27/05/2026
നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി SDPI നേതാക്കൾ
SDPI നേതാക്കൾ സമരപ്പന്തലിലെത്തി നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കണ്ണൂർ: വേതന വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ തുടരുന്ന പണിമുടക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് SDPI നേതാക്കൾ സമരപ്പന്തലിലെത്തി. കണ്ണൂർ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ മെയ് 16 മുതൽ സമരം തുടരുകയാണ്.
കണ്ണൂർ കൊയിലി ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലെത്തി SDPI ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ്, സമരത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.പി മുസ്തഫ നാറാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ മൗലവി, ജില്ലാ കമ്മിറ്റി അംഗം സുനീർ പോയ്ത്തുംകടവ് എന്നിവർ സംഘത്തിൽ ഉണ്ടായിരിന്നു
നഴ്‌സുമാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ആശുപത്രി മാനേജ്മെന്റുകൾ തയ്യാറാകണമെന്നും, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ബഷീർ കണ്ണാടിപറമ്പ ആവശ്യപ്പെട്ടു.
22/05/2026
കെ കെ രാഗേഷിൻ്റെ പരാമർശം പരിഹാസ്യം
തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ യഥാർത്ഥ കാരണം കണ്ടെത്തി തെറ്റ് തിരുത്തുന്നതിന് പകരം ന്യൂനപക്ഷ വർഗ്ഗീയത നിറഞ്ഞാടിയെന്ന കെ കെ രാഗേഷിന്റെ പരാമർശം അനുചിതവും പരിഹാസ്യവുമാണ്. പയ്യന്നൂരിലെ പാർട്ടി ഗ്രാമങ്ങളിലും മലപ്പട്ടത്തും ആന്തൂരും ഉൾപ്പെടെ സിപിഎം കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചത് ഏത് അടിസ്ഥാനത്തിൽ ആണെന്ന് പരിശോധിക്കുകയാണ് യഥാർത്ഥത്തിൽ സിപിഎം ചെയ്യേണ്ടത്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം ന്യൂനപക്ഷങ്ങളെ മുഴുവൻ ലീഗിന്റെ ആലയിൽ കെട്ടുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യമാണ്. ഇത്തരം പ്രസ്താവനകൾ കൊണ്ടുള്ള രാഷ്ട്രീയ നേട്ടം ആർക്കാണെന്ന് സിപിഎം പരിശോധിക്കുന്നത് നല്ലതായിരിക്കും.
മുസ്‌തഫ നാറാത്ത്
(ജനറൽ സെക്രട്ടറി,
SDPI കണ്ണൂർ ജില്ല)
21/05/2026
തലശ്ശേരി ഫസൽ വധക്കേസിൽ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം അതീവ ഗൗരവമേറിയത്; സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം: ബഷീർ കണ്ണാടിപ്പറമ്പ്
20/05/26
കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്നും കാണാതായ സംഭവം അത്യന്തം ഗൗരവകരവും നീതിന്യായ സംവിധാനത്തോടുള്ള പൊതുജന വിശ്വാസത്തെ ബാധിക്കുന്നതുമാണ്. ഒരു കൊലക്കേസിലെ പ്രധാന തെളിവ് “എലി കരണ്ടു കൊണ്ടുപോയി” എന്ന കുറിപ്പോടെ നഷ്ടപ്പെട്ടുവെന്നത് സാധാരണ ജാഗ്രതക്കുറവായി മാത്രം കാണാനാകില്ല.
തൊണ്ടിമുതലുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. കോടതികളിലെ തൊണ്ടിമുതൽ സൂക്ഷിക്കൽ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമായി നവീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.
സത്യം പുറത്ത് വരികയും നീതി ഉറപ്പാക്കപ്പെടുകയും ചെയ്യേണ്ട കേസുകളിൽ തെളിവുകൾ നഷ്ടപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണിയാണ്. അതിനാൽ ഈ സംഭവത്തെ അതീവ ഗൗരവത്തോടെ കാണുകയും ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തുകയും വേണം.
20/05/2026
Young Democrats സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഫീസത്തുൽ മിസ്‌രിയയ്ക്ക് അഭിവാദ്യങ്ങൾ
SDPI കണ്ണൂർ ജില്ലാ കമ്മിറ്റി
19/05/2026
പാചക വാതക പ്രതിസന്ധി പരിഹരിക്കുക;
ജനങ്ങളുടെ ദുരിതം അകറ്റുക: റജീന ടീച്ചർ
19/05/26
കണ്ണൂർ: സംസ്ഥാനത്ത് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് സാധാരണ ജനങ്ങൾ അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് SDPI കണ്ണൂർ ജില്ലാ സെക്രട്ടറി റജീന ടീച്ചർ പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേകിച്ച് പുതിയതായി താമസം ആരംഭിക്കുന്ന കുടുംബങ്ങൾക്കും വാടക വീടുകളിലേക്ക് മാറിയ സാധാരണക്കാർക്കും ഗ്യാസ് കണക്ഷനും സിലിണ്ടറും ലഭിക്കാതെ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഏജൻസികളിൽ സ്റ്റോക്ക് ഇല്ലെന്ന പേരിൽ ഉപഭോക്താക്കളെ തിരിച്ചയക്കുമ്പോൾ, മറുവശത്ത് അധിക വില ഈടാക്കി സിലിണ്ടറുകൾ ലഭ്യമാകുന്നതായുള്ള പരാതികളും വ്യാപകമാണ്. ഇത് വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ശ്രമമാണെന്ന സംശയം ശക്തമാക്കുന്നതാണെന്നും അവർ പറഞ്ഞു.
അടുക്കള പുക ഉയരാതെ കുടുംബങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളും എണ്ണക്കമ്പനികളും ഫലപ്രദമായ ഇടപെടൽ നടത്താത്തത് പ്രതിഷേധാർഹമാണ്. ഗ്യാസ് വിതരണം സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്ന ബോധ്യത്തോടെ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. എല്ലാ ഏജൻസികളിലെയും സ്റ്റോക്കും വിതരണവും പരിശോധിച്ച് കർശന നിരീക്ഷണം ഏർപ്പെടുത്തുകയും പുതിയ കണക്ഷനുകൾക്കും സാധാരണ ഉപഭോക്താക്കൾക്കും മുൻഗണന നൽകി സിലിണ്ടർ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും റജീന ടീച്ചർ ആവശ്യപ്പെട്ടു.