14/09/2026
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) സാങ്കേതികവിദ്യയെ ഫലപ്രദമായി രാഷ്ട്രീയ ആയുധമാക്കിയ അധികാരവാദ ‘ജനപക്ഷ’ രാഷ്ട്രീയത്തിന്റെ (Authoritarian Populism) മുൻനിര മാതൃകകളിലൊന്നായി മാറിയിരിക്കുകയാണ്. 2014ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി 2019ലും വിജയം ആവർത്തിച്ചു. എന്നാൽ, ഇന്ത്യയിൽ വളർന്നുവന്ന ഈ ഓൺലൈൻ അധികാരവാദ ‘ജനപക്ഷ’രാഷ്ട്രീയം ഇപ്പോഴും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. അധികാരവാദ ‘ജനപക്ഷ’വാദവും വംശീയ — മത ദേശീയതയും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ എത്രത്തോളം വ്യാപകമാണ്, അവയെ ചുറ്റിപ്പറ്റി എങ്ങനെയാണ് രാഷ്ട്രീയമായ അണിനിരത്തൽ നടക്കുന്നത് തുടങ്ങിയ നിർണായക ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. പരമ്പരാഗത മാധ്യമങ്ങളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ നേതാവിനും ജനങ്ങൾക്കുമിടയിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കപ്പെടുകവഴി നരേന്ദ്ര മോഡിയെ കേന്ദ്രീകരിച്ച വ്യക്തിപൂജാ രാഷ്ട്രീയത്തിന് വളക്കൂറൊരുങ്ങി.
അതിന്റെ ഭാഗമായി സംഘ്പരിവാർ സ്ഥാപക നേതാക്കൾ വരെ യവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ഓൺലൈൻ അഭിപ്രായരൂപീകരണക്കാരും സമൂഹമാധ്യമ സ്വാധീനശേഷിയുള്ള വ്യക്തികളും കൂടുതൽ തീവ്രമായ വംശീയ — മത ദേശീയതയ്ക്ക് പ്രചാരണം നൽകി. മതപരമായി സമൂഹത്തെ ധ്രുവീകരിക്കുന്ന തെറ്റായ വിവരങ്ങളും പ്രചാരണത്തിന്റെ ഭാഗമായി. ഇത്തരം ആശയങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ 15 വർഷമായി ലോകത്ത് ജനാധിപത്യം തുടർച്ചയായ ക്ഷയത്തിലൂടെയാണ് കടന്നുപോകുന്നത്. അധികാരവാദ ഭരണത്തിന്റെ വ്യാപനത്തിനൊപ്പം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളുടെ പ്രളയവും ശക്തിപ്പെട്ടിരിക്കുന്നു. സമീപകാലത്ത് ജനാധിപത്യം പരാജയപ്പെട്ട രാജ്യങ്ങളിൽ ഭൂരിഭാഗത്തിലും അതിന് വഴിയൊരുക്കിയത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളായിരുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്. ജനാധിപത്യത്തിന്റെ ആരോഗ്യം നിർണയിക്കുന്നത് സ്ഥാപനങ്ങളുടെ മാത്രം പ്രവർത്തനമല്ല; പൗരന്മാരുടെ ഗുണങ്ങളും രാഷ്ട്രീയ — സാമൂഹിക സമീപനങ്ങളുമാണ് അതിന്റെ അടിത്തറ.
ഇന്റർനെറ്റ് സാങ്കേതികവിദ്യകളുടെ അതിവേഗ വളർച്ച വിവരവിനിമയത്തിന്റെ പരിസ്ഥിതിയെയും സാമൂഹിക ഘടനകളെയും അടിമുടി മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്ന അൽഗോരിതങ്ങൾ പലപ്പോഴും കൂടുതൽ വൈകാരികവും തീവ്രവും വിഭജനാത്മകവുമായ ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നു. ഇതുവഴി സമൂഹത്തിലെ ഭിന്നതകളും രാഷ്ട്രീയ ധ്രുവീകരണവും കൂടുതൽ ശക്തമാകുന്നു. വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ രാഷ്ട്രീയമായി അണിനിരത്താനും സമൂഹമാധ്യമങ്ങളെ രാഷ്ട്രീയക്കാർ തന്ത്രപരമായി ഉപയോഗിക്കുന്നു. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത് സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗം മുൻനിർത്തിയ പ്രചാരണത്തിന്റെ പിൻബലത്തിലായിരുന്നു. വലതു‘ജനപക്ഷ’ രാഷ്ട്രീയത്തെ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ആ പ്രചാരണം പുതിയ വഴിത്തിരിവായി.
2016ൽ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ തന്ത്രജ്ഞനായിരുന്ന സ്റ്റീവ് ബാനന്റെ ശ്രദ്ധയിലും മോഡിയുടെ ഈ പ്രചാരണരീതി ഇടംപിടിച്ചു. 2019ലെ മോഡിയുടെ വിജയകരമായ തെരഞ്ഞെടുപ്പിന് ശേഷവും ഇന്ത്യയിലെ സമകാലിക അധികാരവാദ ‘ജനപക്ഷ’ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനങ്ങൾ പരിമിതമായി തുടരുകയായിരുന്നു. ഓൺലൈൻ രാഷ്ട്രീയ ആശയവിനിമയത്തെ കുറിച്ചുള്ള ആഗോള പഠനങ്ങളിലും ഇന്ത്യക്ക് ലഭിച്ച പ്രാധാന്യം താരതമ്യേന കുറവായിരുന്നു. അധികാരവാദ ‘ജനപക്ഷ’വാദം എന്നത് അധികാരവാദത്തിന്, ‘ഭീഷണിയാകുന്ന മറ്റൊരാളെ’ നിർമ്മിക്കുകയും അതിനെതിരെ ‘ജനങ്ങളെ’ അണിനിരത്തുകയും ചെയ്യുന്ന ‘ജനപക്ഷ’ രാഷ്ട്രീയ ആശയങ്ങളുടെ സംയോജനമാണ്.
അതേസമയം, വംശീയ — മത ദേശീയത എന്നത് ഒരു രാജ്യത്തിന്റെ ഭൂരിപക്ഷ മത — സാംസ്കാരിക സ്വഭാവത്തെ രാജ്യത്ത് ജീവിക്കുന്ന എല്ലാവരുടെയും മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രനിർമ്മാണ ആശയമാണ്. ഈ രണ്ട് ആശയങ്ങളെയും ചേർത്തുനോക്കുമ്പോൾ, 2019ലെ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ബിജെപി സമൂഹമാധ്യമങ്ങളിലൂടെ എങ്ങനെയാണ് പൗരന്മാരെ അധികാരവാദ ‘ജനപക്ഷ’വാദത്തിന്റെയും വംശീയ‑മത ദേശീയതയുടെയും രാഷ്ട്രീയ ആശയങ്ങൾക്ക് പിന്നിൽ അണിനിരത്തിയതെന്ന് പഠനം പരിശോധിക്കുന്നു.
ജനങ്ങൾ നേരിടുന്ന ഭീതിയും ഭീഷണിയും വലുതാക്കി അവതരിപ്പിക്കുകയും, അതിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കഴിവുള്ള, വ്യക്തിപ്രഭാവത്തോടുകൂടിയ നേതാവായി ഒരാളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ ആഖ്യാനമാണ് സൃഷ്ടിക്കപ്പെട്ടത്. ഈ തന്ത്രങ്ങൾ മുന്നോട്ടുവച്ചത് വംശീയ — മത ദേശീയതയെ അടിസ്ഥാനമാക്കിയ പ്രശ്നപരിഹാര മാതൃകയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെയും ദേശീയതയെയും മത — വംശീയ രേഖകളിലൂടെ പുനർനിർവചിക്കാനുള്ള ശ്രമമാണ് അതിന്റെ അന്തർധാര. ഇതിന്റെ കേന്ദ്രത്തിൽ മോഡിയെ സമർപ്പിതനായ നേതാവായും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള നേതാവായും അവതരിപ്പിക്കുന്ന വ്യക്തിപൂജാ രാഷ്ട്രീയത്തിന്റെ വളർച്ചയുണ്ടായിരുന്നു.
രാഷ്ട്രീയ പാർട്ടിയുടെ ഇടനിലയെ മറികടന്ന് നേതാവും ജനങ്ങളും തമ്മിൽ നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ഈ രീതി സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിച്ചു. അതോടൊപ്പം, ഭീഷണിയെയും പേടിയെയും ആധാരമാക്കിയ തീവ്രവും വൈകാരികവുമായ സന്ദേശങ്ങൾ അതിവേഗം വ്യാപിച്ചു. ജനാധിപത്യ ജീവിതത്തിൽ പരമ്പരാഗത വാർത്താമാധ്യമങ്ങൾ നിർവഹിച്ചിരുന്ന ഇടനില മറികടന്ന് സെലിബ്രിറ്റികളെയും പൊതുപ്രവർത്തകരെയും ഓൺലൈൻ സ്വാധീനശേഷിയുള്ള വ്യക്തികളെയും ആശ്രയിക്കുന്ന പുതിയ വിവരവിനിമയ പരിസ്ഥിതി രൂപപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ രണ്ടാമത്തേതുമായ ഇന്ത്യ, രാഷ്ട്രീയ ആശയവിനിമയ പഠനങ്ങളിൽ ഇപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ആഗോളതലത്തിൽ വളർന്നുവരുന്ന അധികാരവാദ ‘ജനപക്ഷ’ പ്രവണതയെ മനസിലാക്കുന്നതിലും, പ്രത്യേകിച്ച് അധികാരവാദ ജനപക്ഷവാദവും വംശീയ — മത ദേശീയതയും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ടിനെ തിരിച്ചറിയുന്നതിലും ഈ പഠനം നിർണായകമാണ്.
1947ൽ സ്വാതന്ത്ര്യം നേടിയപ്പോൾ, വിശാലവും വൈവിധ്യപൂർണവുമായ ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ലെന്ന് പ്രവചിച്ചവർ ഏറെയായിരുന്നു. പതിനഞ്ചിലധികം പ്രധാന ഭാഷകൾ, വ്യത്യസ്ത മതവിഭാഗങ്ങൾ, ഉയർന്ന നിരക്ഷരത, വ്യാപകമായ ദാരിദ്ര്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടുകിടന്ന ഗ്രാമീണ ന്യൂനപക്ഷ സമൂഹങ്ങൾ — ഇവയെല്ലാം ഇന്ത്യയുടെ ജനാധിപത്യ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തിയ ഘടകങ്ങളായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം പാകിസ്ഥാനെയും ഇന്ത്യയെയും യഥാക്രമം മുസ്ലിം — ഹിന്ദു ഭൂരിപക്ഷ രാഷ്ട്രങ്ങളാക്കി മാറ്റി. പാകിസ്ഥാൻ ഇസ്ലാമിക റിപ്പബ്ലിക്കായി മാറിയപ്പോൾ, ഇന്ത്യ മതനിരപേക്ഷതാ മാതൃകയാണ് സ്വീകരിച്ചത്. വിവിധ സാമൂഹിക അസമത്വങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തില്‍ ഇന്ത്യൻ ജനാധിപത്യം നിലനിൽക്കാൻ ഭരണഘടനാപരമായ മതനിരപേക്ഷ പ്രതിബദ്ധത നിർണായകമായിരുന്നു. ഇന്ത്യൻ ജനാധിപത്യവും ദേശീയതയും മതനിരപേക്ഷമായി രൂപപ്പെടുന്നതിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും നിർണായക പങ്കുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ ആദ്യ അരനൂറ്റാണ്ടിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രധാനമായും നിയന്ത്രിച്ചത് കോൺഗ്രസായിരുന്നു.
എന്നാൽ 1996 മുതൽ ബിജെപി ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രധാന എതിരാളിയായി ഉയർന്നു. ഇന്ത്യയുടെ ബഹുകക്ഷി രാഷ്ട്രീയ സംവിധാനത്തിൽ വലിയ സഖ്യങ്ങൾക്ക് നേതൃത്വം നൽകുന്ന ശക്തിയായി ബിജെപി മാറി. അവര്‍ മുന്നോട്ടുവയ്ക്കുന്നത് ഹിന്ദു ദേശീയവാദ ആശയമാണ്. മതനിരപേക്ഷതയെ നിരാകരിക്കുന്ന ഈ ആശയം ദേശീയ സ്വത്വത്തെ ഹിന്ദുമത സ്വത്വവുമായി ബന്ധിപ്പിക്കുന്നു. 1923ൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിലാണ് ഹിന്ദുത്വ ആശയം ആദ്യമായി സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടത്. ഹിന്ദുക്കൾ ഒരു മതസമൂഹം മാത്രമല്ലെന്നും, മതം, സംസ്കാരം, ഭാഷ, പുണ്യഭൂമി എന്നിവയുടെ സംയോജനത്തിലൂടെ രൂപപ്പെട്ട ദേശീയവും വംശീയവുമായ ഒരു സ്വത്വമാണെന്നും ആ ആശയം വാദിച്ചു. വിഭജിക്കപ്പെട്ട ഹിന്ദു ഭൂരിപക്ഷത്തിന് മുന്നിലുള്ള ഭീഷണിയായി ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ അവതരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയും അതിന്റെ ഭാഗമായി.
ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുകയും ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായി 1925ൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്). ബിജെപിക്ക് ആർഎസ്എസുമായി അടുത്ത ബന്ധമുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്എസിന് നിരോധനം ഏർപ്പെടുത്തിയ കാലഘട്ടത്തിനു ശേഷം, ആർഎസ്എസ് അനുഭാവികളാണ് 1951ൽ ബിജെപിയുടെ മുൻഗാമിയായ രാഷ്ട്രീയ സംഘടന രൂപീകരിച്ചത്. ആർഎസ്എസുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ് നരേന്ദ്ര മോഡി. 1985ൽ അദ്ദേഹത്തെ ആർഎസ്എസ് ബിജെപിയിലേക്ക് നിയോഗിച്ചു. 1997ലെ സുപ്രീം കോടതി വിധിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ രാഷ്ട്രീയ ഇടം ലഭിച്ചു. ഹിന്ദുത്വം ഇന്ത്യൻ ദേശീയത, സംസ്കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട ഒരു ജീവിതരീതിയാണെന്നും അത് ഹിന്ദുമതം എന്ന മതപരമായ ആശയത്തിൽനിന്ന് വേറിട്ടതാണെന്നും കോടതി നിരീക്ഷിച്ചു. മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി നിലവിലുണ്ടായിരുന്ന നിയമപരമായ നിയന്ത്രണങ്ങൾക്കുള്ളിൽ നേരിട്ട് ഹിന്ദു വോട്ടുകൾ അഭ്യർത്ഥിക്കാൻ രാഷ്ട്രീയക്കാർക്ക് ഇതുവഴി കൂടുതൽ അവസരം ലഭിച്ചു. മതപരമായ ഭാഷയ്ക്കു പകരം ചരിത്രപരമായ ഭാഷയിലാണ് പല വിഷയങ്ങളെയും അവതരിപ്പിക്കുന്നത്. ഇതുവഴി ഹിന്ദു പുരാണകഥകളെ ചരിത്രസത്യങ്ങളായി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.
പ്രത്യയശാസ്ത്രപരമായ ഈ ചരിത്രനിർമ്മാണത്തിൽ ഓൺലൈൻ സമൂഹങ്ങൾ നിർണായക പങ്കുവഹിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ നരേന്ദ്ര മോഡിക്കുണ്ടായിരുന്ന മോശം പ്രതിച്ഛായയെ മറികടക്കാനും, നേതാവും ജനങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിന്റെ പ്രതീതി സൃഷ്ടിക്കാനും ബിജെപി ശ്രമിച്ചു. ഇവിടെ നിന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകമായൊരു മാറ്റം വ്യക്തമായത്. പരമ്പരാഗത മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന് പകരം, നേതാവിൽനിന്ന് നേരിട്ട് ജനങ്ങളിലേക്കെത്തുന്ന ഡിജിറ്റൽ പ്രചാരണരീതി. സാങ്കേതികവിദ്യ സ്വതവേ ജനാധിപത്യത്തിന്റെ ശത്രുവല്ല. എന്നാൽ സാങ്കേതികവിദ്യയെ അധികാര കേന്ദ്രീകരണത്തിനും ഭയത്തിന്റെ രാഷ്ട്രീയത്തിനും മത‑വംശീയ ധ്രുവീകരണത്തിനും വ്യക്തിപൂജയ്ക്കും ഉപയോഗിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കും. ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന വേദികൾ ജനങ്ങളെ സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരാക്കുന്നതിനുപകരം, ഭയം, വിദ്വേഷം, തെറ്റായ വിവരങ്ങൾ, വ്യക്തികേന്ദ്രിത രാഷ്ട്രീയ വിശ്വാസം എന്നിവയുടെ ഉപഭോക്താക്കളാക്കി മാറ്റുന്ന സാഹചര്യം ജനാധിപത്യത്തിന്റെ ഭാവിക്ക് വലിയ മുന്നറിയിപ്പാണ്.