09/10/2026
2026-27 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ അനുവദിച്ച ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ് പാലങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി തുക ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളും ജനകീയ സമിതിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗവും തദ്ദേശ സ്വയംഭരണ പ്രതിനിധികളും അടങ്ങുന്ന സംഘത്തോടൊപ്പം പദ്ധതി പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി.
തുകയുടെ ഭരണാനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തുളിയാംകുന്ന് പല്ലുതേവർ തെങ്ങുംതറ, മണ്ണാവ് കൈരളി പാലങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും. കൈരളി പാലത്തിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി പ്രത്യേക വർക്ക് പ്ലാൻ തയ്യാറാക്കും. തെങ്ങൻതറ, പുഴമ്പള്ളത്ത് പാലങ്ങളിൽ ആഴം കൂട്ടൽ (ഡീപ്പനിങ്) പ്രവൃത്തികൾ നടത്തും.
ഇൻവെസ്റ്റിഗേഷൻ ടീം ആറ് പ്രദേശങ്ങളിലെയും പ്രവൃത്തികൾ പഠിക്കാൻ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ഉടനടി ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി, ഡിസൈൻ വിങ്ങിന്റെ അനുമതിയോടെ പദ്ധതിയുടെ നിർമ്മാണ ടെൻഡറിലേക്ക് കടക്കും.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രദേശത്തെ കാർഷിക മേഖലയ്ക്ക് കൂടി ഊർജ്ജം പകരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലങ്ങളുടെ അടിഭാഗം ആവശ്യത്തിന് ആഴത്തിൽ എടുക്കുന്നതിലൂടെ വെള്ളം കിട്ടാതെ കൃഷി നശിച്ചുപോയ മേഖലകളിൽ ജലലഭ്യത ഉറപ്പാക്കാനും കൃഷി പുനരാരംഭിക്കാനും സാധിക്കും.