09/10/2026
കോഴിക്കോട് ജില്ലയിലെ സി.പി.ഐ(എം)നെതിരെ മലയാള മനോരമ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ അപവാദ പ്രചാരണത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഒക്ടോബർ 6,7 തിയ്യതികളിൽ ചേർന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തെക്കുറിച്ച് ഒക്ടോബർ 7-ന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത, യോഗത്തിൽ നടക്കാത്ത ചർച്ചകളെ നടന്നതായി ചിത്രീകരിക്കുന്ന കെട്ടുകഥയാണ്. പാർട്ടിയിൽ ചേരിതിരിവും, വിഭാഗീയതയും ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. കോഴിക്കോട്ടെ പാർട്ടിയെ ലക്ഷ്യം വെച്ച് മനോരമ നിരന്തരം നടത്തുന്ന വ്യാജ പ്രചാരണത്തിന്റെ തുടർച്ച മാത്രമാണ് ഈ വാർത്തയും.
ജില്ലയിൽ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാനും സഹായിക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉയർന്നുവന്നത്. ഈ നിർദ്ദേശങ്ങളെല്ലാം വിശദമായി വിലയിരുത്തിയാണ് ഭാവിപ്രവർത്തനങ്ങൾ ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചത്. ഇതിനെ 'നേതൃത്വത്തിനെതിരായ വിമർശനം' എന്ന് വളച്ചൊടിക്കുന്നത് മാധ്യമധർമ്മത്തിന് നിരക്കാത്ത നടപടിയാണ്.
ജില്ലാകമ്മിറ്റിയിലേക്ക് സഖാക്കളെ ഉൾപ്പെടുത്തിയതും, ക്ഷണിതാക്കളെ നിശ്ചയിച്ചതും ജില്ലാ സെക്രട്ടേറിയറ്റും, ജില്ലാ കമ്മിറ്റിയും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണ്. ഇ.പ്രേംകുമാറിനെതിരെ പാർട്ടി ഒരു നടപടിയും എടുത്തിട്ടില്ലെന്നിരിക്കെ, പ്രേംകുമാറിനെ സംബന്ധിച്ച് വന്ന വാർത്ത അസംബന്ധമാണ്. ഇതാണ് വസ്തുതകൾ എന്നിരിക്കേ 'ഒരു വിഭാഗത്തിന് മുൻതൂക്കം' എന്നും 'അഭിപ്രായവ്യത്യാസം' എന്നെല്ലാമുള്ള അസംബന്ധ വാർത്തകൾ മനോരമ തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. പാർട്ടിനേതൃത്വത്തിൽ അനൈക്യമുണ്ടെന്ന വാർത്ത സൃഷ്ടിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാമെന്ന വ്യാമോഹം ഒരു നിലയിലും വിലപ്പോവില്ല.
ജില്ലയിലെ പാർട്ടി ഒറ്റക്കെട്ടാണെന്നതിന് സമീപകാല അനുഭവങ്ങൾ തന്നെ സാക്ഷ്യം. സെപ്റ്റംബർ 15-ന് നടന്ന ബഹുജന റാലിയിലെ ചരിത്രപരമായ പങ്കാളിത്തവും കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലെ എൽ.ഡി.എഫ് മുന്നേറ്റവും ജില്ലാനേതൃത്വത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചാണ് മനോരമ കള്ളക്കഥകൾ മെനയുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് പി.എ.മുഹമ്മദ് റിയാസിനെ ലക്ഷ്യം വെച്ചുള്ള അപവാദ പ്രചാരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് നേടിയ വിജയം അവിടെ മുന്നണി ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിന്റെയും പാർട്ടിയുടെ ശക്തമായ സംഘടനാ സംവിധാനത്തിൻ്റെ ഇടപെടലിൻ്റെയും ഫലമാണ്. മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ പി.എ.മുഹമ്മദ് റിയാസ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ നേടിയെടുത്ത അംഗീകാരവുമാണ് ആ വിജയത്തിൻ്റെ അടിത്തറയെന്ന് പാർട്ടി വിലയിരുത്തിയിട്ടുള്ളതാണ്. ആ വിജയത്തെ 'അമിത പ്രാധാന്യം' എന്നും 'മറ്റു ശക്തികൾ' എന്നും ചിത്രീകരിക്കുന്നത് ജനവിധിയെത്തന്നെ അപമാനിക്കലാണ്.
പാർട്ടിയെയും, നേതൃത്വത്തെയും പൊതുസമൂഹത്തിൽ കരിതേച്ചു കാണിക്കാനുള്ള ഇത്തരം ശ്രമങ്ങളെ കോഴിക്കോട് ജില്ലയിലെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. മാധ്യമങ്ങൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് മുഴുവൻ പാർട്ടി പ്രവർത്തകരോടും, അനുഭാവികളോടും, ബന്ധുക്കളോടും ജില്ലാ കമ്മിറ്റി അഭ്യർഥിക്കുന്നു.