24/09/2026
പട്ടാമ്പി നഗരസഭയിൽ 'സ്വച്ഛത ഹി സേവ': വിപുലമായ ആഘോഷ-ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി.
പട്ടാമ്പി: "സ്വച്ഛത ഹി സേവ" പ്രചാരണ പരിപാടികളുടെ ഭാഗമായി പട്ടാമ്പി നഗരസഭയിൽ വിപുലമായ ശുചിത്വ ബോധവത്കരണ-ശുചീകരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി. നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് പരിപാടികൾക്ക് രൂപം നൽകിയത്.
നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഡോ. അമൽ എസ്., വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, PTA പ്രസിഡന്റുമാർ, വിവിധ ക്ലബ് ഭാരവാഹികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീളുന്ന പ്രചാരണത്തിന്റെ ഭാഗമായി വിപുലമായ കർമ്മപദ്ധതിയാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. സെൽഫി പോയിന്റ് സജ്ജീകരിച്ച് തുടക്കമിടുന്ന ക്യാമ്പയിനിൽ സ്കൂൾ ബോധവത്കരണ ക്ലാസ്, 4-വേ സെഗ്രിഗേഷൻ, സ്വച്ഛത പ്രതിജ്ഞ, വീടുകയറിയുള്ള ബോധവത്കരണം, തെരുവ് കച്ചവടക്കാർക്കുള്ള ക്ലാസ്, റസിഡൻഷ്യൽ അസോസിയേഷനിൽ ക്ലീനിംഗ് ഡ്രൈവ് എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണം, റെഡ് & യെല്ലോ സ്പോട്ട് IEC ബോർഡുകൾ സ്ഥാപിക്കൽ, സൗന്ദര്യവത്കരണം എന്നിവ സംഘടിപ്പിക്കും. കുട്ടികൾക്കായുള്ള മത്സരങ്ങൾ, വേസ്റ്റ് ടു ആർട്ട് എക്സിബിഷൻ, ഫ്ലാഷ് മോബ്, തെരുവ് നാടകം, മെഡിക്കൽ ക്യാമ്പ്, ഹെൽത്ത് സ്ക്രീനിംഗ്, PPE കിറ്റ് വിതരണം, ഗുണഭോക്തൃ ക്ഷേമ ഇൻഷുറൻസ് പദ്ധതി, ശുചിത്വ തൊഴിലാളികളെ ആദരിക്കുന്ന എൻ്റർടൈൻമെൻ്റ് ഡേ എന്നിവയും സ്കൂളുകൾ കേന്ദ്രീകരിച്ച് മാസ് ക്ലീനിംഗും, പതാക ഉയർത്തൽ, സ്വച്ഛത പ്രതിജ്ഞ, മനുഷ്യച്ചങ്ങല, ശുചിത്വ റാലി, ബാൻഡ് സെറ്റ് പ്രകടനം, സ്പെഷ്യൽ കൗൺസിൽ യോഗവും സമ്മാനദാനവും, സ്വാപ്പ് ഷോപ്പ് ഉദ്ഘാടനത്തോടെയാണ് പ്രധാന പരിപാടികൾ പൂർത്തിയാകുന്നത്. ഇതുകൂടാതെ ജലാശയങ്ങൾ ശുചീകരിക്കൽ, തുണിസഞ്ചിയും സ്റ്റീൽ ബോട്ടിലും പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണം എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടക്കും.
പട്ടാമ്പി നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരമാക്കുന്നതിനായി നടത്തുന്ന ഈ വലിയ യജ്ഞത്തിൽ നഗരസഭയിലെ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് ചെയർപേഴ്സൺ ടി.പി. ഷാജി അഭ്യർത്ഥിച്ചു.