29/09/2026
ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നേറാനുള്ള ഇടതുപക്ഷത്തിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട ഫലമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലേത്. ഇടതുപക്ഷത്തെ ഇല്ലാതാക്കിക്കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള മറുപടിയാണിത്. തിരുത്തി തിരിച്ചുവരുമെന്ന ഇടതുപക്ഷ നിലപാട് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഈ വിജയം. സ്പോൺസേർഡ് സർക്കാരും സ്പോൺസേർഡ് മുഖ്യമന്ത്രിയും മന്ത്രിമാരുടെ സ്പോൺസേർഡ് യാത്രകളും, പവർകട്ടും, വിലക്കയറ്റവും, മരുന്ന് ക്ഷാമവും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചയും, സ്വകാര്യ വൽക്കരണ നിലപാടുകളും, സംഘപരിവാർ വിധേയത്വവുമെല്ലാം ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 18 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 2025 ലെ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇത്തവണ അത് 18 ആയി വർധിച്ചു. 22 സീറ്റുകളിൽ നിന്ന് യുഡിഎഫ് 19 ആയി കുറഞ്ഞു. സീറ്റിനു പുറമെ വോട്ടിന്റെ കണക്കിലും എൽഡിഎഫ് നേട്ടം കൈവരിച്ചു. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം നേടിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. തോറ്റുപോയ ഇടങ്ങളിലും എൽഎഡിഎഫ് വോട്ട് കുത്തനെ കൂടിയിട്ടുണ്ട്.
അതിന് തെളിവാണ് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 748 വോട്ടിന് യുഡിഎഫ് ജയിച്ച സ്ഥലത്ത് 2140 ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. പാലക്കാട് പല്ലശന ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ 7085 വോട്ടിന് എൽഡിഎഫ് ജയിച്ചു. ഇത്തവണ ജയിച്ചത് ആകട്ടെ 10658 വോട്ടിനും. തെരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും വലിയ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്. ഇടതുപക്ഷ വിജയത്തിനായി പ്രയത്നിച്ച മുഴുവൻ സഖാക്കളെയും, വോട്ടുചെയ്ത മുഴുവൻ ജനങ്ങളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം സംസ്ഥാന സെക്രട്ടറി