Chief Minister's Office, Kerala

Chief Minister's Office, Kerala

Share

Updates from the Chief Minister's Office, Kerala

15/03/2026

ഭൂമി, അവകാശികൾക്ക്; 4.50 ലക്ഷം പേർക്ക് പട്ടയം

പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ നീണ്ടുനിന്ന പട്ടയ പ്രശ്നങ്ങൾ തീർക്കാൻ കഴിഞ്ഞ 10 വർഷം കൊണ്ട് സർക്കാരിന് സാധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിൽ ആകെ നാലര ലക്ഷം പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. ഇത് വെറും രേഖകളല്ല, തലമുറകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ചരിത്രമാണ്.

15/03/2026

റോഡെല്ലാം റെഡിയായി; മികച്ച റോഡുകളുണ്ടായ 10 വർഷം.

റോഡെല്ലാം റെഡിയാക്കിയ ഭരണകാലം. പശ്ചാത്തല വികസന മേഖലയുടെ ഹബ്ബാണ് കേരളം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റോഡ് വികസന പദ്ധതികള്‍ക്ക് വേണ്ടി മാത്രം അനുവദിച്ചത് 35,000 കോടിയോളം രൂപയാണ്. 8200 കിലോമീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ 29522 കിലോമീറ്റർ റോഡ് ഉണ്ട്. ഇതിൽ 17749.11 കിലോമീറ്റർ റോഡ് ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. പകുതിയിലധികം പൊതുമരാമത്ത് റോഡുകള്‍ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പിലായത്. ദേശീയപാത 66, സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി ഇന്ന് പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ 5580 കോടി രൂപ നൽകി. ആറുവരിയായ ഓരോ റീച്ചും ഗതാഗതത്തിന് തുറന്നുകൊടുത്തു. മലയോര ഹൈവേയും തീരദേശപാതയും വികസനത്തിന്റെ പുതിയ ദിശ തുറന്നു നൽകുകയാണ് കേരളത്തിന്.

15/03/2026

ഹെൽത്തിയാണ് കേരളം; അന്തർദേശീയാംഗീകാരങ്ങൾ നേടി ആരോഗ്യമേഖല.

ആരോഗ്യ സംവിധാനത്തെ ഗുണനിലവാരത്തിലും മാനുഷികതയിലും പുതിയ ഉയരങ്ങളിലെത്തിച്ച് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങളാണ് ഈ കാലയളവിൽ ആരോഗ്യ വകുപ്പ് സ്വന്തമാക്കിയത്. 250 ആയുഷ് സ്ഥാപനങ്ങൾക്ക് NABH സർട്ടിഫിക്കേഷനും, 132 സ്ഥാപനങ്ങൾക്ക് കായകൽപ് അവാർഡും ലഭിച്ചു. 551 സർക്കാർ ആശുപത്രികൾ ദേശീയ അംഗീകാരം നേടി. 4 പുതിയ മെഡിക്കൽ കോളേജുകളും 21 നേഴ്സിങ് കോളേജുകളും ആരംഭിച്ചു. 750 പി.എച്ച്.സി.കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 5416 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ഇന്ന് കേരളത്തിന് കരുത്തായി പ്രവർത്തിക്കുന്നു. രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് നടപ്പാക്കിയതും കേരളമാണ്.

15/03/2026

ഓടി, നേടി; കെ എസ് ആർ ടി സി പ്രവർത്തനലാഭത്തിൽ.

റെക്കോർഡ് നേട്ടങ്ങളുടെ പുതുചരിത്രം രചിച്ച് കെ.എസ്.ആർ.ടി.സി മുന്നേറുകയാണ്. 2026 ജനുവരിയിൽ പ്രതിദിന വരുമാനം ₹13.02 കോടിയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ , അതിൽ ₹12.18 കോടി ടിക്കറ്റ് വരുമാനവുമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവർത്തന ലാഭത്തിലേക്ക് എത്തിയത് കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സർവീസിന്റെയും തെളിവാണ്. 538 പുതിയ ബസുകൾ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെ.എസ്.ആർ.ടി.സി ടൂറിസം പദ്ധതി പുതുമകളിലൂടെ പ്രതിമാസ വരുമാനം ₹3.23 കോടിയായി ഉയർത്തി. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ഡെക്കർ ഇലക്ട്രിക് ബസ് സർവീസ് എന്ന നേട്ടവും ആനവണ്ടിക്ക് സ്വന്തം. മൂന്നാറിലെ 'റോയൽ വ്യൂ' ഡബിൾ ഡെക്കർ സർവീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായി. പൊതുഗതാഗതത്തിന് പുത്തൻ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ഈ മുന്നേറ്റം.

15/03/2026

സാധ്യമാണ്, എല്ലാം; ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ, വിഴിഞ്ഞം, ഇടമൺ-കൊച്ചി പവർഹൈവേ, അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാക്കി

അസാധ്യമെന്ന് കരുതിയ പദ്ധതികൾക്ക് ദൃഢനിശ്ചയത്തിന്റെ കരുത്തിൽ ജീവൻ നൽകിയ സർക്കാർ. മുടങ്ങികിടന്ന ദേശീയപാത വികസനം വേഗത്തിലാക്കി, 444 കിലോമീറ്റർ പൂർത്തിയാക്കി. ഭൂമിയേറ്റെടുക്കലിന് മാത്രം സംസ്ഥാന സർക്കാർ ₹5580 കോടി രൂപ നൽകി. അസാധ്യമെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ സ്വീകരിച്ച് തലയെടുപ്പോടെ രണ്ടാംഘട്ട വിപുലീകരണത്തിലേക്ക് കടന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ തന്നെ 500-മത്തെ കപ്പൽ വിഴിഞ്ഞതെത്തി. ഇടമൺ–കൊച്ചി പവർ ഹൈവേയും നാടിന് നൽകി. അങ്ങനെ ദീർഘകാലം കാത്തിരുന്ന സ്വപ്നങ്ങൾ ഇന്ന് കേരളത്തിന്റെ വികസനപാതയിൽ സാക്ഷാത്കാരങ്ങളായി മാറിയിരിക്കുകയാണ്.

15/03/2026

കേരളത്തിന്റെ തീരദേശ സംരക്ഷണത്തിനായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന 'കേരള സുസ്ഥിര തീരസംരക്ഷണ കാലാവസ്ഥാ അതിജീവന ആസൂത്രണ പദ്ധതി'ക്ക് അനുമതി നൽകി. ഏകദേശം 4,013 കോടി രൂപ (466.67 മില്യൺ യുഎസ് ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ 70 ശതമാനം എഡിബി വായ്പയും 30 ശതമാനം സംസ്ഥാന വിഹിതവുമാണ്. തീരശോഷണം രൂക്ഷമായ 90 കിലോമീറ്ററോളം വരുന്ന തീരപ്രദേശങ്ങളിൽ കടൽഭിത്തികളുടെ പുനരുദ്ധാരണം, ഓഫ്‌ഷോർ റീഫുകൾ, മണൽ സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സുസ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ ഇതിലൂടെ ഒരുക്കും.

സംസ്ഥാനത്തെ പത്ത് പ്രധാന ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം, വർക്കല, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴയിലെ വലിയഴീക്കൽ-തൃക്കുന്നപ്പുഴ, എറണാകുളത്തെ വൈപ്പിൻ, തൃശൂരിലെ കൊടുങ്ങല്ലൂർ-കൈപ്പമംഗലം, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ കാപ്പാട്, കണ്ണൂരിലെ തലശ്ശേരി, കാസർകോട് ജില്ലയിലെ വലിയപറമ്പ എന്നിവിടങ്ങളിലാണ് ആധുനിക രീതിയിലുള്ള തീരസംരക്ഷണ പ്രവൃത്തികൾ നടത്തുക. ജലവിഭവ വകുപ്പിന് കീഴിലുള്ള മിഷൻ ഡയറക്ടറേറ്റ് നേതൃത്വം നൽകുന്ന ഈ പദ്ധതി, തീരദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.

15/03/2026

6812 കോടി; 10 വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ നൽകിയ തുക

പ്രതിസന്ധികളുടെ കാലത്ത് വാക്കുകളല്ല, പ്രവർത്തികളായിരുന്നു മറുപടി. ഓഖി ചുഴലിക്കാറ്റിന്റെ വേദനയിൽ നിന്ന് നിപ്പയുടെ ഭീതിയിലേക്ക്, മഹാപ്രളയത്തിൽ നിന്ന് കോവിഡ് മഹാമാരിയുടെ അനിശ്ചിതത്വത്തിലേക്ക്, വയനാട് ദുരന്തത്തിൽ നിന്ന് ഇപ്പോൾ പുനർനിർമ്മാണത്തിന്റെ പ്രതീക്ഷയിലേക്ക്, ഓരോ ഘട്ടത്തിലും ജനങ്ങളോടൊപ്പം ഉറച്ചുനിന്ന സർക്കാർ. രക്ഷാപ്രവർത്തനം മുതൽ ചികിത്സയും പുനരധിവാസവും വരെ സമഗ്ര ഇടപെടലുകൾ ഉറപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ 6812 കോടി രൂപയാണ് കഴിഞ്ഞ 10 വർഷത്തിനിടെ വിതരണം ചെയ്തത്. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് കൽപറ്റ നഗരത്തിൻ്റെ ഹൃദയഭാഗത്ത് പണി പൂർത്തിയാകുകയാണ്. ഏഴുസെന്റിൽ 1000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള 451 വീടുകളാണ് കുടുംബങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നത്. ദുരിതകാലത്ത് കൈത്താങ്ങായി, പ്രതിസന്ധിക്ക് ശേഷം കരുത്തായി, കൂടെയുണ്ട് എന്ന പ്രവർത്തിയിലൂടെ തെളിയിച്ച ഭരണാനുഭവം.

15/03/2026

ക്ലീൻ സ്റ്റേറ്റ്; മാലിന്യസംസ്‌ക്കരണത്തിന് ലോകമാതൃകയായ 10 വർഷം

പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം ഇല്ലാതാക്കി ശുചിത്വം ശീലമാക്കുകയാണ് നവകേരളം. ക്ലീൻ കേരള കമ്പനിയിലൂടെ 34,628.51 ടൺ മാലിന്യം ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിച്ചു. 35,000-ത്തിലധികം ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും പാഴ് വസ്‌തുക്കൾ ശേഖരിക്കുന്നു. ഇ-മാലിന്യം പണം നൽകി ശേഖരിക്കുന്ന പദ്ധതിയും നടപ്പാക്കി. കാലിയായ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി തിരികെ ശേഖരിക്കുന്ന സംവിധാനം കൊണ്ടുവന്ന് പുനരുപയോഗ സംസ്കാരത്തിനും പ്രോത്സാഹനം നൽകി സർക്കാർ.

15/03/2026

ജോലിയായി; 3.11 ലക്ഷം പി എസ് സി നിയമനങ്ങൾ നടന്ന 10 വർഷം

ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. 2025 ൽ മാത്രം പി.എസ്.സി വഴി സർക്കാർ 36,813 നിയമനങ്ങൾ നടത്തി, തുടർച്ചയായി മൂന്നാം വർഷവും 30,000-ലധികം പേർക്ക് സർക്കാർ ജോലി നൽകാൻ സാധിച്ചു. 2016 മെയ് മുതൽ 2025 ഒക്ടോബർ 31 വരെ പി.എസ്.സി മുഖേന ആകെ 3,11,492 നിയമനങ്ങളാണ് നടന്നത്, ഇത് ചരിത്രമാണ്. സംസ്ഥാനത്ത് 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കിയതിലൂടെ , യുവതലമുറയ്ക്ക് സർക്കാർ ജോലി എന്ന സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും കഴിയുന്ന ഒരു നവയുഗം വിരിയുകയാണ് കേരളത്തിൽ.

15/03/2026

ഐഡിയകളെല്ലാം സ്റ്റാർട്ടായി; സംസ്ഥാനത്ത് 7000 + സ്റ്റാർട്ടപ്പുകൾ

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖല കുതിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ 7,400-ലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതുവഴി 74,000-ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. യുവസംരംഭകത്വത്തിന് നൽകുന്ന ശക്തമായ പിന്തുണയുടെ ഫലമായി, സ്റ്റാർട്ടപ്പ് രംഗത്ത് രാജ്യത്തെ “ബെസ്റ്റ് പെർഫോമർ” പദവി നേടാൻ കേരളത്തിനായി. ഈ കാലയളവിൽ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി 514 കോടി രൂപയുടെ സാമ്പത്തിക പിന്തുണയാണ് നൽകിയത്. 63 ഇൻക്യൂബേറ്ററുകളും 557 മിനി ഇൻക്യൂബേറ്ററുകളും സ്ഥാപിച്ചു. ആശയങ്ങൾക്ക് ചിറകേകിയും സ്വപ്നങ്ങൾക്ക് വേദിയൊരുക്കിയും മുന്നേറുന്ന കേരളത്തിന്റെ വളർച്ചയുടെ അടയാളമാണ് ഈ ഉജ്ജ്വല നേട്ടം.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Secretariat
Thiruvananthapuram
695001