗളമായി മറ്റുള്ളവർക്ക് പകരാനുള്ള അധ്യാപന ശേഷിയും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിൽ ഇരുന്നിട്ടുള്ളവർ ആരും മറക്കുകയില്ല.
സാമ്പത്തിക ശാസ്ത്രത്തിലെ കടുകട്ടിയായ സിദ്ധാന്തങ്ങൾ ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത സാധാരണക്കാർക്ക് പഠിപ്പിച്ചു കൊടുക്കുന്ന വെളിയത്തിനെ കാണുന്നവർക്ക് വിസ്മയം ഉണ്ടാകും. ഉജ്വല പ്രഭാഷകനും വാഗ്മിയും അധ്യാപകനും എല്ലാം ആയിരുന്നു വെളിയം. അനാവശ്യമായ വാചാടോപങ്ങളോ വാക് പ്രയോഗങ്ങളോ ഇല്ലാതെ എല്ലാ നിലവാരത്തിലുമുള്ള ആളുകളോട് നേരിട്ട് രാഷ്ട്രീയം പറയാനുള്ള അസാമാന്യശേഷി അദ്ദേഹത്തിന് കൈമുതലായിരുന്നു.
രാജ്യത്തെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കും മതേതരത്വത്തിൽ നിന്ന് മതാധിഷ്ഠിതാശയങ്ങളിലേക്കും നയിക്കുന്നതിന് ബിജെപി നേതൃത്വത്തിലുള്ള ഭരണം കുത്സിതശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വെളിയത്തിന്റെ സ്മരണ പുതുക്കുന്നത്. അത്തരമൊരു സന്ദര്‍ഭത്തിൽ അദ്ദേഹം എഴുതിയും പറഞ്ഞും വച്ച ആശയപരമായ ആയുധങ്ങൾ വർഗീയതയെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിൽ അനിവാര്യ ഘടകമാകുമെന്നതിൽ തർക്കമില്ല.
കേരളത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അതേ നയങ്ങള്‍ പിന്തുടരുകയാണ്. നെഹ്രുവിയന്‍ സോഷ്യലിസത്തെ കുറിച്ച് പറയുകയും മോഡിയുടെ പാത പന്തുടരുകയും ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. അത്തരം ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ കടമകളുടെ പാഠം പറഞ്ഞുതന്ന വെളിയത്തിന്റെ സ്മരണ കരുത്ത് നൽകുന്നു.
പ്രയാസകരമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകുവാനും ചരിത്രം നമ്മോട് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നു. ആ കടമ നിർഭയം നിർവഹിക്കുന്നതിന് വെളിയത്തിന്റെ ഉജ്വലസ്മരണ നമുക്ക് ആവേശവും കരുത്തും പകരട്ടെ.