08/10/2026
നരേന്ദ്ര മോദി സർക്കാരിനെതിരെ ഉയരുന്ന ഏതൊരു പ്രതിഷേധത്തെയും സ്വാഗതം ചെയ്യുന്നു.
അപ്പോഴും ഒരു സംശയമുണ്ട്. ചിലരുടെ ഒക്കെ, പ്രത്യേകിച്ച് പുതിയ കാല സൈബർ സമര പോരാളികളും സൈബർ കമ്മി വിപ്ലവക്കാരും സി ജെ പി ഫാൻസുമൊക്കെ ഇളകി മറിയുന്നുണ്ട്. പന്ത്രണ്ട് കൊല്ലം ഇവിടെ പ്രതിപക്ഷം ഇല്ലായിരുന്നു എന്നൊക്കെയാണ് തട്ടി വിടുന്നത്. ഒപ്പം സി ജെ പി ഒക്കെ ഉണ്ടാക്കുന്ന ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചാണ് രാഹുൽ നിൽക്കുന്നത് എന്നൊക്കെയാണ്. സി ജെ പിയുടെ ഉദയത്തോടെയാണ് രാജ്യം ഉണ്ടായതെന്ന് വിശ്വസിക്കുന്നവരും അതിന്റെ ചുവട് പിടിച്ചു സ്വയം തള്ളി മറിക്കുന്ന ബ്രിട്ടാസ് മുതൽ റഹീം വരെയുള്ള സിപിഎം പ്രോഡക്റ്റുകളും മനസ്സിലാക്കേണ്ട ഒന്നുണ്ട്. നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാകൂ!
ഇലക്ഷൻ കമ്മീഷൻ പ്രശ്നക്കാരാണെന്ന് ഒരു മാസം മുൻപേ വെളിപാടുണ്ടായ, ആ വെളിപാടിൽ നിന്നും പ്രതിഷേധിക്കണം എന്ന ബോധം ഉണ്ടായവരോടാണ്. നിങ്ങളുടെയൊക്കെ തലയിൽ ഉദിക്കുന്നതിന് മുൻപേ ഈ വിഷയം രാജ്യത്തോട് വിളിച്ചു പറഞ്ഞ ഒരാളുണ്ട്. അയാളുടെ പേര് രാഹുൽ ഗാന്ധി എന്നാണ്.!
2025 ഓഗസ്റ്റ് ഏഴിന് രാഹുൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ഒരു ലക്ഷം വോട്ടുകൾ വെട്ടി കളഞ്ഞ ഇലക്ഷൻ കമ്മീഷനെ തുറന്നു കാണിക്കുന്നത്. അതും വെറുതെ വന്ന് പറഞ്ഞു പോകുകയല്ല. കൃത്യമായ തെളിവുകൾ നിരത്തിയാണ് അദ്ദേഹം സംസാരിച്ചത്.
സെപ്റ്റംബർ 18 ന് വോട്ടർ പട്ടികയിൽ നിന്നും വോട്ടുകൾ കൂട്ടത്തോടെ വെട്ടി കളയുന്നു എന്ന ആരോപണം കൂടുതൽ തെളിവുകളുടെ ബലത്തിൽ രാഹുൽ ഉന്നയിച്ചു.
നവംബർ 5 ന് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ 25 ലക്ഷം ഫേക്ക് വോട്ടർമാർ പട്ടികയിൽ കയറി കൂടി എന്ന ശക്തമായ ആരോപണം രാഹുൽ ഉന്നയിച്ചു.
ഇപ്പോൾ അയാൾ വീണ്ടും താൻ തുടങ്ങി വച്ച പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. വർഷങ്ങളായി പറഞ്ഞു കൊണ്ടിരുന്ന വിഷയം തെരുവിലേക്ക് നീളുന്ന സമരമാക്കി അയാൾ മാറ്റിയിരിക്കുകയാണ്. പേരിനൊരു നിവേദനം മടക്കി കൊടുക്കുന്നതിലല്ല. ഈ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും മുഴുവൻ പിന്തുണയും അനിവാര്യമായ വിഷയത്തിൽ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന സമരത്തിനാണ് രാഹുൽ നേതൃത്വം നൽകുന്നത്.
അയാൾ ഭയമില്ലാതെ പറയുന്നത്, എന്റെ പേരിൽ 45 എഫ് ഐ ആർ ഉണ്ട്. അത് നൂറ് എഫ് ഐ ആർ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഓരോ എഫ് ഐ ആറും തനിക്ക് കിട്ടുന്ന മെഡലുകളാണെന്നാണ്.
അതെ,
അയാളുടെ പേരിൽ ചാർത്തപ്പെടുന്ന ഓരോ എഫ് ഐ ആറും അയാളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കിട്ടുന്ന മെഡലുകളാണ്. ബിജെപിയുടെ മെഷിനറി കഴിഞ്ഞ പത്തു വർഷത്തിലേറെയായി പറ്റാവുന്ന പണി എല്ലാം എടുത്തിട്ട് അയാളിലെ പോരാട്ട വീര്യത്തെ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ല. അയാൾ പോരാട്ടം തുടരും. ഇവിടുത്തെ പുതിയ കാല സമരക്കാരുടെ മഷി പുരണ്ട സർട്ടിഫിക്കേറ്റുകൾക്കായി അയാൾ കാത്ത് നിൽക്കില്ല. ആര് വന്നാലും ഇല്ലെങ്കിലും അയാൾ ഇറങ്ങി നടന്ന സമര പാതയിൽ ആ യാത്ര തുടരും.
പിന്നെ, ബിജെപിക്കെതിരെ സമരം നയിക്കുന്ന രാഹുലിന്റെ പോരാട്ട വീര്യവും ആത്മാർത്ഥതയും ചോദ്യം ചെയ്യാൻ കേരളത്തിലെ സിപിഎം സൈബർ സാഹിത്യകാരന്മാരായിട്ടില്ല. അവർക്ക് വലുത് പോലീസ് ബസ്സിൽ നിന്നും എ എ റഹീം തല പുറത്തോട്ട് ഇട്ട് " ക്യാൻ യു ക്യാൻ യു " എന്ന് പറയുന്നതാകും.
ബിജെപിക്കെതിരെ നാലായിരം കിലോമീറ്റർ ഇറങ്ങി നടന്നവനെ അളക്കാൻ നിൽക്കരുത്. അളക്കണം എന്നുണ്ടെങ്കിൽ ഈ സൈബർ ബുജികളും പോരാളികളും ഇറങ്ങി ഒന്ന് നടക്കണം. റഹീമിനെയും ബ്രിട്ടാസിനെയും കൂട്ടണം. ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് നടത്തുന്ന സമരം പോലെയല്ല. ഒറ്റയ്ക്ക് ഇറങ്ങി പോരാടാൻ കാലിന് ഉറപ്പ് മാത്രം പോരാ. ആശയത്തിന്റെ ബലം കൂടി വേണം.
- Mahin Aboobakkar