24/05/2026
HPV Vaccine
Official page of District Collector & District Magistrate Idukki,Kerala.
24/05/2026
HPV Vaccine
20/05/2026
പ്ലസ്ടു ഫലം ഇനി നമ്മുടെ കേരളം ആപ്പിലൂടെ
പ്രിയ വിദ്യാർത്ഥികളേ രക്ഷിതാക്കളെ,
നമ്മുടെ സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കുകയാണ്. പത്താം ക്ലാസ് ഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയത് പോലെ പ്ലസ്ടു ഫലവും ഇത്തവണ നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാനാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണ്ണമായി ഒഴിവാക്കാനും, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിൽ ഒന്നാണ് പ്ലസ് ടു.
ഈ പരീക്ഷാഫലവും അതിന് പിന്നാലെ എടുക്കുന്ന തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും തന്നെയാണ് ഭാവിയുടെ ദിശ നിർണയിക്കുന്നത്. സ്വപ്നങ്ങളിലേക്കുള്ള പുതിയ വാതിലുകൾ തുറക്കാനും, ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കാനും, ആഗ്രഹിക്കുന്ന ഉയരങ്ങൾ കീഴടക്കാനും ഈ പ്ലസ് ടു ഫലം സഹായിക്കട്ടെ.
2026 മേയ് 26-ന് ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ ആപ്പിലെ ലിങ്ക് സജീവമാകുന്നതാണ്.
ഫലം പരിശോധിക്കേണ്ട വിധം:
* ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
* ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കി പ്രവേശിക്കുക.
* ആപ്പിലെ ‘സേവനങ്ങൾ’ വിഭാഗത്തിലുള്ള 'Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ തന്നെ സ്ക്രീനിൽ ലഭ്യമാകും.
സർക്കാരിന്റെ ഈ ഡിജിറ്റൽ സേവനം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. റിസൾട്ട് കാത്തിരിക്കുന്ന എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
ഇടുക്കി ജില്ലയിലെ പൈനാവ് PM SHRI കേന്ദ്രീയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
ബാലവാടിക – III ൽ എസ് സി, എസ് ടി , RTE സീറ്റുകളിലും ക്ലാസ് ഒന്നു മുതൽ 9 വരെ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട് (ക്ലാസ് III & IV ഒഴികെ)
സർക്കാർ ഇതര വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
📢 മികവിന്റെ വിദ്യാലയത്തിലേക്ക് ഏവർക്കും സ്വാഗതം
മികവുറ്റ അധ്യാപകർ, ആധുനിക സൗകര്യങ്ങൾ, സമഗ്രമായ വിദ്യാഭാസം എന്നിവയിലൂടെ കുട്ടികളുടെ ഭാവിയെ ഉറപ്പാക്കുന്ന മികച്ച അവസരം ഉപയോഗപ്പെടുത്തുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക PM SHRI കേന്ദ്ര വിദ്യാലയം, പൈനാവ്, ഇടുക്കി. 0486-2232205, 9446478308.
08/05/2026
ഇടുക്കി ജില്ലാ ഭരണകൂടം District Collectors Internship Program- ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി - 19/05/26
08/05/2026
Nammude Keralam
07/05/2026
പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സേനയെയും വിന്യസിച്ചിരുന്നു. അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതിലുള്‍പ്പെടുന്നു. മറ്റുഭൂമിയോ വീടോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പുനരധിവാസം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കൂ. സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മ്മിച്ചിട്ടുള്ള മൂന്നു നില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം നല്‍കാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃത നിര്‍മാണം നടത്തിയവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ല. വേറെ ഒരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത അര്‍ഹരായവരുടെ പുനരധിവാസം ഉറപ്പാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി സഹകരിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും.
അനധികൃതമായ നിര്‍മാണം അനുവദിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കും. നീര്‍ച്ചാലുകളും പുഴകളും സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങള്‍ നിലവിലുണ്ട്. ഈ നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണങ്ങള്‍ അനുവദിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം കൂട്ടാറിലുണ്ടായ വെള്ളപ്പൊക്കം ഇതിന് ഉദാഹരണമാണ്. ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ഏറ്റെടുക്കുന്ന ഭൂമി പുഴയുടെ പുനരുജ്ജീവനം സാധ്യമാകുന്ന വിധത്തില്‍ വിനിയോഗിക്കും.
ഉടുമ്പന്‍ചോല താലുക്ക് പൂപ്പാറ വില്ലേജില്‍ പൂപ്പാറ ടൗണില്‍ 56 വ്യക്തികളാണ് പന്നിയാര്‍ പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവ കൈയേറി 88 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. താല്‍ക്കാലിക നിര്‍മ്മിതിയായി ആരംഭിച്ച കെട്ടിടങ്ങള്‍ പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 13 ന് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ റവന്യ അധികാരികളെ ചുമതലപ്പെടുത്തി 2023 ജനുവരി 17 ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.
2024 ഫെബ്രുവരി 7 ന് അന്നത്തെ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പൂര്‍ണ്ണമായും താമസത്തിന് മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ളവ പൂട്ടി സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകുവാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മഴക്കാലത്ത് വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു.
2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മ്മിതികള്‍ സ്വയം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഈ കാലപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.
03/05/2026
Election Result on 4th May from 8.00am onwards...
നാളെ (മെയ് 4 ) നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായി. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രം പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണ്. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കുട്ടിക്കാനം മരിയഗിരി ഇ.എം.എച്ച്. എസ്. എസും ദേവികുളം മണ്ഡലത്തിലെ കേന്ദ്രം മൂന്നാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ്. അഞ്ച് ആര്‍.ഒ-മാരും 39 അഡീഷണല്‍ ആര്‍.ഒ-മാരും 116 സൂക്ഷ്മനീരീക്ഷകരും (മൈക്രോ ഒബ്‌സര്‍വര്‍ ) 116 കൗണ്ടിംഗ് സൂപ്പര്‍വെസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റ്മാരും ഉള്‍പ്പെടെ ആകെ 411 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാവുക. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുന്നത്.
ആദ്യമെണ്ണിത്തുടങ്ങുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീനുകളിലെ
വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 എണ്ണത്തിന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആര്‍.ഒ എന്ന നിലയിലും ക്രമീകരിക്കും.
പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്‌സര്‍വറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാക്ഷിയാക്കി, വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണുമ്പോല്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്തുവെയ്ക്കും.
വോട്ടിംഗ് യന്ത്രങ്ങളിലെയും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ ) എണ്ണും. വിവിപാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും.
ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17 സി പാര്‍ട്ട് ഒന്നിലെ (അക്കൗണ്ട് ഓഫ് വോട്ട്‌സ് റെക്കോഡഡ്) വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തില്‍ ഇ.വി.എമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് 17 സി പാര്‍ട്ട് ഒന്ന്.
കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും 2 വോട്ടിംഗ് യന്ത്രങ്ങള്‍ ഒബ്സര്‍വര്‍ എണ്ണും. ഒരോ മണ്ഡലങ്ങളിലെയും 5 ബൂത്തുകളിലെ വീതം വിവിപാറ്റും നിര്‍ബന്ധമായും എണ്ണും.
ശ്രദ്ധിക്കേണ്ടത്
🔷🔷🔷🔷🔷🔷
വോട്ടെണ്ണല്‍ ഹാളിലുള്ള സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എപ്പോഴും വ്യക്തമായി കാണത്തക്ക രീതിയില്‍ ധരിക്കണം.
വോട്ടെണ്ണല്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) രണ്ടാം പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് (ഞഛ) സമര്‍പ്പിക്കേണ്ടതാണ്.
വോട്ടെണ്ണല്‍ പ്രക്രിയ സുഗമമായി നടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
അനുവദിക്കപ്പെട്ട വോട്ടെണ്ണല്‍ ടേബിളുകളിലോ ബാരിക്കേഡിന് പിന്നില്‍ നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലോ മാത്രം ഇരിക്കുക.
1951-ലെ ആര്‍.പി ആക്ട് സെക്ഷന്‍ 128 പ്രകാരം വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാനുള്ള നിയമപരമായ ബാധ്യത പാലിക്കണം.
ഇ.വി.എമ്മുകളില്‍ തൊടരുത്. വോട്ടെണ്ണല്‍ നിരീക്ഷിക്കാന്‍ അനുവാദമുണ്ടെങ്കിലും, ബാരിക്കേഡിന് പിന്നിലുള്ള ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ല.
സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മോശമായി പെരുമാറുന്നവരെയോ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെയോ ഹാളില്‍ നിന്ന് പുറത്താക്കുന്നതാണ്.
സാധുവായ പാസ് ഉള്ളവര്‍ക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്കും (റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ജീവനക്കാര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, ചുമതലപ്പെട്ട പൊതുസേവകര്‍) മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
സുരക്ഷയും രഹസ്യാത്മകതയും ഉറപ്പാക്കിക്കൊണ്ട് വോട്ടെണ്ണല്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ട്.
വോട്ടെണ്ണല്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം പ്രവേശിക്കരുത്.
വോട്ടെണ്ണല്‍ ഹാളിന്റെയും പ്രവര്‍ത്തനങ്ങളുടെയും പൊതുവായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹാന്‍ഡ്‌ഹെല്‍ഡ് ക്യാമറകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇ.വി.എമ്മില്‍ തെളിയുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ കൃത്യമായ ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും ക്യാമറയില്‍ പകര്‍ത്താന്‍ പാടുള്ളതല്ല.
ട്രൈപോഡുകള്‍ ഉപയോഗിച്ചുള്ള വീഡിയോ/സ്റ്റില്‍ ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ അനുവദിക്കില്ല.
വോട്ടെണ്ണല്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താനോ ഇ.വി.എമ്മുകള്‍ നീക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാനോ പാടില്ല.
വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്സര്‍വര്‍ക്കും, റിട്ടേണിംഗ് ഓഫീസര്‍ക്കും (ഒ.ടി.പി വരുന്ന ഫോണ്‍) മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ മൊബൈല്‍ ഫോണ്‍, പുറത്ത് സജ്ജമാക്കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ ഡെപ്പോസിറ്റ് യൂണിറ്റില്‍ നിക്ഷേപിക്കേണ്ടതാണ്.
01/05/2026
മംഗളാദേവി ചിത്രാപൗര്‍ണ്ണമി: ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം
------------------------------------------
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഭക്തിസാന്ദ്രമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണയും ഉത്സവം വിജയകരമായി സംഘടിപ്പിച്ചത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഒരേസമയം കേരള, തമിഴ്നാട് രീതികളിലുള്ള പൂജാകര്‍മ്മങ്ങള്‍ നടന്നു.
പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്രനട തുറന്ന് ആചാരപരമായ ചടങ്ങുകള്‍ ആരംഭിച്ചു. മംഗളാദേവി പ്രതിഷ്ഠയുള്ള ആദ്യ ശ്രീകോവിലിലും ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പ്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകള്‍ നടന്നു. തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി മൂലത്തടം എം.എൻ നാരായണൻ നമ്പൂതിരിയും പൂജകള്‍ക്ക് നേതൃത്വം നല്‍കി. തൊട്ടടുത്തുള്ള രണ്ടാമത്തെ ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ക്ഷേത്ര സമുച്ചയത്തിന്റെ പ്രത്യേകതയാണ്.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ പോലീസ്, റവന്യു, വനം, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്‌നി രക്ഷാ സേന എന്നീ വകുപ്പുകൾ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഭക്തര്‍ക്കായി കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങള്‍, മലയാളത്തിലും തമിഴിലുമുള്ള ദിശാസൂചന ബോര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ യൂണിറ്റും ആംബുലന്‍സ് സൗകര്യത്തോടുകൂടിയ മെഡിക്കല്‍ സംഘങ്ങളെയും വിവിധ പോയിന്റുകളിൽ വിന്യസിച്ചിരുന്നു. അഗ്‌നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു കെ എം, ഇടുക്കി സബ് കളക്ടർ ശ്രീ അനൂപ് ഗാർഗ്, എ.ഡി.എം ശ്രീ. എസ് ശ്രീജിത്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാർ, എന്നിവർ ക്ഷേത്രം സന്ദര്‍ശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
29/04/2026
മെയ് ഒന്നിന് നടക്കുന്ന
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. പെരിയാര്‍ കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മണി മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍ നിന്ന് തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.
കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം. ട്രിപ്പ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്കും ഇന്നും നാളെയും (29, 30) കുമളി ബസ് സ്റ്റാൻഡിൽ നാല് കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിനും തിരിച്ചുമിറങ്ങുന്ന പാതകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എക്‌സിറ്റ് പോയിന്റിലൂടെയാകും ഇത്തവണ പ്രവേശനം. തിരക്ക് ഒഴിവാക്കാൻ ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും. പാദരക്ഷകൾ സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക സൗകര്യമുണ്ടാകും.
ഭക്ഷണത്തിനും, കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വൈദ്യ സഹായത്തിന് ഇരു സംസ്ഥാനത്ത് നിന്നുള്ള മെഡിക്കൽ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കും.
വനത്തിലും ക്ഷേത്രപരിസരത്തും ഏതെങ്കിലും തരത്തിലുള്ള നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദർശന മോ പാടില്ല.
🔷കര്‍ശന നിയന്ത്രണങ്ങള്‍:
5 ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, അലുമിനിയം ഫോയില്‍ എന്നിവ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.
ഭക്ഷണം വാഴ ഇലകളില്‍ പൊതിഞ്ഞ് കൊണ്ടുവരണം.
സസ്യാഹാരം മാത്രമേ അനുവദിക്കൂ.
മദ്യം, മയക്കുമരുന്ന് എന്നിവ വനമേഖലയില്‍ കര്‍ശനമായി നിരോധിച്ചു.
വനത്തിനുള്ളില്‍ പാചകം ചെയ്യാനോ പടക്കം പൊട്ടിക്കാനോ പാടില്ല.
വനമേഖലയില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല. ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ലൗഡ്‌സ്പീക്കർ, ആംപ്ലിഫയർ തുടങ്ങിയ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ വനത്തിനുള്ളിൽ അനുവദിക്കില്ല.
വൈക്കോൽ തുടങ്ങി എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ കൊണ്ടു വരരുത്.
വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരുന്നത് ശിക്ഷാർഹമാണ്.
| Monday | 9am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |