01/10/2026
മലബാർ മേഖലയിലെ റെയിൽവേ വികസനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ പാലക്കാടിന് ലഭിച്ചിരുന്ന പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ മലബാർ മേഖലയിലെ ഒരു പ്രധാന റെയിൽവേ ഹബ്ബായി പാലക്കാടിനെ പരിഗണിക്കുകയും, അതിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതയും തന്ത്രപ്രധാനമായ സ്ഥാനവും കണക്കിലെടുത്ത് വികസനത്തിന് പ്രാധാന്യം നൽകുകയും ചെയ്തിരുന്നു.
കാലം മാറിയപ്പോൾ പാലക്കാട് റെയിൽവേയുടെ ചരിത്രത്തിലും ഘടനയിലും നിരവധി മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ, ഇന്ന് പാലക്കാടിന്റെ ചരിത്രപരമായ റെയിൽവേ പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും എത്രത്തോളം പൊതുചർച്ചകളിൽ ഇടം നേടുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
പാലക്കാട് വാർത്തകളിൽ ഇടം നേടുന്നത് പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോഴാണ്. എന്നാൽ പാലക്കാടിന്റെ വികസനത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് അതേ പ്രാധാന്യം ലഭിക്കുന്നുണ്ടോ?.ഇലക്ഷൻ വരുമ്പോൾ പോലും പരസ്പരം പഴി ചാരൽ അല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.
റെയിൽവേയുടെ ചരിത്രവും പൈതൃകവും മാത്രമല്ല — നഗരവികസനം, കോർപ്പറേഷൻ രൂപീകരണം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ-വാണിജ്യ സാധ്യതകൾ തുടങ്ങി പാലക്കാടിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്നു.
പാലക്കാടിന്റെ ചരിത്രവും അതിന്റെ വികസനയാത്രയും ഭാവിയിലെ സാധ്യതകളും രേഖപ്പെടുത്തുന്ന വിശദമായ വാർത്താ പരമ്പരകളും ഡോക്യുമെന്ററികളും പഠനങ്ങളും ഉണ്ടാകേണ്ടതുണ്ട്.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം വാർത്തയാകുന്ന പാലക്കാട് — വികസനത്തിന്റെ കഥകളിലും വാർത്തയാകേണ്ടതല്ലേ?