25/05/2026
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും:
എസ്ഡിപിഐ
ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ മെയ് 25, 26 തീയതികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്.
ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്. ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളും ജനരോഷം മറികടക്കാൻ വർഗീയ അജണ്ടകൾ പുറത്തെടുക്കുകയാണെന്നും യോഗം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് എന്നിവർ സംസാരിച്ചു.
16/05/2026
പശ്ചിമ ബംഗാൾ
എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക്
അഞ്ചു സംസ്ഥാനങ്ങളിലെ പൊതു തെരഞ്ഞെടുപ്പ് അവസാനിച്ച് പുതിയ ഭരണകൂടങ്ങൾ നിലവിൽ വരുമ്പോൾ ബംഗാൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണം അവസാനിക്കുകയാണ്. 32 വർഷത്തെ തുടർച്ചയായ സിപിഎം ഭരണത്തിന് അറുതി വരുത്തി കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി അധികാരത്തിലേക്ക് വന്നത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രതിയോഗികളെ ഉരുക്കു മുഷ്ടി കൊണ്ട് നേരിട്ടിരുന്നു അവർ. ബിജെപിയോട് മാത്രമല്ല സിപിഎമ്മിനോടും രാഷ്ട്രീയത്തിൽ താൻ പിച്ചവച്ച് വളർന്ന കോൺഗ്രസിനോടുമെല്ലാം ഇതേ സമീപനമായിരുന്നു. എന്നാൽ അവിശ്വസനീയമായിരുന്നു ഈ ഭരണ മാറ്റം. ബിജെപിക്ക് ബാലികേറാമല എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്ന വംഗനാടിന്റെ അധികാര പദത്തിലേക്ക് ഒരിക്കൽ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ ജയം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ 91 ലക്ഷം വോട്ടർമാരെ പുറന്തള്ളിക്കൊണ്ടുള്ള നടപടികൾ കൈക്കൊണ്ടപ്പോൾ തന്നെ അപകടം മണത്തിരുന്നു. മുഖ്യമന്ത്രിയായ മമതാ ബാനർജി ശക്തമായ രാഷ്ട്രീയ പ്രതിരോധവും നിയമ പോരാട്ടങ്ങളും നടത്തിയെങ്കിലും 27 ലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ നോക്കി നിൽക്കേണ്ടി വന്നു. പല നിയമസഭാ മണ്ഡലങ്ങളിലെയും ജയപരാജയങ്ങളെ അത് സ്വാധീനിച്ചു.
രണ്ടാം മൻമോഹൻ സിംഗ് സർക്കാരിലെ സഹമന്ത്രിയായിരുന്ന സിസിർ അധികാരിയുടെ മകൻ കൂടിയാണ് മുൻ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി. കാന്തി നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1998 ലാണ് കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിൽ വരികയും പിന്നീട് മമതയുടെ വിശ്വസ്തനായി ഒരു പതിറ്റാണ്ട് നിലകൊള്ളുകയും ചെയ്തത്.
എന്നാൽ കൂടു വിട്ടു കൂടുമാറ്റം സാധാരണമായ കോൺഗ്രസിൽ നിന്നും പിന്നീട് തൃണമൂൽ കോൺഗ്രസുകാരൻ ആയി മാറിയ സുവേന്ദു മറ്റു പലരെയും പോലെ ഉള്ളിന്റെ ഉള്ളിൽ ജന്മം കൊണ്ട് തന്നെ താനൊരു ഹിന്ദുത്വവാദിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ "മുസ്ലീങ്ങൾ മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും ആണ് വോട്ട് ചെയ്തത് അതുകൊണ്ട് ഇതൊരു ഹിന്ദുക്കൾക്ക് വേണ്ടിയുള്ള സർക്കാർ ആയിരിക്കും" എന്ന വംശീയവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവന നടത്തി കൊണ്ടാണ് പൊതുസമൂഹത്തെ അഭിസംബോധന ചെയ്തത്. പിന്നാലെ ബംഗാളിലുടനീളം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും മുസ്ലിം ജനവിഭാഗങ്ങൾക്കു മെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ആരാധനാലയങ്ങൾക്ക് നേരെ നടന്ന ആക്രമണത്തോട നുബന്ധിച്ചു ഇതുവരെ രണ്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം.
അസം മുഖ്യമന്ത്രിയായിരുന്ന ഹിമന്ത് ശർമയും ഡൽഹി കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത അനുരാഗ് സിംഗ് താക്കൂറുമെല്ലാം ഇത്തരത്തിൽ മതേതര ചേരിയിൽ നിന്നും കൂടു വിട്ടു കൂടു മാറിയവരാണ്. 30 ശതമാനത്തിൽ അധികം മതന്യൂനപക്ഷങ്ങൾ ജീവിക്കുന്ന പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ അധികാര ആരോഹണം ഒട്ടും ശുഭകരമായിരിക്കില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരമായ വർഗീയ കലാപങ്ങൾ നടക്കുമ്പോഴും താരതമ്യേന ശാന്തമായിരുന്നു ബംഗാൾ. എന്നാൽ സ്ഥിതി മാറുകയാണ്. ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിച്ചാൽ ബംഗാളിലെ ജനജീവിതം കൂടുതൽ ദുസ്സഹമാകും. ലോകം മുഴുവൻ മനുഷ്യർക്കിടയിലെ സംഘർഷങ്ങൾ താൽക്കാലികമായി എങ്കിലും ശാന്തമായിരുന്ന കോവിഡ് കാലത്ത് പോലും തെലിനക്കട്ടി പോലെയുള്ള ചില ഉൾനാടൻ ഗ്രാമങ്ങളിൽ വംശഹത്യാ വാദികൾ അഴിഞ്ഞാടിയിരുന്നു. തൊട്ടടുത്ത മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലെ ഒരു യാത്രക്കാരൻ തങ്ങളുടെ നാട്ടിലെ പബ്ലിക് ടോയ്ലറ്റിൽ കയറിയത് കോവിഡ് വ്യാപിപ്പിക്കാനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഒരൊറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം മുഴുവൻ ചുട്ടു ചാമ്പലാക്കിയത്. പുതിയ അധികാരാരോഹണം ഇത്തരം ഹിംസ്രജന്തുക്കൾക്ക് കൂടുതൽ ആവേശം പകരും. ബംഗാളി ഭാഷ സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശികൾ ആണ് എന്ന വിദ്വേഷ പ്രചാരണമാണ് അസമിലെ ന്യൂനപക്ഷ അരക്ഷിതാവസ്ഥയ്ക്കും നെല്ലി വംശഹത്യ ഉൾപ്പെടെയുള്ള കൂട്ടക്കൊലകൾക്കും കാരണമായത്. ഭരണാധികാരികൾ തന്നെ വിദ്വേഷം വിളമ്പുന്ന പുതിയ ഭരണകൂടം ബംഗാളിനെ മറ്റൊരു അസം ആക്കി തീർക്കുമോ എന്നാണ് ആശങ്കകൾ. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നെടുനായകത്വം കൊടുക്കുകയും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക നാഗരിക ജീവിതത്തിൽ ആഴത്തിൽ ഇഴ ചേരുകയും ചെയ്ത ന്യൂനപക്ഷ പിന്നാക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അധികാര പങ്കാളിത്തത്തെയും എക്കാലവും തടഞ്ഞുവെച്ച രാഷ്ട്രീയ മുഖ്യധാരകൾക്ക് ഈ ദുരവസ്ഥയിൽ വലിയ പങ്കുണ്ട് എന്ന കാര്യവും നിഷേധിക്കാൻ കഴിയില്ല.
16/05/2026
കാസറഗോഡ് മണ്ഡലം ലീഡേഴ്‌സ് മീറ്റ്
15/05/2026
യുവ പ്രതീക്ഷ
Young Democrats
15/05/2026
യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു
എസ്‌ഡിപിഐയുടെ യുവജന സംഘടന യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.