03/11/2026
എസ്.ഐ.ആർ വിവാദങ്ങൾക്ക് മുന്നിൽ കോൺഗ്രസിലെ അധികാരപ്പോര്; ഖാർഗെയെക്കൊണ്ട് കേരള സർക്കാരിനെ 'ഇലീഗൽ' എന്ന് വിളിപ്പിച്ചതിന് പിന്നിൽ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കം
വി.ഡി. സതീശനെ വെട്ടിനിരത്താനുള്ള ഡൽഹി തന്ത്രമാണോ ഇതെന്ന് വ്യക്തമാക്കണം: കേന്ദ്രമന്ത്രി ശോഭ കരന്തലജെ
തിരുവനന്തപുരം : എസ്.ഐ.ആർ വിഷയത്തിൽ കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. എസ്.ഐ.ആർ വിവാദത്തിന്റെ മറവിൽ കോൺഗ്രസിനുള്ളിൽ പുതിയ അധികാരപ്പോരിന് കളമൊരുങ്ങുകയാണോ എന്നും വി.ഡി. സതീശൻ ഉൾപ്പെടെയുള്ള സർക്കാരുകളെ 'ഇലീഗൽ' എന്ന് വിശേഷിപ്പിക്കുന്ന പരാമർശം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് നടത്തിച്ചതിന് പിന്നിൽ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കമാണോ എന്നും മന്ത്രി ചോദിച്ചു. സതീശനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ഡൽഹിയിലെ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ). വീടുതോറുമുള്ള പരിശോധനയിലൂടെ മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരുടെയും വിവരങ്ങൾ പരിശോധിച്ച് അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തി വോട്ടർപട്ടിക പരിഷ്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായല്ല എസ്.ഐ.ആർ നടപ്പാക്കുന്നത്. 1952 മുതൽ വിവിധ ഘട്ടങ്ങളിലായി 12 തവണ ഈ നടപടികൾ നടന്നിട്ടുണ്ട്. ഇതിൽ പത്ത് തവണയും കോൺഗ്രസ് ഭരണകാലത്തായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സമഗ്രമായ വോട്ടർപട്ടിക പരിശോധന നടക്കാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ നടപടി അനിവാര്യമാണ്.
കേരളത്തിലും എസ്.ഐ.ആർ നടപടികൾക്കുശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഈ നടപടിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇപ്പോൾ അതിനെതിരെ രാഷ്ട്രീയ പ്രതിഷേധവുമായി രംഗത്തുവരുന്നതിലെ വൈരുധ്യം കോൺഗ്രസ് വിശദീകരിക്കണം. എസ്.ഐ.ആറിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന നടപടിയെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിച്ച് ജനങ്ങളിൽ ആശങ്കയും അരാജകത്വവും സൃഷ്ടിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തപ്പെട്ട നടപടികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിവാദമാക്കരുത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും പ്രധാനമന്ത്രി പദത്തിനും വേണ്ടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും രാജ്യം മറന്നിട്ടില്ല. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിലും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണ്.
കേരളത്തിൽ ഏഴ് പതിറ്റാണ്ടോളം മാറിമാറി ഭരിച്ച രണ്ട് മുന്നണികൾക്കും പട്ടികജാതി വിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വർഷത്തെ കേരളത്തിന്റെ സാമ്പത്തിക പുരോഗതി പരിശോധിച്ചാൽ അതിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാകും. ചില വിഭാഗങ്ങൾ സാമ്പത്തികമായും സാമൂഹികമായും മുന്നോട്ടുപോകുമ്പോൾ പട്ടികജാതി വിഭാഗം വീട്, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, പ്രതിശീർഷ വരുമാനം തുടങ്ങിയ മേഖലകളിൽ ഇന്നും വലിയ പിന്നാക്കാവസ്ഥ നേരിടുകയാണ്. ഏഴ് പതിറ്റാണ്ടിന്റെ ജനാധിപത്യ ഭരണത്തിനുശേഷവും ഈ അസമത്വം തുടരുന്നത് ഗൗരവകരമായ ചർച്ചയാകണം.
തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം പട്ടികജാതി വിഭാഗത്തിന്റെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. സമുദായത്തിന്റെ അവകാശങ്ങൾ, ആനുകൂല്യങ്ങൾ, വികസന ആവശ്യങ്ങൾ എന്നിവ പരിശോധിച്ച് സംരക്ഷിക്കുന്നതിന് ചാത്തൻ മാസ്റ്റർ സ്മൃതി സഭയുടെ നേതൃത്വത്തിൽ ശക്തമായ ഒരു പൊതുവേദി രൂപീകരിക്കണം. മതപരിവർത്തനവുമായി ബന്ധപ്പെട്ട പട്ടികജാതി സംവരണ ആനുകൂല്യങ്ങളുടെ വിഷയമുൾപ്പെടെ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. സമുദായത്തിന്റെ വികസനത്തിനും അവകാശസംരക്ഷണത്തിനും പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ബിജെപിയുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകും.
രാഷ്ട്രീയത്തിന്റെ യഥാർഥ ലക്ഷ്യം ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുകയും അവരുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയുമാണ്. പിന്നാക്ക വിഭാഗങ്ങളുടെ ജീവിതത്തിൽ യഥാർഥ പുരോഗതി ഉറപ്പാക്കാൻ ഭരണകൂടങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. രാഷ്ട്രീയ വാഗ്ദാനങ്ങൾ ആവർത്തിക്കുന്നതിനുപകരം അവകാശങ്ങളും അവസരങ്ങളും എല്ലാവർക്കും തുല്യമായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന വ വാർത്താസമ്മേളനത്തിൽ ബിജെപി കേരളം പ്രഭാരി പ്രൊഫ. എം. നാഗരാജ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു.