19/02/2026
ഈ നേട്ടം കേവലം ഒരു സർക്കാരിന്റേതല്ല, മറിച്ച് സർക്കാരിനൊപ്പം നിന്ന ഓരോ മലയാളിയുടേതുമാണ്. സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും ഒഴുക്കിയ വിയർപ്പാണ് കൽപ്പറ്റയിലെ വീടുകളായി മാറിയത്. ഫെബ്രുവരി 25-ന് ആ സ്വപ്നഭവനങ്ങൾ കൈമാറുമ്പോൾ നാം ഓരോരുത്തരും അഭിമാനിക്കണം.
19/02/2026
ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.
ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.
ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.
ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിൻ്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.
ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.
🏡 178 വീടുകൾ അതിജീവിതർക്കായി കൈമാറും.
🏡 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.
🏡 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്.
പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.
02/02/2026
വികസന മുന്നേറ്റ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഉദുമയിൽ നിന്ന് ആരംഭിക്കുകയാണ്. വികസന ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ഇടതുപക്ഷം ഒരു പതിറ്റാണ്ടു കൊണ്ട് ഈ നാടിനെ പുതിയ ഉയരത്തിലേക്കുയർത്തി. ഉയർച്ചയുടെ പടവുകളിനിയും നമുക്ക് കീഴടക്കാനുണ്ട്. ആ തുടർച്ചയ്ക്കുള്ള അടിയുറച്ച പിന്തുണയായി ഉദുമയിലെത്തിയ ജനാരവം മാറി.
16/01/2026
എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി നയിക്കും. ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും. തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും.
യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടും.
06/01/2026
കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും.
29/12/2025
ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച് പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും. എല്ലാ തലത്തിലുമുള്ള സിപിഐ എം നേതാക്കൾ ഉൾപ്പെടെ ഇതിന്റെ ഭാഗമാകും. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ കുടുംബ യോഗങ്ങളും ലോക്കൽ അടിസ്ഥാനത്തിൽ പൊതുയോഗവും സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി തകർക്കുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ദ്രോഹ നിലപാടുകൾക്കും വർഗീയതക്കുമെതിരായി ശക്തമായ പ്രക്ഷോഭം നടത്താനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
19/12/2025
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിബി ജിറാംജി ബില്ലിനെതിരായി ജനങ്ങൾ സംഘടിക്കണമെന്നും ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്നും ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പാർടികളുടെ സമർദ്ദത്താൽ രൂപപ്പെട്ടതാണ് തൊഴിലുറപ്പ് പദ്ധതി. എന്നാൽ പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിക്കുന്നതാണ് സർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ല്.
പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ് മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി. ഇതിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട് നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ് പുതിയ ബില്ല്. ആവശ്യാനുസരണം -ഫണ്ട് അനുവദിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
തൊഴിൽ ദിനങ്ങൾ നിലവിലെ നൂറിൽ നിന്നും 125 ദിവസമായി ഉയർത്തുമെന്ന വാഗ്‌ദാനം മറ്റൊരു തട്ടിപ്പാണ്. തൊഴിൽ കാർഡുകളെ യുക്തിസഹമാക്കുന്നതിന്റെ പേരിൽ വലിയൊരു വിഭാഗം ഗ്രാമീണ കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയാണ്. തിരക്കുള്ള കാർഷിക സീസണിൽ രണ്ടുമാസം പദ്ധതി നിർത്തിവെയ്‌ക്കുന്നത് തൊഴിൽ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ ഗ്രാമീണ തൊഴിലാളികൾക്ക് അത് നിഷേധിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഇൗ ഘട്ടത്തിൽ ഭൂവുടമകളെ ആശ്രയിക്കേണ്ട സാഹചര്യവുമൊരുങ്ങും. ഡിജിറ്റൽ ഹാജരും മറ്റും നിർബന്ധമാക്കുന്നത് തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. തൊഴിൽ നിഷേധവും തൊഴിൽ അവകാശങ്ങളുടെ അട്ടിമറിയും സംഭവിക്കും.
ഫണ്ടിങ് ഘടനയിൽ മാറ്റം വരുത്തുക വഴി സാമ്പത്തികബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റുകയാണ്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കും അനുവദിക്കുന്നുമില്ല. പദ്ധതിപ്രകാരമുള്ള തൊഴിലില്ലായ്‌മാ വേതനവും വൈകിയാൽ കൊടുക്കേണ്ട നഷ്ടപരിഹാരവുമെല്ലാം സംസ്ഥാനങ്ങൾക്ക് വഹിക്കേണ്ടതായി വരും. കേന്ദ്രത്തെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കുന്നതും പദ്ധതിയുടെ വ്യാപ്‌തിയെ ചുരുക്കുന്നതുമാണ് ഇൗ മാറ്റങ്ങളെല്ലാം.
പദ്ധതിയുടെ പേരുമാറ്റം മഹാത്‌മാ ഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഗാന്ധിജിയുടെ നിലപാടുകളോടുള്ള സംഘപരിവാർ വൈര്യവും പേരുമാറ്റത്തിൽ പ്രകടമാണ്. ജിറാംജി ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ഡിസംബർ 22 ന് ഇടതുപക്ഷ പാർടികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആവശ്യത്തിന് ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
18/12/2025
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിസംബർ 22 തിങ്കളാഴ്ച എല്ലാ ജില്ലകളിലെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.