30/09/2026
*മനസ്സിൽ നല്ല ഓർമ്മകൾ സമ്മാനിച്ച അന്തുമാൻച്ച...*
മറ്റൊരു നാട്ടിൽ നിന്ന് തുരുത്തി പതിനാറാം വാർഡിലേക്ക് മത്സരിക്കാൻ വരുമ്പോൾ മനസ്സിലുണ്ടായിരുന്ന പ്രധാന ആശങ്ക, ഇവിടുത്തെ ജനമനസ്സ് എങ്ങനെയായിരിക്കും എന്നതായിരുന്നു. നേരിട്ട് കണ്ട പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അപ്പുറം, സാധാരണക്കാരായ ജനങ്ങൾ എനിക്ക് നൽകുന്ന സ്വീകാര്യത എത്രത്തോളമായിരിക്കും എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു.
പക്ഷേ, എന്റെ മനസ്സിലെ എല്ലാ ആശങ്കകൾക്കും അപ്പുറത്തുള്ള സ്നേഹവും സ്വീകാര്യതയുമാണ് പതിനാറാം വാർഡിലെ ഓരോരുത്തരും എനിക്ക് നൽകിയത്. വാക്കുകളിലൂടെ, നോട്ടങ്ങളിലൂടെ, സംസാരത്തിലൂടെ, ഉപദേശങ്ങളിലൂടെ എന്നെ ചേർത്തുപിടിച്ച ഒരുപാട് നല്ല മനുഷ്യർ എന്റെ വാർഡിലുണ്ട്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജീവിതത്തിൽ എന്നും ഓർത്തുവെക്കാൻ കഴിയുന്ന ചില മനുഷ്യരെയും ഓർമ്മകളെയും ഈ നാട് എനിക്ക് സമ്മാനിച്ചു. അത്തരത്തിൽ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുടെ ഒരാൾരൂപമാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ അബ്ദുൽ റഹ്മാൻ — അന്തുമാൻച്ച.
അടിമുടി മുസ്ലിം ലീഗുകാരനായിരുന്ന ഒരു സാധാരണക്കാരൻ. പാർട്ടിയുടെ വിജയമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാതെ ജീവിച്ച മനുഷ്യൻ. ഒരിക്കലും പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിക്കാതെ, പകരം ആൾക്കൂട്ടത്തിൽ ഒരാളായി എന്നും പാർട്ടിക്കൊപ്പം നിന്ന വ്യക്തി. തുരുത്തിയിലെ പാർട്ടിയുടെ ആദ്യകാല വളണ്ടിയർ കേഡറിലൊരാളായിരുന്നു അന്തുമാൻച്ചയെന്നും പിന്നീട് അറിയാൻ കഴിഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗവാർത്ത വിശ്വസിക്കാൻ തന്നെ വലിയ പ്രയാസമായിരുന്നു.
എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും തുരുത്തിയിൽ അന്തുമാൻച്ചയുടെ സാന്നിധ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം സ്ക്വാഡ് പ്രവർത്തകർ എത്തുന്നതിന് മുമ്പുതന്നെ, തന്റെ വീടിന് സമീപമുള്ള വീടുകളിലെ വോട്ടർമാരെ വോട്ട് ചെയ്യിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകളെക്കുറിച്ച് പലരും പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നെ സ്വന്തം മകളെപ്പോലെ കണ്ടും സ്നേഹത്തോടെയും സംസാരിച്ചിരുന്ന അന്തുമാൻച്ചയുടെ രോഗവിവരം അറിഞ്ഞത് മുതൽ, അദ്ദേഹത്തിന് ആവശ്യമായ കാര്യങ്ങൾക്കായി തുരുത്തിയിലെ പാർട്ടി പ്രവർത്തകരുമായും ബന്ധപ്പെട്ടവരുമായും ബന്ധപ്പെടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.
ഒരിക്കൽ അദ്ദേഹം എന്നെ വിളിച്ച് ഒരു ഇൻകം സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് അദ്ദേഹത്തിന് ലഭ്യമാക്കാൻ സാധിച്ചു. അതിന് നേരിൽ കണ്ടു നന്ദി പറയാൻ വേണ്ടി മാത്രം, ഞാൻ തുരുത്തി ഓഫീസിലുണ്ടായിരുന്നപ്പോൾ അദ്ദേഹം അവിടെ എത്തി.
അന്ന് അദ്ദേഹത്തിന്റെ മുഖത്ത് കണ്ട ആ സന്തോഷം ഇന്നും എന്റെ കൺമുന്നിലുണ്ട്.
പതിനാറാം വാർഡിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എനിക്ക്, തിരഞ്ഞെടുപ്പ് കാലം മുതൽ ജീവിതത്തിന്റെ അവസാന നാളുകൾ വരെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അന്തുമാൻച്ച വിടപറഞ്ഞത്.
ജീവിതത്തിന്റെ ബാല്യകാലം മുതൽ കൗമാരവും അതിനുശേഷമുള്ള കാലവും വരെ പാർട്ടിയോടൊപ്പം അടിയുറച്ച് നിന്ന്, ആൾക്കൂട്ടത്തിൽ ഒരാളായി പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച അന്തുമാൻച്ചയെ പോലെയുള്ള അനേകം സാധാരണ പ്രവർത്തകരുടെ ആവേശത്തിന്റെയും പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും ഫലമാണ് എന്റെ തിരഞ്ഞെടുപ്പ് വിജയം.
അത്തരത്തിലുള്ള മനുഷ്യരുടെ സ്നേഹവും ഓർമ്മകളും എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
അല്ലാഹു അന്തുമാൻച്ചയ്ക്ക് പൊറുത്തുകൊടുക്കട്ടെ... ആമീൻ
*✍🏻ഷാഹിന സലീം*
(ചെയർപേഴ്സൺ, കാസറഗോഡ് നഗരസഭ)