12/10/2024
എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 24ന്റെ ഭാഗമായി ഇന്ന് (12-10-2024) ശുഐബുൽ ഹൈതമിയും രവിചന്ദ്രൻ സിയും തമ്മിൽ നടന്ന സംവാദം കണ്ടു. ഒരു ദൈവം ഉണ്ട് എന്ന ഇസ്ലാമിന്റെ മുഖ്യ വിശ്വാസം യുക്തിസഹമാണെന്ന് തത്ത്വചിന്താപരമായ വാദമുഖങ്ങൾ ഉയർത്തി സ്ഥാപിക്കുവാനാണ് ശുഐബുൽ ഹൈതമി പ്രധാനമായും ശ്രമിച്ചത്. അത് അദ്ദേഹം വളരെ മികച്ച രീതിയിൽ നിർവ്വഹിച്ചു. എന്നാൽ അതിനെ പൂർണ്ണ വ്യക്തതയോടെ വേണ്ട നിലയിൽ ഖണ്ഡിക്കുവാൻ രവിചന്ദ്രൻ സിക്ക് സാധിച്ചില്ല (അത്തരം വാദങ്ങളെ താൻ എന്റർട്ടെയിൻ ചെയ്യില്ല എന്നു തുടക്കത്തിൽ രവിചന്ദ്രൻ സി പറഞ്ഞെങ്കിലും തുടർന്ന് അതിനു കടകവിരുദ്ധമായി അവയ്ക്ക് മറുപടി പറയുവാൻ അദ്ദേഹം ശ്രമിച്ചത് കൗതുകകരമായി തോന്നി). ഇസ്ലാമിന്റെ അകത്തെ വിവിധ വിശ്വാസങ്ങളുടെ യുക്തി എന്താണെന്നു ചോദിക്കുന്നതിലാണ് രവിചന്ദ്രൻ സി ശ്രദ്ധ കേന്ദ്രീകരിച്ചത്. യുക്തി ദൈവത്തിന്റെ സൃഷ്ടിയാണെന്നും അതിനാൽ യുക്തി ദൈവത്തിനു സമർപ്പിച്ച് യുക്തിക്ക് അതീതമായി വിശ്വാസികൾ തങ്ങളെ ദൈവത്തിനു സമർപ്പിക്കുകയാണ് അത്തരം വിശ്വാസങ്ങളുടെ കാര്യത്തിൽ ചെയ്യേണ്ടതെന്നുമാണ് ശുഐബുൽ ഹൈതമി പ്രധാനമായും മറുപടിയായി ചൂണ്ടിക്കാണിച്ചത്.
ഇസ്ലാമിക പക്ഷത്തു നിന്നു ചിന്തിച്ചാൽ ഒരു നാസ്തികനുമായി സംവദിക്കുമ്പോൾ തങ്ങളുടെ വിശ്വാസത്തിലെ ഏതെങ്കിലുമൊരു കാര്യം യുക്തിസഹമാണെന്ന് സ്ഥാപിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെങ്കിൽ അത് ദൈവാസ്തിക്യത്തിന്റെ കാര്യമാണ് എന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ഇസ്ലാമിനകത്തെ വിവിധ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട രവിചന്ദ്രൻ സിയുടെ ചോദ്യങ്ങൾക്ക് ശുഐബുൽ ഹൈതമി പറഞ്ഞ മറുപടി പൊതുവിൽ സാധാരണ വിശ്വാസികൾ കൈക്കൊള്ളുന്ന ഒരു ഫിഡെയിസറ്റിക്ക് കാഴ്ചപ്പാടിൽ സ്വീകാര്യമായി തോന്നാമെങ്കിലും ഒരു തിയോളജിക്കൽ റാഷണലിസ്റ്റ് അല്ലെങ്കിൽ ഒരു ക്ലാസിക്കൽ എവിഡെൻഷ്യലിസ്റ്റ് എന്ന നിലയിൽ എനിക്ക് അതു ഒട്ടും തൃപ്തികരമനായി തോന്നിയില്ല. ഇസ്ലാം വിമർശകരുടെ സ്റ്റോക്ക് വാദങ്ങൾ നല്ല പരിചയമുള്ള ഒരു പ്രഭാഷകൻ എന്ന നിലയിൽ ഇത്തരം വാദങ്ങൾക്ക് കുറേക്കൂടി ശക്തമായ ഒരു മറുപടി അദ്ദേഹം മുൻകൂട്ടി തയ്യാറാക്കിക്കൊണ്ടുവന്ന് അതിവേഗത്തിൽ വായിച്ചു വിട്ടാലും മതിയായിരുന്നു ഇസ്ലാം യുക്തിസഹമാകണമെങ്കിൽ അത്തരം വിശ്വാസങ്ങൾക്ക് ‘എന്തെങ്കിലും’ ഒരു യുക്തിയുണ്ടാകണമല്ലോ എന്ന രീതിയിൽ പോലും ഒരു ഘട്ടത്തിൽ രവിചന്ദ്രൻ സി ചോദിക്കുന്നുണ്ട്. അതിനെ വേണ്ട രീതിയിൽ ശുഐബുൽ ഹൈതമി അഭിസംബോധന ചെയ്യാതിരുന്നത് ഒരു ന്യൂനതയായി തോന്നി. അപ്പോൾ തന്നെ വെറുതേ ചോദ്യങ്ങൾ ചോദിക്കുന്നതിനപ്പുറത്ത് എന്തൊക്കെയാണ് ഇസ്ലാമിലെ വിശ്വാസങ്ങളുടെ യുകതിരാഹിത്യമെന്ന് വ്യക്തതയോടെ സ്ഥാപിച്ച് ശുഐബുൽ ഹൈതമിയെ സമ്മർദ്ദത്തില്ലാക്കുവാൻ രവിചന്ദ്രൻ സി ശ്രമിക്കാതിരുന്നതും സംവാദത്തിന്റെ ഒരു ബലഹീനതയായി തോന്നി. ഇക്കാര്യത്തിൽ സമയപരിമിതി ഒരു ന്യായീകരണമായി വേണമെങ്കിൽ പറയാം.
സ്വതന്ത്രചിന്തയോ ഇസ്ലാമോ ഏതാണ് പ്രയോജനപരമായി മികച്ചത് എന്ന വിഷയത്തിലേക്ക് സംവാദം ഒരു ഘട്ടത്തിൽ വഴി മാറിയതായി എനിക്ക് തോന്നി. ഇസ്ലാമെന്നല്ല ഏതൊരു മതത്തിന്റെ മൗലികവാദപരമായ പതിപ്പിനേക്കാളും മികച്ചതാണ് സ്വതന്ത്ര ചിന്ത എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആ ഭാഗത്ത് രവിചന്ദ്രൻ സി അല്പം കൂടുതൽ സ്കോർ ചെയ്തു. എന്നാൽ സ്വതന്ത്രചിന്ത ഒരു സമീപന രീതിയും പ്രക്രിയയുമാണ് അതിനെ ഒരു മതവുമായി താരതമ്യം ചെയ്യുന്ന രീതിയിൽ സംവാദം ക്രമീകരിച്ചതു തന്നെ ഒരു ഫലപ്രദമായ സംവാദത്തിന് കളമൊരുക്കുന്ന ഒന്നായി തോന്നിയില്ല. “യുക്തിസഹമേത്? നാസ്തികതയോ ഇസ്ലാമോ” എന്നതായിരുന്നു വിഷയമെങ്കിൽ കുറേക്കൂടി നന്നായേനെ. ശുഐബുൽ ഹൈതമി ദൈവം ഉണ്ടെന്നു തെളിയിക്കുവാൻ ഉന്നയിച്ച തത്ത്വചിന്താപരമായ മുഴുവൻ വാദങ്ങളും ശരിയാണെന്നു വന്നാലും അത് സ്വതന്ത്ര ചിന്തയ്ക്ക് എതിരല്ല ഇസ്ലാം ശരിയാണെന്ന് അതുകൊണ്ടു സ്ഥാപിക്കപ്പെടുന്നുമില്ല. ഡീയിസം അഥവാ കേവലദൈവാസ്തിക്യം മാത്രമേ അതുകൊണ്ടു തെളിയിക്കപ്പെടുന്നുള്ളൂ. അതു യഹൂദനും ക്രിസ്ത്യാനിക്കും മുസ്ലീമീനും പല സ്വതന്ത്ര ചിന്തകർക്കുപോലും സ്വീകാര്യമായ വാദങ്ങളാണ്. ഖുർആനിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി അതിനെ ബന്ധിപ്പിക്കുവാൻ ശുഐബുൽ ഹൈതമി ഒരു ഭാഗത്ത് ശ്രമിച്ചു എന്നത് ഞാൻ വിസ്മരിക്കുന്നില്ല പക്ഷെ ക്ലാസിക്കൽ തിയോളജിയുടെ വീക്ഷണകോണിലൂടെ ഒരു യഹൂദനും ക്രിസ്ത്യാനിക്കും സമാനമായ കാര്യങ്ങൾ ബൈബിളിൽ നിന്നും ചൂണ്ടിക്കാണിക്കുവാൻ സാധിക്കും. ജ്ഞാനോദയ കാലഘട്ടത്തിലെ ക്രിസ്തുമത വിമർശകരായ പല സ്വതന്ത്ര ചിന്തകരും ഡീയിസ്റ്റുകളായിരുന്നു എന്ന കാര്യം ഇത്തരുണത്തിൽ എടുത്തു പറയേണ്ട ഒന്നാണ്. അതായത് ഒരുവന് സ്വതന്ത്ര ചിന്തകനായിരിക്കുവാനും ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ വിശ്വാസിക്കാതിരിക്കുവാനും സാധിക്കും. എന്നാൽ ഇസ്ലാമോ ക്രിസ്ത്യാനിത്വമോ ഏതു മതവും യുക്തിസഹമാണെന്ന് സ്ഥാപിക്കപ്പെടണമെങ്കിൽ അതിന്റെ സവിശേഷമായ വിശ്വാസങ്ങൾ യുക്തിസഹമാണെന്ന് തെളിയിക്കേണ്ടി വരും അല്ലാതെ കേവലം ദൈവം ഉണ്ടെന്നു മാത്രം സ്ഥാപിച്ചിട്ടു കാര്യമില്ല. ഈ കാര്യത്തിലാണ് ശുഐബുൽ ഹൈതമിയുടെ വാദങ്ങൾ ബലഹീനമായിപ്പോയതും രവിചന്ദ്രൻ സിക്ക് അല്പം മുൻതൂക്കം ലഭിച്ചതും. സത്യത്തിൽ സംവാദ വിഷയത്തിൽ കർശനമായി ഉറച്ചു നിൽക്കുകയായിരുന്നെങ്കിൽ ദൈവം ഉണ്ട് എന്നതു സംബന്ധിച്ച ശുഐബുൽ ഹൈതമിയുടെ വാദങ്ങളെ അഭിസംബോധന ചെയ്യേണ്ട കാര്യം പോലും രവിചന്ദ്രൻ സിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ ആ കാര്യത്തിൽ രവിചന്ദ്രൻ സിയുടെ പെർഫോമൻസ് നന്നായില്ല എന്നത് അന്തിമ വിശകലനത്തിൽ ഒരു വലിയ വീഴ്ചയായി കണക്കാക്കുവാനാകില്ല. വളരെ സുരക്ഷിതമായ ഒരു പാതയാണ് ഈ സംവാദത്തിൽ ശുഐബുൽ ഹൈതമി തിരഞ്ഞെടുത്തത്. എന്നാൽ അദ്ദേഹത്തെപോലെ ഒരു മികച്ച പ്രഭാഷകൻ ഇസ്ലാമിന്റെ സവിശേഷമായ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന ധനാത്മകമായ വാദങ്ങൾ കൂടുതലായി അവതരിപ്പിച്ച് വിഷയത്തെ കുറച്ചു കൂടി നേരിട്ട് അഭിസംബോധന ചെയ്യുവാൻ ശ്രമിക്കാതിരുന്നത് വളരെ നിർഭാഗ്യകരമായിപ്പോയി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്തായാലും ഇത്തരമൊരു സംവാദം സംഘടിപ്പിച്ച എസ്സൻസ് ഗ്ലോബലിന് അഭിനന്ദനങ്ങൾ. സ്വതന്ത്ര ചിന്തയും ശാസ്ത്രബോധവും പ്രോൽസാഹിപ്പിക്കുന്ന ലിറ്റ്മസ് പോലെയുള്ള പ്രോഗ്രാമുകൾ മതങ്ങളുടെ ദൂഷ്യഫലങ്ങളാൽ വീർപ്പുമുട്ടുന്ന ഒരു സമൂഹത്തിന് അല്പമെങ്കിലും ആശ്വാസമാകട്ടെയെന്ന് ആശംസിക്കുന്നു.

27/09/2024