10/10/2026
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും 'വോട്ട് ചോരി'ക്കെതിരെ പലതരത്തിലുള്ള സമരങ്ങളുമായും പ്രതിഷേധങ്ങളുമായും മുന്നോട്ട് പോകുമ്പോൾ അതിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ ചിലർ പോസ്റ്റിടുന്നത് ദൗര്ഭാഗ്യകരമാണ്.
'രാഹുൽ ഗാന്ധി എവിടെ ?' എന്നാണത്രെ ഇന്നത്തെ മില്യൺ ഡോളർ ചോദ്യം.
അദ്ദേഹം ഇന്ന് രാവിലെ പ്രതിപക്ഷ എം പിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടായിരുന്നു. അതിലദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വിഷയവും വോട്ട് ചോരിയാണ്. ഈ രാജ്യത്ത് 'വോട്ട് ചോരി' എന്ന വാക്ക് തന്നെ കോയിൻ ചെയ്തെടുത്തത് രാഹുൽ ഗാന്ധിയാണ്.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രാഹുൽ ഗാന്ധി ആവശ്യപ്പെട്ട വോട്ടർപ്പട്ടികയുടെ സോഫ്റ്റ് കോപ്പി പോലും നൽകാതെ വെറും പ്രിന്റഡ് കോപ്പികളായി ആയിരക്കണക്കിന് പേജുകൾ വരുന്ന കോടിക്കണക്കിന് വരുന്ന വോട്ടർമാരുടെ ഡാറ്റ നൽകി പ്രഹസനം നടത്തിയപ്പോൾ , സ്വന്തമായി ഒരു ടീമിനെ വെച്ച് ആ ഡാറ്റ മുഴുവൻ ഡിജിറ്റലാക്കി ഈ രാജ്യത്തിന് മുൻപാകെ വോട്ട് ചോരിയുടെ ജീവിക്കുന്ന തെളിവുകൾ അവതരിപ്പിച്ചത് അദ്ദേഹമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷമാക്കി നീങ്ങിയ ബിജെപി സഖ്യത്തെ കേവല ഭൂരിപക്ഷമില്ലാത്തവരാക്കി ഒതുക്കിയതിൽ അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ പങ്കുണ്ട്. കേവല രാഷ്ട്രീയത്തിനപ്പുറം രാജ്യത്തെ ജനങ്ങളോട് പ്രത്യേകിച്ച് യുവജനങ്ങളോടും വിദ്യാര്ഥികളോടും സംവദിച്ചു കൊണ്ട് അടിത്തട്ടിൽ തന്നെ ഉഴുതുമറിക്കുന്ന പ്രവർത്തനമാണ് അദ്ദേഹത്തിന്റെ രീതി.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് കഴിഞ്ഞ നാളുകളിൽ എല്ലാവരും കണ്ടതാണ്. അതോടൊപ്പം തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും 'ചാത്രോം കി ഗുഞ്ച്' എന്ന പേരിൽ മറ്റൊരു വേദിയും അദ്ദേഹം ഒരുക്കുന്നുണ്ട്.
രാജസ്ഥാൻ (ജൂൺ)
ഉത്തരാഖണ്ഡ് (ജൂൺ )
ഉത്തർ പ്രദേശ് (ആഗസ്ത് )
മഹാരാഷ്ട്ര (ആഗസ്ത്)
മധ്യപ്രദേശ് (സെപ്റ്റംബർ )
എന്നീ വേദികളിൽ പതിനായിരക്കണക്കിന് യുവാക്കളോട് അദ്ദേഹം ഇതിനകം സംവദിച്ചു കഴിഞ്ഞു. വിഷയം രാഷ്ട്രീയമാണ്. ഇന്ന് തമിഴ്‌നാട്ടിൽ ചെന്നൈയിൽ വെച്ച് അദ്ദേഹം യുവാക്കളോട് സംസാരിച്ചു. ഇനിയുമുണ്ട് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള 'ചാത്രോം കി ഗുഞ്ച്' വേദികൾ.
രാഹുൽ ഗാന്ധി ഒരു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹം മുൻപ് പറഞ്ഞ വാദങ്ങൾ തന്നെയാണ് ഇന്ന് സത്യമായി പുലരുന്നത്. നമുക്ക് കണ്ട് പരിചയിച്ച രാഷ്ട്രീയക്കാരുടെ ശരീര ഭാഷയോ രീതികളോ അല്ല അദ്ദേഹത്തിന് . നിങ്ങൾക്കദ്ദേഹത്തെ വിമർശിക്കാം, പരിഹസിക്കാം . പക്ഷെ ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഒരു നിലയ്ക്കും സാധിക്കില്ല. അത്ര മാത്രം ആത്മാർത്ഥത അദ്ദേഹം നിരന്തരം പുലർത്തി പോരുന്നുണ്ട്.
✍️ Nasarudheen Mannarkkad