PRD Kannur

Call Directions Website Contact the organization

PRD Kannur District Information Office, Kannur, Civil Station, Phone- 0497 2700231
കണ്ണൂര്‍ ജില്ല

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക് പേജ് ആണിത്. ജില്ലയെ സംബന്ധിക്കുന്ന വാർത്തകളും വിവരങ്ങളും അറിയാനുള്ള ഇടം. പേജ് ലൈക് ചെയ്യൂ.. ഷെയർ ചെയ്യൂ. നിങ്ങൾ സന്ദർശകരാണ് ഞങ്ങളുടെ ശക്തി

ആറളത്തെ ആനമതില്‍ നിര്‍മാണ പുരോഗതി ജില്ലാ കലക്ടര്‍ വിലയിരുത്തിഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശംആറളം...
17/09/2026

ആറളത്തെ ആനമതില്‍ നിര്‍മാണ പുരോഗതി ജില്ലാ കലക്ടര്‍ വിലയിരുത്തി

ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ആറളം പുനരധിവാസ പദ്ധതി- അവലോകന യോഗം ചേര്‍ന്നു

ആറളത്ത് നിര്‍മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാകലക്ടര്‍ പി വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മതില്‍നിര്‍മാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടില്‍ ജില്ലാ കലക്ടറും സംഘവും എത്തിയത്. ആനമതില്‍ നിര്‍മിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇതിനകം ആറ് കിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രവൃത്തിയുടെ വേഗത വര്‍ധിപ്പിക്കണം. ആനമതിലിനോട് ചേര്‍ന്ന് വരുന്ന ജണ്ടകള്‍ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. ഇവിടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആര്‍ആര്‍ടിയുടെ നിരീക്ഷണം ശക്തമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആറളം മേഖലയിലെ സോളാര്‍ ഫെന്‍സിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് അനെര്‍ട്ട് അധികൃതരെ ചുമതലപ്പെടുത്തി.

ആറളം ഫാമിംഗ് കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമായിരുന്നു ജില്ലാ കലക്ടര്‍ ആനമതില്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മേഖലയിലെ കിണറുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
ടിആര്‍ഡിഎമ്മിന്റെ ഉടമസ്ഥതയിലുള്ള 7.5 സെന്റ് ഭൂമിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഐടിഡിപി ഓഫീസര്‍ നടപടി സ്വീകരിക്കണം. ബ്ലോക്ക് 9ലെ പൂക്കുണ്ടില്‍ പൊതുകിണര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പുവരുത്തുന്നതിനായി കൃഷി വകുപ്പ് സമര്‍പ്പിച്ച പദ്ധതി വേഗത്തിലാക്കണം. ഇതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കി. മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ടിഒ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അപര്യാപ്തമായതിനാല്‍ കെഎസ്ആര്‍ടിസി, ഐടിഡിപി, പ്രദേശവാസികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമഗ്ര പദ്ധതി തയ്യാറാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആറളം പുനരധിവാസ മേഖലയിലെ വോട്ടര്‍ ഐഡി കാര്‍ഡോ, ജനന സര്‍ട്ടിഫിക്കറ്റോ ഉള്ള കുട്ടികളുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഐടി മിഷനോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഡിഎഫ്ഒ കെ സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ മൃദുല, ആറളം സൈറ്റ് മാനേജര്‍ ടി ഷൈജു, ആറളം ഫാമിംഗ് കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിധീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണന്‍, ആറളം ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീശന്‍, റെയിഞ്ച് ഓഫീസര്‍മാരായ ടി നിതിന്‍രാജ്, രമ്യരാഘവന്‍, വിവിധ വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളയഞ്ചാലില്‍ നടക്കുന്ന ആപ്ത മിത്ര വളണ്ടിയര്‍ ട്രെയിനിംഗ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് എസ്ടി പ്രൊമോട്ടര്‍മാരുമായി ജില്ലാ കലക്ടര്‍ സംസാരിക്കുയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ടിആര്‍ഡിഎം സൈറ്റ് മാനേജറുടെ ഓഫീസും ഡിടിപിസി ഗസ്റ്റ്ഹൗസും സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.

ആറളത്തെ ആശ്രമം സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ആറളത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും പ്രീ...
17/09/2026

ആറളത്തെ ആശ്രമം സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍

ആറളത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്. ആറളത്ത് പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളാണ് കലക്ടര്‍ ആദ്യം സന്ദര്‍ശിച്ചത്. സ്‌കൂളിലെത്തിയ അദ്ദേഹത്തെ, സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ജില്ലാ കലക്ടര്‍, അവരുടെ പഠന കാര്യങ്ങളും താമസ സൗകര്യങ്ങളും ആരാഞ്ഞു.

ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം മികച്ച വിദ്യാഭ്യാസം നേടുകയെന്നതാണെന്ന് കുട്ടികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതിനായുള്ള സൗകര്യങ്ങളെല്ലാം പരമാവധി വിനിയോഗിക്കണം. കഠിന പ്രയത്‌നത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവി സ്വപ്‌നങ്ങള്‍ കലക്ടറുമായി പങ്കുവച്ചു.

സ്‌കൂളിലെ ക്ലാസ്സ് മുറികള്‍, കളിസ്ഥലങ്ങള്‍, ഹോസ്റ്റല്‍ മുറികള്‍, മെസ് ഹൗസ്് തുടങ്ങിയവ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സൗകര്യങ്ങള്‍ വിലയിരുത്തി. സ്‌കൂളിലേക്കുള്ള മണ്‍പാത ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വയനാട് ജില്ലയിലെ തിരുനെല്ലി ആശ്രമം സ്‌കൂളാണ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം 2025 നവംബറില്‍ ആറളത്തേക്ക് മാറ്റിയത്. ഗവ.ആശ്രമം സ്‌കൂള്‍ തിരുനെല്ലി (ആറളം) എന്ന പേരിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടറുടെ സന്ദര്‍ശനം സ്‌കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വലിയ ആവേശമായി.

ജില്ലാ കളക്ടര്‍ക്കൊപ്പം അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക പി പി രേഷ്മ, സീനിയര്‍ സൂപ്രണ്ട് ജി സന്തോഷ് കുമാര്‍, ആറളം സൈറ്റ് മാനേജര്‍ ടി.ഷൈജു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.മൃദുല, സ്‌കൂള്‍ മാനേജര്‍ ഒ.നൗഷാദ് തുടങ്ങിയവരും ഉണ്ടായിരുന്നു. ആറളത്തെ പ്രീമെട്രിക് ഹോസ്റ്റലും ജില്ലാ കലക്ടറും സംഘവും സന്ദര്‍ശിച്ചു.

ജില്ലാതല അറിയിപ്പുകള്‍സിവില്‍ സര്‍വീസ് സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നുപ്രാദേശിക വികസന പ്രശ്‌നങ്ങള്‍ പരിഹരി...
17/09/2026

ജില്ലാതല അറിയിപ്പുകള്‍

സിവില്‍ സര്‍വീസ് സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു

പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയാറാക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണിത്. വികസന മേഖലയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന സിവില്‍ സര്‍വീസ് സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. താല്‍പര്യമുള്ള സംഘടനകള്‍ വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, രജിസ്ട്രഷേന്‍ നമ്പര്‍, പ്രവര്‍ത്തന മേഖല, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. ഫോണ്‍: 0497 2700765.

സൗജന്യ ഫയര്‍ & സേഫ്റ്റി വര്‍ക്ക്‌ഷോപ്പ്

തളിപ്പറമ്പ് നോളജ് സെന്ററില്‍ സപ്തംബര്‍ 18 ന് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0460-2205474, 9847915099.

ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍

സി-ഡിറ്റിന്റെ കണ്ണൂര്‍, താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്എസ്എല്‍സി. എസ് സി/എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്. ഫോണ്‍: 9947763222.

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ തെക്കീബസാറില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സപ്തംബര്‍ 25, 26 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 24 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസ്സില്‍ പ്രവേശനമുള്ളൂ. ഫോണ്‍ നം. 0497-2763473.

ലേലം

ഉദയഗിരി അംശം ദേശത്തെ റീസ. ഒന്നില്‍പ്പെട്ട 1.28 ആര്‍ വസ്തുവിന്റെ ലേലം സപ്തംബര്‍ 28 രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസുമായോ തളിപ്പറമ്പ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടുക.

ഡയറി പ്രൊമോട്ടർ അഭിമുഖം മാറ്റിവെച്ചു

ക്ഷീരവികസന വകുപ്പിൻ്റെ “തീറ്റപ്പുൽകൃഷി വികസന പദ്ധതി"-യുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫീസുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 16-ന് നടത്താനിരുന്ന അഭിമുഖം 24 ലേക്ക് മാറ്റിവെച്ചു. അപേക്ഷകൾ സെപ്റ്റംബർ 18 വരെ ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റുകളിൽ സമർപ്പിക്കാം. അപേക്ഷയുടെ മാതൃകയ്ക്കും കൂടുതൽ വിവരങ്ങൾക്കും ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2707859.

പൈലോനിഡൽ സൈനസ് സൗജന്യ ചികിത്സ

നട്ടെല്ലിൻ്റെ ഏറ്റവും താഴ്ഭാഗത്തായി പഴുപ്പും വേദനയോടും കൂടി വരുന്ന പൈലോനിഡൽ സൈനസ് രോഗത്തിനും പ്രോസ്ട്രേറ്റ് ഗ്രന്ഥി വീക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും (പ്രായപരിധി: 45-70 വയസ്), കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിൽ (ഒ പി നമ്പർ: 9) ഗവേഷണാടിസ്ഥാനത്തിൽ സൌജന്യ ചികിത്സ നല്കുന്നു.
ഒ പി സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. ഫോൺ: 9539478575, 9947951461

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്‌സിഡി; അപേക്ഷ ക്ഷണിച്ചു

കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്‌സിഡിയിൽ ലഭിക്കുന്ന സ്‌മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ അപേക്ഷ സ്വീകരിക്കും. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പു യന്ത്രങ്ങൾ, വിള, സംസ്ക്‌കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്‌സിഡി അനുവദിക്കുന്നത്. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ യോഗ്യരായ എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി ഓൺലൈൻ നറുക്കെടുപ്പിലൂടെയാകും തെരെഞ്ഞെടുപ്പ്. ഒക്ടോബർ 16-ന് നറുക്കെടുപ്പ് നടത്തും.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ തൊട്ടടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
വെബ്സൈറ്റ്: http://agrimachinery.nic.in/index
ഫോൺ: 0497-2965150, 7907425006, 9383472052, 9383472051

ദേവസ്വം ക്ഷേമനിധി സെക്രട്ടറിയുടെ ക്യാമ്പ് 18ന്

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിന് സപ്തംബർ 18 രാവിലെ 10.30 മുതൽ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലെയും കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ്ഗ് താലൂക്കിലെയും ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടയ്ക്കേണം.
ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിന് ക്ഷേത്രജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകർപ്പും സഹിതം സമർപ്പിക്കാം.
മേലിൽ ബോർഡിൻ്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിയ്ക്കുന്നതല്ല. ഫോൺ: 0495 2360726

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ. ഐടിഐയിൽ എൻ.സി.വി.ടി ട്രേഡിൽ എസ്.സി.എസ്. ടി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി, ഫീസ് 2750/- രൂപ എന്നിവയുമായി സപ്തംബർ19 രാവിലെ 11 മണിക്ക് മുമ്പായി ഐടിഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9895265951.

വയോജന കമ്മീഷൻ സിറ്റിംഗ്

സപ്തംബർ 22 രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്ന് വരെ കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വയോജന കമ്മീഷൻ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കുന്നതാണ്.

ചുമതലയേറ്റു

കണ്ണൂർ സർവകലാശാലയുടെ രജിസ്ട്രാർ-ഇൻ-ചാർജ് ആയി ഫിനാൻസ് ഓഫീസർ സുനിൽ കുമാർ എസ് ചുമതലയേറ്റു.

തത്സമയ അഡ്മിഷൻ

​കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സപ്തംബർ 17 മുതൽ 22 വരെ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ 9061762960, 04602225450.

​കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ 2025 ഡിസംബറിനും മുൻ വർഷങ്ങളിലും നടന്ന കെടെറ്റ് പരീക്ഷകളിൽ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ വിതരണം സപ്തംബർ 17 മുതൽ 26 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നടക്കും. ഒറിജിനൽ ഹാൾടിക്കറ്റ് കൊണ്ടുവരണം.

സപ്തംബർ 17 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501607 മുതൽ 501776 വരെയും 602265 മുതൽ 602573 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 702525 മുതൽ 702846 വരെയും 800731 മുതൽ 800833 വരെയും.
​സപ്തംബർ 18 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501777 മുതൽ 501922 വരെയും 602575 മുതൽ 602921 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 702847 മുതൽ 703124 വരെയും.
സപ്തംബർ 19 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501924 മുതൽ 502094 വരെയും 602922 മുതൽ 603186 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703127 മുതൽ 703398 വരെയും 800918 മുതൽ 801025 വരെയും.
സപ്തംബർ 22 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502095 മുതൽ 502256 വരെയും 603188 മുതൽ 603517 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703399 മുതൽ 703727 വരെയും 801027 മുതൽ 801185 വരെയും
സപ്തംബർ 23 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502257 മുതൽ 502456 വരെയും 603518 മുതൽ 603838 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703728 മുതൽ 704082 വരെയും 801193 മുതൽ 801432 വരെയു
സപ്തംബർ 24 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502459 മുതൽ 502671 വരെയും 603841 മുതൽ 655099 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 704085 മുതൽ 704403 വരെ.
സപ്തംബർ 25 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502672 മുതൽ 502729 വരെയും 704412 മുതൽ 757911 വരെയും
​സപ്തംബർ 26 ന് മുൻവർഷങ്ങളിൽ വിജയിച്ചവരുടെയും സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുക.
​ഫോൺ 0497 2700167.

ജില്ലാതല അറിയിപ്പുകള്‍ കൈരളിയുടെ ആറന്‍മുള കണ്ണാടി പ്രദര്‍ശന വിപണനമേള ബുധനാഴ്ച മുതല്‍കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈ...
16/09/2026

ജില്ലാതല അറിയിപ്പുകള്‍


കൈരളിയുടെ ആറന്‍മുള കണ്ണാടി പ്രദര്‍ശന വിപണനമേള ബുധനാഴ്ച മുതല്‍

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളി കണ്ണൂര്‍ ഷോറൂമില്‍ സപ്തംബര്‍ 16 മുതല്‍ 30 വരെ ആറന്‍മുള കണ്ണാടിയുടെ പ്രദര്‍ശന വിപണനമേള നടത്തും. ലോകപ്രശസ്തമായ ആറന്‍മുള കണ്ണാടികളുടെ വൈവിധ്യമാര്‍ന്ന ശ്രേണി 10 % വിലക്കുറവില്‍ ലഭ്യമാകും.
സാധാരണ ഗ്ലാസ് കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി, ചെമ്പും വെളുത്തീയവും ചേര്‍ന്ന പ്രത്യേക ലോഹസങ്കരം കൊണ്ടാണ് കണ്ണാടിയുടെ നിര്‍മ്മാണം. സാധാരണ കണ്ണാടികളില്‍ പിന്‍പ്രതല പ്രതിഫലനമാണെങ്കില്‍ ആറന്മുള കണ്ണാടിയില്‍ മുന്‍പ്രതല പ്രതിഫലനമാണുണ്ടാവുക. ഇതുമൂലം പ്രതിബിംബത്തില്‍ വക്രതയോ ദ്വിതീയ പ്രതിഫലനങ്ങളോ ഉണ്ടാവുന്നില്ല. യഥാര്‍ത്ഥ രൂപം തന്നെ കാണിക്കുന്നു. ഭൗമസൂചികാ പദവി ലഭിച്ച ആറന്‍മുള കണ്ണാടിക്കു പുറമെ കേരളത്തിന്റെ പൈതൃകമായ മറ്റു കരകൗശല ഉത്പന്നങ്ങളും കൈരളിയില്‍ ലഭ്യമാണ്.
തെക്കിബസാറിലെ സബ് ജയിലിനു മുന്‍പിലുള്ള മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സിനകത്തു പ്രവര്‍ത്തിക്കുന്ന ഷോറൂം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും 10 മണി മുതല്‍ 6.30 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 0497 2700379, 9656097355.

ട്രക്കിംഗ് ക്യാമ്പ്

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയ്യതികളിലായി കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ആയിരം രൂപ. അപേക്ഷ ജില്ലായുവജന കേന്ദ്രത്തിന്റെ [email protected] മെയിലിലേക്ക് സപ്തംബര്‍ 24 നകം അയക്കണം. ഫോണ്‍: 9895314639, 9846050559.

സൗജന്യ തൊഴില്‍ പരിശീലനം

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്കുള്ള സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത പ്ലസ് ടു. ഫോണ്‍: 9495999712.

വനിതാ സംരംഭകര്‍ക്ക് പലിശരഹിത വായ്പയുമായി 'പ്രിയദര്‍ശിനി' പദ്ധതി

ഉല്‍പ്പാദന മേഖലയിലുള്ള വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 'പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി' നടപ്പിലാക്കുന്നു. കൃത്യമായി തിരിച്ചടവ് നടത്തുന്ന വനിതാ സംരംഭകര്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി നല്‍കി, പലിശരഹിത വായ്പയായി മാറ്റുന്നു. പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്ന/നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകള്‍ (വിധവകള്‍, ഭിന്നശേഷിക്കാര്‍, 40 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന). പ്രായ പരിധി 18-നും 60-നും ഇടയില്‍. പരമാവധി വായ്പാ തുക 5 ലക്ഷം രൂപ. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയരുത്. അപേക്ഷകരുടെ പേരില്‍ സാധുവായ ഉദ്യം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ് ബി സി ഡി സി ജില്ലാ/യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706196, 2706197, വാട്‌സ് അപ്പ്: 9447730066.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ പാതിരിയാട് വില്ലേജില്‍പ്പെട്ട ശ്രീ കേളാലൂര്‍ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സപ്തംബര്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0490 2321818

ടെണ്ടര്‍ ക്ഷണിച്ചു

അഡാക് കേരള താഴെ പറയുന്നവയുടെ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ബ്രാക്കറ്റില്‍. കാര്‍പ്പ് സീഡ്, ഗിഫ്റ്റ് സീഡ്, പാന്‍ഗാസിയസ് സീഡ്, അനാബസ് സീഡ് (സപ്തംബര്‍18), മുരള്‍ സീഡ് (സപ്തംബര്‍ 19), മീഡിയം പ്രോട്ടീന്‍ മത്സ്യ ഫീഡ്, ഉയര്‍ന്ന പ്രോട്ടീന്‍ മത്സ്യ ഫീഡ് (സപ്തംബര്‍ 22), വനാമി ചെമ്മീന്‍ ഫീഡ് (സപ്തംബര്‍ 24). ടെന്‍ഡര്‍ ഫോം/നിബന്ധനകളും വ്യവസ്ഥകളും www.etender.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0490 2354073.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം

ജില്ലയിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ അക്കൗണ്ടുകളും വിക്‌സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍), പദ്ധതിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകളും സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി/ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുളള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സപ്തംബര്‍ 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂര്‍ വി ബി ജി റാം ജി പദ്ധതിയുടെ പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ സിവല്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0497-2767488, 9995767488

ഗാന്ധി ജയന്തി വാരാഘോഷം; ജില്ലാതല ക്വിസ്സ് മത്സരം ഒക്ടോബര്‍ഒന്നിന്

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്‌നോത്തരിയിലേക്കുള്ള ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി തല വിദ്യാര്‍ത്ഥികളുടെ തെരഞ്ഞടുക്കാന്‍ ജില്ലാതല ക്വിസ് മല്‍സരം നടത്തുന്നു.
ഒക്ടോബര്‍ ഒന്ന് പകല്‍ 10.30 ന് കണ്ണൂര്‍ മഹാത്മാമന്ദിരം ഹാളില്‍ വെച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ക്വിസ്സ് മത്സരം നടത്തുക. ഒരു സ്‌കൂളില്‍ നിന്നും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിഭാഗത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ സപ്തംബര്‍ 26 പകല്‍ മൂന്ന് മണിക്ക് മുമ്പായി 0497 2700057, 9496355105, 9400411493 നമ്പറുകളിലോ [email protected] ഇ മെയിലിലോ ബന്ധപ്പെടണം. ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 ന് രജിസ്‌ട്രേഷന് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിക്കുന്ന ഫ്യൂവല്‍ സ്റ്റേഷനിലേക്ക് 25 കിലോവാട്ട് ഡീസല്‍ ജനറേറ്റര്‍ വിത്ത് അക്വാസ്റ്റിക് എന്‍ക്ലോഷര്‍, സിസിടിവി ഫെസിലിറ്റി വിത്ത് അഡിക്വേറ്റ് കവറേജ് & സ്റ്റോറേജ് എന്നിവ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 വൈകുന്നേരം അഞ്ച് മണി. ഫോണ്‍: 0497 2700057, 9847589475.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് 7 സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിഗ, ഇന്നോവോ, ക്രിസ്റ്റ, ബൊലേറോ മുതലായ വാഹനങ്ങള്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാരില്‍ നിന്നും/ ഏജന്‍സികളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ നമ്പര്‍ DMHP(A4) No-9459/26. ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി സപ്തംബര്‍ 18 രാവിലെ 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. (റൂം നമ്പര്‍ 115).


കേസുകൾ മാറ്റി വച്ചു

തലശ്ശേരി എസ് ഡി എം കോടതിയിൽ സപ്തംബർ 16 ന് നിശ്ചയിച്ച എം സി കേസുകൾ 23 രാവിലെ 11 മണിയിലേക്ക് മാറ്റി വച്ചു



ഗതാഗതം നിരോധിച്ചു

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ വടക്കെ പൊയിലൂർ -കുഴിക്കൽ - ചമതക്കാട് വരെയുള്ള വാഹന ഗതാഗതം സപ്തംബർ 17 മുതൽ 10 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു.

​ക്ഷേമനിധി അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ അംശദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായി പോയവര്‍ക്കും അംശാദായ അടവ് മുടങ്ങി അംഗത്വം പുതുക്കിയ ശേഷം വീണ്ടും അംഗത്വം റദ്ദായവര്‍ക്കും ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം. ​ഒ​ക്ടോബർ ഒന്ന് മുതല്‍ 31വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം കണ്ണുര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരായി പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം. ഫോണ്‍: 0497 2701081.

കൃഷിക്കാരുടെ ആത്മാഭിമാനം വീണ്ടെടുക്കും: മന്ത്രി ടി സിദ്ദീഖ്ആത്മ കര്‍ഷക അവാര്‍ഡ് വിതരണം ചെയ്തുകൃഷിക്കാരുടെ ആത്മാഭിമാനവും ...
16/09/2026

കൃഷിക്കാരുടെ ആത്മാഭിമാനം വീണ്ടെടുക്കും: മന്ത്രി ടി സിദ്ദീഖ്

ആത്മ കര്‍ഷക അവാര്‍ഡ് വിതരണം ചെയ്തു

കൃഷിക്കാരുടെ ആത്മാഭിമാനവും കാര്‍ഷിക മേഖലയുടെ കരുത്തും വീണ്ടെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി-മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. പേരാവൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആത്മ കര്‍ഷക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ അന്നം തരുന്ന കര്‍ഷകരെപ്പറ്റി ചിന്തിക്കാറില്ല. അരിയുടെയും പച്ചക്കറികളുടെയും വിലയെക്കുറിച്ച് ചിന്തിക്കും. വിയര്‍പ്പിന്റെ ചൂരും മണ്ണിന്റെ ഗന്ധവുമുള്ള കര്‍ഷകരുടെ അധ്വാനത്തെപ്പറ്റി ഓര്‍ക്കാന്‍ പോലും നമുക്ക് സമയമില്ല. കാര്‍ഷികവൃത്തി രണ്ടാം തരമാണെന്ന ചിന്ത എല്ലായിടത്തും കടന്നുവന്നിട്ടുണ്ട്. മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ ജോലിയും ഉത്തരവാദിത്തപ്രവര്‍ത്തനവുമാണ് കൃഷി. മാന്യതയും അഭിമാനവുമുള്ള പ്രവര്‍ത്തനമാണത്. കര്‍ഷകരെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. കര്‍ഷകരില്ലെങ്കില്‍ നമ്മളില്ല, കുടുംബമില്ല, സമൂഹമില്ല, ഒന്നുമില്ല. അതിനാല്‍ കര്‍ഷകരെ നിലനിര്‍ത്താനാവശ്യമായ, അവരുടെ കാലുകള്‍ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്നും കൃഷി വകുപ്പ് ഉണ്ടാകുമെന്ന ഉറപ്പ് നല്‍കുന്നതായും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ നിന്നും അന്യംനിന്ന് പോകുന്ന പുതു തലമുറയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ കൃഷി വകുപ്പും സര്‍ക്കാരും പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ തുടങ്ങിയത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. വിഷാംശമുള്ള പച്ചക്കറികളാണ് നാം പലപ്പോഴും കഴിക്കുന്നത്. ജൈവകാര്‍ഷിക മേഖലയിലേക്ക് പോവുക എന്നതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷാംശമടങ്ങിയ പച്ചക്കറികളെ പുറത്താക്കാമുള്ള മാര്‍ഗ്ഗം. വനിതാ കര്‍ഷകര്‍ക്കായി കൃഷിശക്തി എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. ആത്മവിശ്വാസമുള്ളവരായി കൃഷിക്കാരെ കൃഷിയിടങ്ങളിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വരള്‍ച്ചയ്‌ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ടി സിദ്ദീഖ് അറിയിച്ചു.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുളസി ചെങ്ങാട്ട് ആമുഖഭാഷണം നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ ചുമതലയുള്ള അജിത് മോഹന്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ നിഷ ബാലകൃഷ്ണന്‍ (പേരാവൂര്‍), ലിസി ജോസഫ് (കേളകം), സിസിലി കണ്ണന്താനം (കൊട്ടിയൂര്‍), ഡോ. ത്രേസ്യ പോള്‍ (കണിച്ചാര്‍), അഡ്വ. ജാഫര്‍ നല്ലൂര്‍ (മുഴക്കുന്ന്), സുരേഷ് ബാബു മാസ്റ്റര്‍ (മാലൂര്‍), പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ലിസമ്മ ജോസഫ്, ജയ്ഷ ബിജു, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, അബ്ദുല്‍ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയ്‌സണ്‍ കാരക്കാട്, നവ്യ സുരേഷ്, സിജു രാജീവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി അശ്വതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ സജീവന്‍, മറ്റ് ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മികച്ച സമിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ കെ എ ജിന്റോയും വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഷീജ മനോജും ഏറ്റു വാങ്ങി. കോളയാട് ഗ്രാമപഞ്ചായത്തിലെ വി ബാബു മികച്ച എസ് ടി കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ അജിത്ത് പീറ്ററാണ് മികച്ച ക്ഷീര കര്‍ഷകന്‍. ടി യു അജിത്ത് മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് നേടി. കേളകം ഗ്രാമപഞ്ചായത്തിലെ അമൃത ബിജു പ്രത്യേക ആദരവിന് അര്‍ഹയായി. തുടര്‍ന്ന് ആത്മ പേരാവൂര്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ മാലൂര്‍ കൃഷി ഓഫീസര്‍ ഷിനു തോമസ് ക്ലാസ്സെടുത്തു.

മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചുഅടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുംഫിഷറീസ് സാമൂഹ്യ നീതിവകു...
15/09/2026

മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചു

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും

ഫിഷറീസ് സാമൂഹ്യ നീതിവകുപ്പ് വകുപ്പ് മന്ത്രി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍ കണ്ണൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സിറ്റി ഹാര്‍ബറിലെത്തിയ മന്ത്രിയെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചു. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. ഹാര്‍ബറിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ടി.ഒ.മോഹനന്‍ എം.എല്‍.എ, മേയര്‍ പി.ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍, ഫിഷറീസ് വകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജുഗ്‌നു, അസിസ്റ്റന്റ് ഡയറക്ടര്‍ ജെ.താര തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ആരോഗ്യദായക ഭക്ഷണം കുട്ടികളുടെ അവകാശം: മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍പോഷണമൂല്യമുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം കുട്ടികളുടെ അ...
15/09/2026

ആരോഗ്യദായക ഭക്ഷണം കുട്ടികളുടെ അവകാശം: മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍

പോഷണമൂല്യമുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം കുട്ടികളുടെ അവകാശമാണെന്ന് ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങുന്ന സമൃദ്ധി പ്രഭാത ഭക്ഷണ പദ്ധതി കണ്ണാടിപ്പറമ്പ ദേശ സേവാ യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും നല്ല ഭക്ഷണമാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണശീലം പിന്തുടരുന്നത് കുട്ടികളെയും തലമുറകളെയും സാരമായി ബാധിക്കും. ഇതിനെല്ലാം പരിഹാരമായി കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കാനുള്ള നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ശ്ലാഘനീയമാണെന്നും മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്‌മത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ പാളത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം മുസ്തഫ് കോടിപ്പോയില്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രശാന്ത് മാസ്റ്റര്‍, കെ.വിഷിജ, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ്, സ്റ്റാന്‍ഡിങ്ങ് ക്മ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.ടി.ഹസീന, എം.പി.മുഹമ്മദ്, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് അഷ്‌കര്‍ കണ്ണാടിപ്പറമ്പ, പഞ്ചായത്തംഗം എ.പുരുഷോത്തമന്‍, സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍, പാപ്പിനശ്ശേരി ഉപജില്ല എ.ഇ.ഒ ജാന്‍സി ജോണ്‍, കെ.അജിത തുടങ്ങിയര്‍ സംസാരിച്ചു.

റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ; പിഎം റാഹത്ത് പദ്ധതിയില്‍ പരിശീലനം നല്‍കിറോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക...
15/09/2026

റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ; പിഎം റാഹത്ത് പദ്ധതിയില്‍ പരിശീലനം നല്‍കി

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎം റാഹത്ത് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും മരണനിരക്ക് പരമാവധി കുറയ്ക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. ഏത് റോഡില്‍ വച്ചും അപകടത്തില്‍പെടുന്നവര്‍ക്ക് ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യമായി ലഭ്യമാക്കുന്നതാണ് പിഎം റാഹത്ത് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പണമില്ല എന്നതിന്റെ പേരില്‍ റോഡ് അപകടത്തില്‍ പെടുന്ന ഒരാള്‍ക്കും അടിയന്തര ചികിത്സ നിഷേധിക്കപ്പെടരുതെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി പറഞ്ഞു.

റോഡ് അപകടത്തില്‍പ്പെട്ട വ്യക്തിക്ക് സാമ്പത്തിക കാരണങ്ങളാല്‍ ചികിത്സ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കി, അംഗീകൃത ആശുപത്രികളില്‍ നിശ്ചിത പരിധിവരെ പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ളവയ്ക്ക് പദ്ധതിയില്‍ സഹായം ലഭിക്കും. പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള/എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലാണ് ചികിത്സാ സൗകര്യം ലഭിക്കുക.

കഴിഞ്ഞ ഫെബ്രുവരി 13നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് ചികിത്സാചെലവ് കണ്ടെത്തുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ വാഹനം ഇടിച്ച് കടന്നുകളയുകയോ ചെയ്യുന്ന കേസുകളില്‍ ജില്ലാകളക്ടറുടെ പ്രത്യേക ഫണ്ടില്‍ നിന്നാണ് പണം നല്‍കുക. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കിയാല്‍ 10 ദിവസങ്ങള്‍ക്കകം ആശുപത്രികള്‍ക്ക് പണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് (എസ്എച്ച്എ) പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.

പരിശീലനത്തില്‍ എസ്എച്ച്എ പ്രതിനിധികളായ വിനീത്, ഡോ. ജീവന്‍ദാസ്, ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സന്തോഷ്, ഡോ. ജ്യോതി, എന്‍ഐസി പ്രതിനിധി കെ ശ്രേയ, എസ്എച്ച്എ ജില്ലാ പ്രൊജക്്ട് കോഡിനേറ്റര്‍ ടി മിഥുന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബിജോയ് സ്വാഗതവും എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിവിധ വകുപ്പുദ്യോഗസ്ഥര്‍, ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നൈപുണ്യ വികസന പദ്ധതി; 13 പേര്‍ക്ക് പ്രമുഖ കമ്പനികളില്‍ ജോലിനിയമന ഉത്തരവുകള്‍ വിതരണം ചെയ്തുജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ ...
15/09/2026

നൈപുണ്യ വികസന പദ്ധതി; 13 പേര്‍ക്ക് പ്രമുഖ കമ്പനികളില്‍ ജോലി

നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പും എന്‍.ടി.ടി.എഫ് തലശ്ശേരിയും സഹകരിച്ച് നടപ്പിലാക്കിയ സ്‌കില്‍ ട്രെയിനിംഗ് പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. നിയമനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ വിതരണം ചെയ്തു.

പത്ത് മാസം ദൈര്‍ഘ്യമുള്ള കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ജോലി ലഭിച്ചത്. ടാറ്റ ഇലക്ട്രോണിക്‌സ്- ഹൊസൂര്‍, ഇന്നവേറ്റ് എയ്‌റോസ്‌പേസ് സൊല്യൂഷന്‍സ്- ബംഗളൂരു, ടോപ്പ് ഫ്‌ലൈറ്റ് കോംപോണന്റ്‌സ്- മൈസൂരു, മെക്ക് ഇന്‍ഫിനിറ്റി എന്‍ജിനീയറിംഗ്, ബംഗളൂരു തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് നിയമനം.

സാങ്കേതിക പരിശീലനത്തോടൊപ്പം വ്യവസായ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നല്‍കുകയും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ നിയമനം നേടാന്‍ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമായി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബ്‌ന ടി., വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രന്‍, സെക്രട്ടറി പ്രസാദ് പി.ടി., എന്‍.ടി.ടി.എഫ്. പ്രിന്‍സിപ്പാള്‍ സരസ്വതി വി.എം., അസിസ്റ്റന്റ് മാനേജര്‍ വികാസ് പി. എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന്‍ സ്വാഗതവും വി.വി. സതീഷ് നന്ദിയും പറഞ്ഞു.

Address

District Information Office, Civil Station PO
Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972700231

Alerts

Be the first to know and let us send you an email when PRD Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PRD Kannur:

Shortcuts

Share