12/03/2026
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി നാടെങ്ങും ഹിറ്റാണ്.
സംസ്ഥാന വ്യവസായ ഡയറക്ടറേറ്റിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ മികവാർന്ന നേതൃപാടവത്തിലൂടെയും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അനവധി പിഎംഎഫ്എംഇ ഗുണഭോക്താക്കൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
29/08/2025
പ്രധാൻമന്ത്രി സൂക്ഷ്‌മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി (പി.എം.എഫ്.എം.ഇ.) എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെയും കേരള ഗ്രാമീൺ ബാങ്ക്,വരാപ്പുഴ ശാഖയുടെയും സഹകരണത്തോടെ ശ്രീ. മഗേഷ് രാജൻ എന്ന സംരംഭകന്റെ ഉടമസ്ഥതയിൽ RCR എന്റർപ്രൈസസ് എന്ന സ്‌ഥാപനം 2025 ആഗസ്റ്റ് 24 ആം തീയതിയിൽ പ്രവർത്തനം ആരംഭിച്ചു. ബഹു. നിയമ,വ്യവസായ,കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് സംരംഭം ഉദ്ഘാടനം ചെയ്തു.
കായം, കായപ്പൊടി തുടങ്ങിയ വിവിധ ഭക്ഷ്യ ഉത്പന്നങ്ങളാണ് നിലവാരമനുസരിച്ചുള്ള കൃത്യമായ ഗുണമേന്മ നിഷ്‌കർഷങ്ങളോടെ ഈ സംരംഭം മാർക്കറ്റിൽ എത്തിക്കുന്നത്. പി.എം.എഫ്.എം.ഇ. പദ്ധതി പ്രകാരം കേരള ഗ്രാമീൺ ബാങ്ക്, വരാപ്പുഴ ശാഖയിൽ നിന്നും12,30,000 രൂപ ബാങ്ക് വായ്പ്പയായി നേടി ആരംഭിച്ചിരിക്കുന്ന സംരംഭത്തിലൂടെ 2 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപന ഉടമ കൂടിയാണ് ഇപ്പോൾ ശ്രീ. മഗേഷ് രാജൻ.
13/08/2025
പി.എം.എഫ്.എം.ഇ കോമൺ ഇൻക്യൂബേഷൻ സെന്റർ ഉദ്‌ഘാടനം
21/07/2025
പ്രധാൻമന്ത്രി സൂക്ഷ്‌മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി (പി.എം.എഫ്.എം.ഇ.) മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്ത്, ജില്ല വ്യവസായ വകുപ്പിന്റെയും ബറോഡാ.ബാങ്ക്, എടപ്പാൾ ശാഖയുടെയും സഹകരണത്തോടെ ശ്രീ. മൊയ്‌ദുണ്ണികുട്ടി, എന്ന സംരംഭകന്റെ ഉടമസ്ഥതയിൽ REALCO AGRO FOODS എന്നസ്‌ഥാപനം 2025 ജൂലൈ 10 ന് പ്രവർത്തനം ആരംഭിച്ചു.
വെളിച്ചെണ്ണ, സ്‌പൈസസ് പൗഡർസ് തുടങ്ങിയ വിവിധ ഭക്ഷ്യ ഉത്പന്നങ്ങളാണ് നിലവാരമനുസരിച്ചുള്ള കൃത്യമായ ഗുണമേന്മ നിഷ്‌കർഷങ്ങളോടെ ഈ സംരംഭം മാർക്കറ്റിൽ എത്തിക്കുന്നത്. പി.എം.എഫ്.എം.ഇ. പദ്ധതി പ്രകാരം BARODA BANK ന്റെ എടപ്പാൾ ശാഖയിൽ നിന്നും ₹788000/- രൂപയാണ് ബാങ്ക് വായ്പ്പയായി നേടിയത്. 2 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇപ്പോൾ ശ്രീ. മൊയ്‌ദുണ്ണികുട്ടി.
24/05/2025
ഫുഡ് ടെക് കേരള 2025
ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് സാങ്കേതികവിദ്യയുടെ അകമ്പടി
കൊച്ചി : കേരളത്തിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുഡ് ടെക് കേരള 2025. കേരളത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയിലെ ഉത്പാദകരും ഉപഭോക്താക്കളും സംരംഭകരും ഒരേ വേദിയിൽ കണ്ടുമുട്ടുന്നതിനും ബിസിനസ്സ് വളർച്ചക്ക് അവസരമൊരുക്കുകയാണ് ഫുഡ് ടെക് കേരള 2025ന്റെ ലക്ഷ്യം. പ്രദർശനത്തിൽ പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകൾ കൂടാതെ ഭക്ഷ്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുമുണ്ട്.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും തുറന്നുകൊടുക്കുന്നു എന്നതാണ് ഫുഡ് ടെക് കേരളയുടെ പ്രത്യേകത. ഭക്ഷ്യ പാക്കേജിംഗ് സൊല്യൂഷനുകൾ, ലേബലിംഗ്, ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഉണക്കൽ, പാക്കിംഗ് യന്ത്രങ്ങൾ തുടങ്ങി നിരവധി ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സാങ്കേതികവിദ്യകളും പ്രദർശനത്തിനുണ്ട്. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷ്യ സംസ്‌കരണ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഇവിടെ കാണാൻ കഴിയും. കാര്യക്ഷമവും സുസ്ഥിരവുമായ പാക്കേജിംഗിനുള്ള ഫുഡ് പാക്കേജിംഗ് മെഷിനറികൾ, ഉൽപ്പന്ന ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനുള്ള ലേബലിംഗ്-ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഭക്ഷ്യ ഗുണനിലവാരം സംരക്ഷിക്കുന്നതിനുള്ള കൂളിംഗ്-ഫ്രീസിംഗ് സൗകര്യങ്ങൾ, നിർജ്ജലീകരണം, സംരക്ഷണം എന്നിവയ്ക്കുള്ള ഡ്രൈയിംഗ് മെഷിനറികൾ, കാര്യക്ഷമവും ശുചിത്വമുള്ളതുമായ പാക്കേജിംഗിനുള്ള പാക്കിംഗ് മെഷിനറികൾ തുടങ്ങിയ ചെറുകിട ഭക്ഷ്യ സംസ്‌ക്കരണത്തിനാവശ്യമായ എല്ലാത്തരം ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചെറുകിട ഭക്ഷ്യ സംസ്‌കരണ ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വ്യവസായ വിദഗ്ധർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു വേദി കൂടിയാണ് പ്രദർശന മേള.
22/05/2025
കേരളത്തിന്റെ വ്യവസായ മുന്നേറ്റം ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകളാണെന്ന് മന്ത്രി പി. രാജീവ്
ഫുഡ് ടെക് കേരള 2025 പ്രദർശനം ആരംഭിച്ചു
കൊച്ചി: 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര സർക്കാരിനു കീഴിലെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം കേരള സംസ്ഥാനത്തിനു നൽകിയ ലക്ഷ്യം മറികടന്നുകൊണ്ട് കേരളം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായി വ്യവസായ വാണിജ്യ കയർ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പിഎംഎഫ്എംഇ-ഫുഡ് ടെക് കേരള 2025 പ്രദർശനമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദത്തിൽ കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്താണെന്നും മൂന്നു വർഷം മുമ്പ് പിഎംഎഫ്എംഇ പ്രവർത്തനമികവിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന കേരളം 104 ശതമാനം വളർച്ചയോടെ ഇപ്പോൾ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസംസ്‌കരണം കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണ്. എംഎസ്എംഇ വായ്പകളുടെ കാര്യത്തിൽ കേരളം കുതിച്ചുചാട്ടം നടത്തിയതായും കേരളത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള പിഎംഎഫ്എംഇ (പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ്ങ് എന്റർപ്രൈസ്) ഗുണഭോക്താക്കൾക്ക് മാർക്കറ്റിംഗ് പിന്തുണ നൽകുന്നതിനും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വായ്പാ അപേക്ഷകൾ വിജയകരമായി പൂർത്തീകരിക്കാൻ പ്രയത്നിച്ച ബാങ്കുകൾ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ജില്ലാ റിസോഴ്സ് പേഴ്സൺസ് എന്നിവരെ ചടങ്ങിൽ മന്ത്രി പി. രാജീവ് ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ദക്ഷ ആയുർവേദിക് ഫുഡ് പ്രോഡക്ട്സിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
പ്രദർശനമേളയിൽ പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകൾ കൂടാതെ ഭക്ഷ്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളുമുണ്ട്.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്, വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ-ബിപ്പ് സിഇഒ സൂരജ് എസ്, വ്യവസായ വാണിജ്യ അഡിഷണൽ ഡയറക്ടർമാരായ ഡോ. കെ. എസ്. കൃപാകുമാർ, ജി. രാജീവ്, എസ്എൽബിസി കേരള കൺവീനർ പ്രദീപ് കെ. എസ്, എറണാകുളം ഡിഐസി ജനറൽ മാനേജർ പി.എ. നജീബ്, അമേരിക്കയിലെ സ്റ്റോൾ മെഷിനറി വൈസ് പ്രസിഡന്റ് റോബർട്ട് ലൂയിസ് ഗാരി തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 24 വരെ രാവിലെ 11 മുതൽ 8 മണി വരെ നടക്കുന്ന പ്രദർശനമേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
20/05/2025
പിഎംഎഫ്‌എംഇ-ഫുഡ് ടെക് കേരള 2025' പ്രദർശന മേളയ്ക്ക്
2025 മെയ് 22 ന് തിരി തെളിയും
ബഹു. നിയമ, വ്യവസായ, കയർ മന്ത്രി ശ്രീ. പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിൽ നിന്നുള്ള പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി 2025 മെയ് 22 മുതൽ 24 വരെ എറണാകുളം കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു "പിഎംഎഫ്‌എംഇ-ഫുഡ് ടെക് കേരള 2025' പ്രദർശന മേള 2025 മെയ് 22 ന് രാവിലെ 11.00 മണിക്ക് ബഹു. നിയമ, വ്യവസായ, കയർ മന്ത്രി ശ്രീ. പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും.
2024-25 സാമ്പത്തിക വർഷത്തിൽ പിഎംഎഫ്എംഇ പദ്ധതിയുടെ ലക്ഷ്യ പൂർത്തീകരണത്തിനായി പ്രയത്നിച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, ജില്ലാ റിസോഴ്സ് പേഴ്‌സൺസ്, ബാങ്കുകൾ എന്നിവരെ 'PMFME - ഫുഡ് ടെക് കേരള 2025' പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ മന്ത്രി ശ്രീ. പി. രാജീവ് ആദരിക്കും.
ബഹു. നിയമസഭാംഗം ശ്രീമതി. ഉമ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. എം.പി. ശ്രീ. ഹൈബി ഈഡൻ മുഖ്യാതിഥിയാകും. ബഹു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ മുഖ്യ പ്രഭാഷണം നിർവഹിക്കും. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം അഡീഷണൽ സെക്രട്ടറി, ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്.; വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്.; വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്.; എറണാകുളം ജില്ലാ കളക്ടർ, ശ്രീ. എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്.; തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
കേരളത്തിൽ നിന്നുള്ള പിഎംഎഫ്‌എംഇ ഗുണഭോക്താക്കൾക്ക് മാർക്കറ്റിംഗ് പിന്തുണ നൽകുന്നതിനും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് പ്രസ്തുത പ്രദർശനം സംഘടിപ്പിക്കുന്നത്. 3 ദിവസമായി സംഘടിപ്പിക്കുന്ന പ്രദർശന മേളയിൽ പിഎംഎഫ്‌എംഇ ഗുണഭോക്താക്കളുടെ 104 സ്റ്റാളുകൾ കൂടാതെ ഭക്ഷ്യ സംസ്കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളും അണിനിരക്കുന്നുണ്ട്. പിഎംഎഫ്‌എംഇ ഫുഡ്‌ടെക് കേരള പ്രദർശന മേളക്കൊപ്പം വിവിധ സെഷനുകളും സംഘടിപ്പിക്കും. കേരളത്തിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഉത്പാദകരും ഉപഭോക്താക്കളും സംരംഭകരും ഒരേ വേദിയിൽ കണ്ടുമുട്ടുന്നതിനും ബിസിനസ്സ് വളർച്ചക്ക് അവസരമൊരുക്കുന്നു എന്നതുമാണ് പിഎംഎഫ്‌എംഇ ഫുഡ് ടെക് കേരളയെ വ്യത്യസ്തമാക്കുന്നത്.
29/03/2025
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയിൽ തുടർച്ചയായ രണ്ടാം വർഷവും നൽകപ്പെട്ട ലക്ഷ്യം പൂർത്തീകരിച്ചു കേരളം. സംസ്ഥാന വ്യവസായ ഡയറക്ടറേറ്റിന്റെ കൃത്യമായ ആസൂത്രണവും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ മികവാർന്ന നേതൃപാടവവും ആണ് കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചത്.
2024-25 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിനു കീഴിലെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (MoFPI) കേരള സംസ്ഥാനത്തിനായി 3000 വ്യക്തിഗത വായ്പാ അപേക്ഷകളായിരുന്നു ലക്ഷ്യമായി നൽകിയിരുന്നത്. നൽകപ്പെട്ട ലക്ഷ്യവും മറികടന്ന് മികവാർന്ന ലക്ഷ്യപൂർത്തീകരണമാണ് സംസ്ഥാനം കാഴ്ചവച്ചത്. 2025 മാർച്ച് 28 വരെയുള്ള കാലയളവിൽ 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് ലഭിക്കുന്നതിന് വ്യക്തിഗത വിഭാഗത്തിന് കീഴിൽ സംസ്ഥാനം 3000 വായ്പകൾക്കാണ് അനുവാദം നൽകിയത്. അതായത് 100% മാണ് ലക്ഷ്യ പൂർത്തീകരണം.
ഭക്ഷ്യസംസ്കരണ-മൂല്യവർദ്ധിത മേഖലകളിൽ സംസ്ഥാനത്തെ വിപുലമായ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാന നോഡൽ ഡിപ്പാർട്ട്മെന്റ് (SND) ആയും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഡിസ്ട്രിക്റ്റ് നോഡൽ പോയിന്റ് (ഡിഎൻപി) ആയും പ്രവർത്തിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്പ്) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും ലക്ഷ്യപൂർത്തീകരണത്തിനും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മികവാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ജില്ലാ/പ്രാദേശിക തലത്തിൽ പിഎംഎഫ്എംഇ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനും അപേക്ഷകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും 14 ജില്ലകളിൽ 230 ജില്ലാ റിസോഴ്‌സ് പേഴ്സൺസിനെയാണ് (DRPs) നിയമിച്ചിരുന്നത്. ജില്ലാ റിസോഴ്‌സ് പേഴ്സൺസിന് വേണ്ട നിർദ്ദേശങ്ങൾ നൽകി ഓരോ ചുവടും ആയാസരഹിതമാക്കിയത് ജില്ലാ നോഡൽ ഓഫീസർ (DNO) ആയിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പും ഏകോപനവും സാധ്യമാക്കിയ ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജർമാരുടെ സേവനങ്ങളും സ്തുത്യർഹമാണ്. കൂടാതെ ഇവർക്കൊപ്പം എസ്എൽബിസിയുടെയും സംസ്ഥാനത്തുടനീളമുള്ള 20 ഓളം ബാങ്കുകളുടെയും പിന്തുണ കൊണ്ട് കൂടിയാണ് 2024-25 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം നിശ്ചയിച്ച ലക്ഷ്യത്തിന്റെ 100% കൈവരിക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചത്.
03/02/2025
എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ PMFME പദ്ധതി പ്രകാരം വിപുലീകരണം നടത്തിയ URBAN TASTY എന്ന ഭക്ഷ്യ സംസ്കരണ സംരംഭത്തിന്റെ ഉദ്ഘാടനം 2024 നവംബർ 30 ന് ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് നിർവഹിച്ചു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ. നജീബ് പി. എ. ആദ്യ വിൽപ്പന നടത്തി. കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി. സീമ കണ്ണൻ ചടങ്ങിന് മുഖ്യ അതിഥി ആയി.
PMFME പദ്ധതിയിലൂടെ വനിതാ സംരംഭകയായ ശ്രീമതി. സീനത്ത് നസീർ കേരള ബാങ്ക് കളമശ്ശേരി ശാഖയിൽ നിന്ന് ലോൺ എടുത്താണ് കമ്പനിയിലേക്ക് വേണ്ട മെഷിനറി വാങ്ങിയിരിക്കുന്നത്. പ്രസ്തുത സംരംഭത്തിലൂടെ 4 പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്നു. ചക്കിലാട്ടിയ വെളിച്ചെണ്ണ, ചക്ക പുട്ടുപൊടി, മുരിങ്ങയില പുട്ടുപൊടി, വിവിധയിനം മില്ലറ്റ് പ്രൊഡക്റ്റ്സ്, നാറുനീണ്ടി സർബത്ത്, നെല്ലിക്ക കാന്താരി തുടങ്ങി 12 ൽ അധികം പ്രൊഡക്റ്റ്സ് URBAN TASTY എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നുണ്ട്.
വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നൽകുന്ന കേരള ബ്രാൻഡ് മുന്ദ്ര ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
12/11/2024
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതിയുടെ വിവരങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൂടുതൽ പേരെ ഭക്ഷ്യ സംസ്കരണ സംരംഭക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി പിഎംഎഫ്എംഇ പദ്ധതിയുടെ മലയാളം വെബ്സൈറ്റ് ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ വിവരങ്ങൾ സാധാരണക്കാർക്ക് വളരെ വേഗം മനസ്സിലാക്കുന്നതിനും സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതാണ് മാതൃഭാഷയിൽ തീർത്ത വെബ്‌സൈറ്റ്. പദ്ധതിയുടെ പൂർണ വിവരങ്ങളും വിശദമായ ഘടനയും മാർഗ രേഖകളും സംസ്ഥാനത്തിന്റെ നേട്ടങ്ങളും വെബ്‌സൈറ്റിൽ അടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കൾക്കും പൊതു ജനങ്ങൾക്കും പദ്ധതിയുടെ വിവരങ്ങളും സംശയങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചു മനസ്സിലാക്കുന്നതിനായി ദേശീയ- സംസ്ഥാന- ജില്ലാ തല പിന്തുണ നൽകുന്നവരുടെ കോൺടാക്ട് നമ്പറുകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ നോഡൽ ഓഫീസർമാർ (ഡി.എൻ.ഒ.), ജില്ലാ റിസോഴ്സ് പേഴ്സൺസ് (ഡി.ആർ.ഒ.) എന്നിവരുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
2024 നവംബർ 11 ന് എറണാകുളം മറൈൻ ഡ്രൈവ്, താജ് ഗേറ്റ് വേയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് (വ്യവസായം), വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ. കെ.ഗോപാലകൃഷ്ണൻ ഐഎഎസ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീ. എസ് ഹരികിഷോർ ഐഎഎസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.