Collector Kozhikode

Collector Kozhikode

Share

An informal platform of Kozhikode District Administration for citizens to discuss, interact and post innovative ideas & air their grievances. (Open 24x7)

06/06/2026

Alert!

05/06/2026

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; നാളെ (06.06.2026, ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (06.06.2026 - ശനിയാഴ്ച) അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലുടനീളം അതീവ ജാഗ്രത പുലർത്തണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം.

05/06/2026

മാളവിക ജി. നായര്‍ അസി. കലക്ടറായി ചുമതലയേറ്റു

കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായര്‍ ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ഇവര്‍ 2025 ബാച്ച് ഐ.എ.എസുകാരിയാണ്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ മാളവിക ജി. നായര്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

05/06/2026

ഇന്ന് ലോക പരിസ്ഥിതി ദിനം

Photos from Collector Kozhikode's post 03/06/2026

ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അപകടകരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

നിര്‍ത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ട്രോളിങ് നിരോധന സമയത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും. ഹാര്‍ബറുകളുടെ ശുചീകരണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ വേണം. തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പങ്കാളികളാകണം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗങ്ങള്‍ കൃത്യമായി ചേരാന്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ട്രോളിങ് നിരോധന കാലത്തേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് യോഗത്തില്‍ അറിയിച്ചു. കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍: 0495 2414074, 2992194, 9496007052) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ സുരക്ഷാ/പട്രോളിങ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ വാടകക്കെടുക്കാന്‍ നടപടി സ്വീകരിച്ചു. ഇവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

03/06/2026

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം

02/06/2026

താമരശ്ശേരി ചുരം: മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം
കാലവർഷം കനത്ത സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലെ (NH 766) ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി.
ജൂൺ 2 മുതൽ, കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ചുരം വഴി മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ സഞ്ചാരം പൂർണ്ണമായും നിരോധിച്ചു.
പ്രധാന നിർദ്ദേശങ്ങൾ:
• രണ്ടിൽ കൂടുതൽ ആക്‌സിലുകളുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ എന്നിവ ഈ സമയങ്ങളിൽ ചുരം വഴി കടന്നുപോകാൻ പാടുള്ളതല്ല.
• ഇത്തരം വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കേണ്ടതാണ്.
• കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ചെറിയ മോട്ടോർ വാഹനങ്ങൾ (കാറുകൾ, ജീപ്പുകൾ, ടാക്സികൾ), ആംബുലൻസുകൾ, അടിയന്തര സേവന വിഭാഗങ്ങൾ (ഫയർഫോഴ്‌സ്, പോലീസ്, ദുരന്തനിവാരണ സേന) എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പോലീസ് സേനയുടെ നേതൃത്വത്തിൽ 24 മണിക്കൂറും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
ചുരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

02/06/2026

മലബാർ റിവർ ഫെസ്റ്റിവൽ 2026: ഒരുക്കങ്ങൾ വിലയിരുത്തി

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും, ഇന്ത്യയിലെ പ്രധാന സാഹസിക കായിക മേളകളിലൊന്നായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാവുകയാണ്. ഫെസ്റ്റിവലിന്റെ വിപുലമായ നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം സി കെ കാസിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്ന് ചേർന്നു.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ മത്സരങ്ങൾ അരങ്ങേറുന്നത്. ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ മേള, നമ്മുടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ അഭിമാനകരമായ നേട്ടമാണ്.
യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ, വകുപ്പുകളുടെ ഏകോപനം, സാംസ്‌കാരിക പരിപാടികൾ, ദേശീയ-അന്തർദേശീയ താരങ്ങളുടെ പങ്കാളിത്തം എന്നിവ വിശദമായി ചർച്ച ചെയ്തു. മത്സരത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രീ-ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്.
ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കാൻ ജില്ല ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള സാഹസിക കായിക താരങ്ങളെയും വിനോദസഞ്ചാരികളെയും വരവേൽക്കാൻ കോഴിക്കോട് സജ്ജമായിക്കഴിഞ്ഞു. ഈ മേളയുടെ വൻവിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Photos from Collector Kozhikode's post 02/06/2026

ജില്ലയിൽ ഓറഞ്ച് അലേർട്ട്!
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

02/06/2026
Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address


Collectorate, Civil Station, Malaparamba
Kozhikode
673020