04/06/2026
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ഭരണകൂട പിന്തുണയോടെ മൂലധനത്തിന്റെ അതിരില്ലാത്ത ലാഭാര്‍ത്തിയുടെ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ആദിവാസി ജനതയോടുള്ള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ജൂണ്‍ 5ന് എല്ലാ പാര്‍ട്ടി ഘടകങ്ങളും ഐക്യദാര്‍ഢ്യ വൃക്ഷങ്ങള്‍ നട്ടുകൊണ്ട് ഈ ദിനം ആചരിക്കുന്നതാണ്.
ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ഉള്‍പ്പെടെ വിവേചനരഹിതമായി ധാതു ഖനനവും വന വിഭവ ചൂഷണവും നടത്തുന്നതിന് വിഘാതമെന്നവര്‍ കരുതുന്ന ഗോത്ര സമൂഹങ്ങളെ ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്. ഈ ദിശയിലുള്ള ഒടുവിലത്തെ നീക്കമാണ് 130 ചതുരശ്ര മൈല്‍ വിസ്തൃതമായ വനപ്രദേശങ്ങള്‍ ഡീ നോട്ടിഫൈ ചെയ്തുകൊണ്ടുള്ള ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി. വമ്പന്‍ തുറമുഖവും വിമാനത്താവളവും ടൗണ്‍ഷിപ്പും അടക്കം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രദേശം വമ്പിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ളതും ബൃഹത്തായ അളവില്‍ ശുദ്ധവായുവിന്റെ സ്രോതസ്സുമാണ്. മനുഷ്യനെയും ജീവന്റെ ഏക വാസഗേഹമായ ഭൂമിയെയും മറന്നു കൊണ്ടുള്ള ആഗോള മുതലാളിത്തത്തിന്റെ കമ്പോളാധിഷ്ഠിത വികസന നയത്തിന്റെ നടത്തിപ്പുകാരാണ് ഇന്ന് രാജ്യം ഭരിക്കുന്ന ആര്‍എസ്എസ് -ബിജെപി ഭരണകൂടം. സമ്പത്തും വികസനത്തിന്റെ ഗുണഫലങ്ങളും ഒരു ചെറുന്യൂനപക്ഷത്തിന് മാത്രം അനുഭവവേദ്യമാകുമ്പോള്‍ ആദിവാസികളും ദുര്‍ബല ജനവിഭാഗങ്ങളും കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്ക പ്പെടുകയാണ് ഇന്നത്തെ ഇന്ത്യയില്‍. അവരുടെ ഭൂമിയും ജലവും ആവാസവ്യവസ്ഥയും തൊഴിലും മാത്രമല്ല ശുദ്ധ വായുപോലും കവര്‍ന്നെടുക്കപ്പെടുകയാണ്. അവരോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമാണ് ഈ പരിസ്ഥിതി ദിനത്തെ സാര്‍ത്ഥകമാക്കുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത് ഈ പശ്ചാത്തലത്തില്‍ ആണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
03/06/2026
നഗരത്തെ ലോകോത്തരമാക്കും എന്നുൾപ്പെടെ വാചകമടികളും വൻ വാഗ്ദാനങ്ങളും നടത്തിയാണ് ബിജെപി തിരുവനന്തപുരം കോർപറേഷനിൽ അധികാരമേറ്റത്. സംസ്ഥാന തലസ്ഥാനത്തെ പ്രധാനപ്പെട്ട കോർപറേഷൻ ഭരണം കയ്യിലെത്തിയത് രാജ്യവ്യാപകമായാണ് അവര്‍ ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ പ്രമുഖരെ അണിനിരത്തി വിജയാഹ്ലാദവും നടത്തി. പ്രസ്തുത പരിപാടിയിൽ തിരുവനന്തപുരത്തിന് മാത്രമായി ചില പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുമെന്ന് പ്രചരിപ്പിച്ചെങ്കിലും പതിവ് വാചാടോപത്തിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗമെന്നതിനുമപ്പുറം പ്രഖ്യാപനങ്ങളുമുണ്ടായില്ല. മാറാത്തത് മാറുമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന മുദ്രാവാക്യം. പക്ഷേ അധികാരത്തിലെത്തി ആറുമാസത്തോളമായിട്ടും പ്രഖ്യാപനങ്ങൾക്കും പ്രചാരണങ്ങൾക്കുമപ്പുറം എന്തെങ്കിലും മാറ്റം നഗരവാസികൾക്ക് അനുഭവപ്പെടുന്നവിധം ഭരണം കാഴ്ച വയ്ക്കുന്നതിന് സാധ്യമായില്ല. എന്നുമാത്രമല്ല മാറാത്തത് മാറും എന്നതിന് പകരം നാറാത്തത് നാറുമെന്ന് പരിഹാസത്തിനിടയാക്കുന്ന വിധം നഗരത്തിലെ ജനജീവിതം ദുഃസഹമായിരിക്കുകയാണ് ഇപ്പോൾ.
നഗരഭരണത്തിന്റെ ആസൂത്രണമില്ലായ്മ ഏറ്റവുമധികം പ്രകടമായതായിരുന്നു ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുകയും നിരത്തുകളില്‍ മുഴുവൻ അടുപ്പുകൾ കൂട്ടുകയും ചെയ്യുന്ന നഗരം വളരെ പെട്ടെന്ന് തന്നെ ശുചീകരിച്ച് പൂർവസ്ഥിതിയിലാക്കുക എന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി പതിവായിരുന്നു. ഉപേക്ഷിക്കുന്ന അടുപ്പുകല്ലുകളും മറ്റ് അവശിഷ്ടങ്ങളും നീക്കി രാത്രിയോടെ തന്നെ നഗരശുചീകരണം നടത്തുന്നതിനുള്ള ബൃഹത്തായ ആസൂത്രണം അതാത് കാലത്തെ നഗര ഭരണാധികാരികൾ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി യോജിച്ച് നടത്തുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഹൈന്ദവ ഭക്തി ആഘോഷിക്കുന്ന ബിജെപി നഗരഭരണം കയ്യേറ്റ ഈ വർഷത്തെ പൊങ്കാല കഴിഞ്ഞ് ശുചീകരണം പാടെ പാളുന്ന സ്ഥിതിയാണുണ്ടായത്. ഒരാഴ്ചയിലധികമാണ് മാലിന്യങ്ങൾ നിറഞ്ഞ് നാറ്റം വിതയ്ക്കുന്ന സ്ഥിതിയുണ്ടായത്. നഗരഭരണത്തിന്റെ പരാജയം പ്രകടമാക്കിയതായിരുന്നു ഈ സംഭവം. അതിനുപിന്നാലെയാണ് മഴക്കാലപൂർവ ശുചീകരണം പാളി നഗരം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ശുചീകരണം നടത്തുകയും അടഞ്ഞുപോകുന്ന ജല, മാലിന്യ നിർഗമന മാർഗങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന പതിവാണ് ഇത്തവണ തെറ്റിയത്. അതിന്റെ ഫലമായി ആദ്യ മഴ ചെയ്തപ്പോൾതന്നെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമുണ്ടായി. നഗരത്തിലെ ഏറ്റവും ദീർഘമേറിയ ആമയിഴഞ്ചാൻ, പഴവങ്ങാടി തോട് ശുചീകരണം പാളിയതാണ് വെള്ളക്കെട്ടിന് കാരണമായത്. പഴവങ്ങാടി തോട് ശുചീകരണ ഉദ്ഘാടനം മേയറുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും തുടർനടപടികൾക്ക് വേഗം കുറവായിരുന്നു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ നടത്താത്തതും പ്രശ്നം രൂക്ഷമാക്കി. ഇതുകാരണം തമ്പാനൂർ, കിഴക്കേക്കോട്ട, പഴവങ്ങാടി, അട്ടക്കുളങ്ങര ഉൾപ്പെടെ പ്രദേശങ്ങളിൽ വെള്ളം കയറുകയും യാത്ര തടസപ്പെടുകയും ചെയ്തു. ഓടകളിലെ മാലിന്യം കലർന്ന വെള്ളം തൊട്ടടുത്ത ഹോട്ടലുകൾ, തുണിക്കടകൾ, പലചരക്കുകടകൾ എന്നിവിടങ്ങളിലും കയറി വ്യാപാരികൾക്ക് നാശമുണ്ടാക്കുകയും ചെയ്തു. നഗരശുചീകരണം പൂർണമായും താളംതെറ്റിയ നഗരത്തിൽ മഴക്കാലം എത്തുന്നതോടെ പകർച്ചവ്യാധി ഭീഷണിയും ഉയർന്നിരിക്കുകയാണ്. അതിനാൽ മാലിന്യം കലർന്ന വെള്ളത്തിലിറങ്ങേണ്ടി വന്നവർ എലിപ്പനി പ്രതിരോധ ഗുളികകൾ ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും എട്ട് ലക്ഷത്തിലധികം ജനസംഖ്യയും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുമുള്ള വൻ നഗരമെന്ന നിലയിലുള്ള നഗരമാലിന്യവും തിരുവനന്തപുരത്തിന്റെ വലിയ സാമൂഹ്യ പ്രശ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത് ഇല്ലാതാക്കുന്നതിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്താൽ പോലും അധികനേരം വെള്ളക്കെട്ട് അനുഭവപ്പെടാറില്ലായിരുന്നു. അവിടെയാണ് കുറച്ച് മണിക്കൂർ മാത്രം മഴ പെയ്തപ്പോൾ വെള്ളക്കെട്ടും മാലിന്യ പ്രവാഹവുമുണ്ടായത്. ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി നഗരസഭ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥിതിയുമുണ്ടായി. മുൻ ഭരണസമിതികളെ പഴിചാരുകയും ചെയ്തു. യഥാർത്ഥത്തിൽ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തുറന്നുസമ്മതിക്കലാണിത്. തിരുവനന്തപുരം സംസ്ഥാന തലസ്ഥാനമെന്ന നിലയിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മഴക്കാലപൂർവ ശുചീകരണം നടത്താറുള്ളതെങ്കിലും അതിന്റെ പൂർണ നേതൃത്വം നഗരഭരണക്കാർക്കു തന്നെയാണ്. നാളിതുവരെ ഉണ്ടായിരുന്ന എല്ലാ നഗരഭരണാധികാരികളും അത് നിർവഹിച്ചിട്ടുമുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണം തേടിയും റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹ്യ - സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയെ കൂട്ടിയോജിപ്പിച്ചുമാണ് ഇത് നടത്തിവന്നിരുന്നത്. ഓരോ വാർഡിലും ശുചീകരണത്തിനായി ഇത്തവണ നൽകിയ തുക പോലും അപര്യാപ്തമായിരുന്നുവെന്ന പരാതിയും ഉയരുകയുണ്ടായി. നഗരഭരണമെന്നത് റീലുകളിലും കൊട്ടിഘോഷിക്കലിലുമല്ലെന്നും എല്ലാവരെയും സംയോജിപ്പിച്ച് ആസൂത്രണത്തോടെ നടത്തേണ്ടതാണെന്നും തിരിച്ചറിയുന്നില്ലെങ്കിൽ ഈ മഴക്കാലം നഗരവാസികൾക്ക് ദുരിതമായിരിക്കുമെന്നാണ് ആശങ്കപ്പെടേണ്ടത്.
31/05/2026
ജീവോല്പത്തിയുടെ സമഗ്രതയും പരിണാമവും വികാസവുമാണ് സങ്കീർണമായ പ്രകൃതിയോടുചേർന്നുള്ള പരിസ്ഥിതിയുടെ രൂപീകരണത്തിനും വഴിയായത്. മനുഷ്യർ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്. പരിസ്ഥിതിയും സമൂഹവും പരസ്പരം ബന്ധിക്കപ്പെട്ടതും ഒന്നിനൊന്ന് ആശ്രയിക്കുന്നതുമാണ്. സമൂഹത്തിന്റെ നിലനില്പ് പ്രകൃതിദത്ത പരിസ്ഥിതിയിൽ കേന്ദ്രീകൃതമാണ്. പരിസ്ഥിതിയുടെ ഏതൊരു നാശവും സമൂഹത്തിന്റെ നിലനില്പിന് ഭീഷണിയാകും. ആരവല്ലി പർവതനിരയുടെ അവസ്ഥ ഇതിന് ഉദാഹരണമാണ്. ചുറ്റും ജീവിക്കുന്നവരുമായി ആരവല്ലിക്ക് ആഴമേറിയ ബന്ധമുണ്ട്. അവരുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ ആ മലനിരകൾ വഹിച്ച പങ്ക് എത്രയോ വലുതാണ്. ജീവിതത്തിന്റെ സ്ഥിരത, ഉപജീവനമാർഗം, ജീവിക്കാനുള്ള ഇടം, വസ്ത്രം എന്നിവയെല്ലാം ഈ മലനിരകളുടെ തന്നെ സമ്മാനങ്ങളാണ്. ഇത് അളക്കാൻ കഴിയാത്തത്ര വലുതാണ്. ആരവല്ലിയുമായി ഉയർന്നുവന്നിട്ടുള്ള തർക്കങ്ങളിൽ സുപ്രീം കോടതി പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് മലനിരകള്‍ക്ക് സുപ്രീം കോടതി നൽകിയ നിർവചനം പോലും വളരെ ഇടുങ്ങിയതാണ് എന്ന് വിലയിരുത്തേണ്ടി വരും. ഈ തർക്കങ്ങൾക്കിടയിൽ, എന്താണ് ആരവല്ലി എന്ന ചോദ്യം വീണ്ടും ഉയരുന്നു. മലനിരകളെ നിർവചിക്കുന്നതിനായി ഒരു പുതിയ വിലയിരുത്തലും മാനദണ്ഡവും പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 100 മീറ്റർ ഉയരമെന്ന നിർദേശം സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനം വീണ്ടും വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നു. കോടതി രൂപീകരിക്കുന്ന വിദഗ്ധ സമിതി ആരവല്ലി കുന്നുകളും മലനിരകളും എന്തൊക്കെ എന്ന് പുനർനിർവചിക്കുന്നതുവരെ ആരവല്ലിയിലെ ഒരിഞ്ചു പോലും ഖനനത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മേയ് 15ന് സുപ്രീം കോടതി വ്യക്തമാക്കി. പുനർനിർവചനം പൂർത്തിയാകുന്നതുവരെ ഖനന ലൈസൻസ് ഉള്ളവർക്കും പുതിയ ലൈസൻസിനായി കാത്തിരിക്കുന്നവർക്കും ലൈസൻസ് പുതുക്കൽ ഉൾപ്പെടെ തുടർനടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന വാദത്തോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "ആരവല്ലിയിൽ ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചുകൊണ്ട് ഞങ്ങൾ യാതൊരു ഉത്തരവും പുറപ്പെടുവിക്കില്ല. അമികസ് ക്യൂറി കെ പരമേശ്വർ, യൂണിയൻ സർക്കാർ, മറ്റ് കക്ഷികൾ എന്നിവർ നിർദേശിക്കുന്നവരുടെ പേരുകൾ പരിഗണിച്ച് രൂപീകരിക്കുന്ന വിദഗ്ധ സമിതി നിർദേശിക്കുന്ന പുതിയ നിർവചനത്തിൽ കോടതിക്ക് പൂർണ തൃപ്തി വരുന്നതുവരെ, ആരവല്ലിയുടെ ഒരിഞ്ച് ഭൂമി പോലും ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല." ഈ മലനിരകൾ നാല് സംസ്ഥാനങ്ങളിലായി 600 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. 200 കോടി വർഷം പഴക്കവും അനുമാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മലനിരകളെ പ്രതിനിധീകരിക്കുന്നു ആരവല്ലി.
ആരവല്ലിയിൽ ജീവിക്കുന്ന ജനങ്ങൾ പരമോന്നത കോടതി മുമ്പ് നൽകിയ നിർവചനത്തോട് യോജിക്കുന്നില്ല. രാജസ്ഥാനിലെ ജനങ്ങൾ മലനിരകളും തങ്ങളും ഒരേ സ്വത്വം എന്നു കരുതുന്നു. അവർക്ക് ആരവല്ലി എന്നാൽ സ്വന്തം ജീവനാണ്. ജീവിതത്തിന്റെ ആഴങ്ങളിലാണ് ആരവല്ലിയുടെ സ്ഥാനം. കുന്നുകളെ വേർതിരിക്കുന്നതിനായി 100 മീറ്റർ ഉയര പരിധിയും കുന്നുകൾ തമ്മിൽ 500 മീറ്റർ അകലവും മാനദണ്ഡമാക്കിയത് ജനങ്ങളെ ഭയപ്പെടുത്തി. കാരണം, ഈ നിർവചനം നടപ്പിലാക്കിയാൽ ആരവല്ലിയുടെ പാരിസ്ഥിതിക വ്യവസ്ഥ ഇല്ലാതാകും. ആരവല്ലിയുടെ വ്യാപ്തി ചുരുങ്ങിയാൽ, വനങ്ങളും പൊതു മേച്ചിൽപ്പുറങ്ങളും ജലസംവിധാനങ്ങളും ഉപവനങ്ങളും കാവുകളും ഇല്ലാതാകും. മതപരമോ സാംസ്കാരികമോ ആത്മീയമോ ആയ പ്രാധാന്യം കാരണം പ്രാദേശിക സമൂഹങ്ങൾ സംരക്ഷിച്ചുപോരുന്ന വനമേഖലകളാണ് ഈ ഉപവനങ്ങൾ. ഇത്തരം കാടുകൾ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ കൂടിയാണ്. അപൂർവമായ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ഇവ അഭയകേന്ദ്രങ്ങളായി വർത്തിക്കുന്നു.
രാജ്യത്ത് ഇത്തരത്തിലുള്ള ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഉപവനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശങ്ങൾ സമ്പന്നമായ ജൈവവൈവിധ്യം നിലനിർത്തുന്നതോടൊപ്പം അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യ-മൃഗ വർഗങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങളുമാണ്. കമ്മ്യൂണിറ്റി ജീവിതത്തിനും ഖനനത്തിനും ഇടയിൽ ഉയർന്നുവരുന്ന പുതിയ നിയന്ത്രണങ്ങൾ, ഭൂമി വിഭജനം, നിർബന്ധിത പലായനം എന്നിവ കാരണം കാടുകളും ജീവജാലങ്ങളും സർവോപരി മലനിരകൾ പൂർണമായും ഭീഷണി നേരിടുകയാണ്. മലനിരകളിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അഭയവും ഉപജീവനവും ഈ പർവതങ്ങളിൽ നിന്നാണ്. ഇത് ഈ ആധുനിക കാലത്തെ മാത്രം പ്രതിഭാസമല്ല. നൂറ്റാണ്ടുകളായി ഈ പർവതങ്ങൾ ജനങ്ങളെ സംരക്ഷിച്ചുപോരുന്നുണ്ട്. അത് അവരുടെ സ്വത്വം തന്നെയാണ്. ഈ പർവതങ്ങൾ യുദ്ധമുറകളെപ്പോലും രൂപപ്പെടുത്തിയിട്ടുണ്ട്. പണ്ടുകാലത്ത്, വനങ്ങളെക്കുറിച്ചും മലമ്പാതകളെക്കുറിച്ചും ജലസ്രോതസുകളെക്കുറിച്ചുമുള്ള പ്രാദേശിക അറിവുകൾ ഉപയോഗിച്ച് ഒളിയുദ്ധ തന്ത്രങ്ങളും ഭൂഗർഭ പ്രസ്ഥാനങ്ങളും നടത്താൻ ആരവല്ലി സഹായിച്ചിരുന്നു. ആരവല്ലി മലനിരകൾ രാജസ്ഥാന്റെ പാരിസ്ഥിതിക നട്ടെല്ലാണ്. ഇത് കാലാവസ്ഥയെ നിയന്ത്രിക്കുകയും, മരുഭൂവൽക്കരണത്തെ തടയുകയും ചെയ്യുന്നു. ബനാസ്, ലൂണി, സബർമതി തുടങ്ങിയ നദികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. വരണ്ട ഒരു ഭൂപ്രകൃതിയിൽ ഉപവനങ്ങളെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. അറബിക്കടലിലേക്കും ബംഗാൾ ഉൾക്കടലിലേക്കും ഒഴുകുന്ന നദീവ്യൂഹങ്ങളെ വേർതിരിക്കുകയും ആചാരങ്ങളെയും ഭാഷകളെയും ജീവിതരീതികളെയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു സാംസ്കാരിക വിഭജന രേഖ കൂടിയാണിത്.
ഭീൽ, മീണ, ഗരാസിയ, സഹാരിയ, റൈക്ക, രേവാരി, മോഗിയ, നാഥ്, ഗുർജർ തുടങ്ങിയ സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പർവതങ്ങൾ കേവലം ഒരു വിഭവമല്ല, മറിച്ച് ജീവനുള്ള ഒരു സാന്നിധ്യമാണ്. ക്ഷേത്രങ്ങളും, തോപ്പുകളും, കുന്നിൻമുകളിലെ ആരാധനാലയങ്ങളും, വനദേവതകളും ഈ ഭൂപ്രകൃതിയിലുടനീളം നിറഞ്ഞുനിൽക്കുന്നു. ജനങ്ങൾ വനത്തിൽ നിന്ന് ഭക്ഷണവും, വിറകും, ഔഷധസസ്യങ്ങളും, മുളയും, ബീഡി ഇലകളും, കാട്ടുപഴങ്ങളും ശേഖരിക്കുന്നു. മഴയെ ആശ്രയിച്ചുള്ള തട്ടുതട്ടായുള്ള കൃഷി രീതി ചാമ, കമ്പം തുടങ്ങിയ വിളകളെയും പയറുവർഗങ്ങളെയും പിന്തുണയ്ക്കുന്നു. കുന്നിൻചരിവുകൾ കന്നുകാലികൾ, ചെമ്മരിയാടുകൾ, ആടുകൾ, ഒട്ടകങ്ങൾ എന്നിവയ്ക്കുള്ള മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നു. കന്നുകാലികൾക്കും ജലത്തിനുമൊപ്പം ആരവല്ലിയിൽ ജീവിക്കുന്നവരുടെ ജീവനാഡി തന്നെയാണ് വനവിഭവങ്ങൾ. പരമ്പരാഗത ജലസംവിധാനങ്ങളാണ് നിലനില്പിന്റെ പ്രധാന കേന്ദ്രം. ജോഹാദുകൾ (പരമ്പരാഗത മൺ അണക്കെട്ടുകൾ), കൽക്കിണറുകൾ, നാടികൾ, ബാവോരികൾ എന്നിങ്ങനെ ജലസ്രോതസുകൾ കൂട്ടായാണ് നിർമ്മിക്കുന്നതും പരിപാലിക്കുന്നതും. ഇതിലൂടെ മഴവെള്ളം സംഭരിക്കപ്പെടുകയും ഭൂഗർഭജലം റീചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ജലഘടനകൾ അവരുടെ ജീവനാഡിയാണ്. ഇവ നിയമം കൊണ്ടല്ല, മറിച്ച് സമൂഹത്തിന്റെ ധാർമ്മികതകൊണ്ടാണ് സംരക്ഷിക്കപ്പെടുന്നത്.
30/05/2026
രാജ്യത്തെ ‘ജനസംഖ്യാ വ്യതിയാന’ത്തെപറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾ നിര്‍ദേശിക്കുന്നതിനുമായി കേന്ദ്രസർക്കാർ മേയ് 26ന് ഒരു സമിതി പ്രഖ്യാപിച്ചു. ‘നിയമവിരുദ്ധ നുഴഞ്ഞുകയറ്റമടക്കം വിവിധ കാരണങ്ങളാൽ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്ന അസ്വാഭാവിക മാറ്റങ്ങൾ ഏതൊരു രാഷ്ട്രത്തിന്റെയും കാലിക യാഥാർത്ഥ്യങ്ങൾക്കും ഭാവിക്കും വലിയ വെല്ലുവിളിയാണ്’ ഉയർത്തുന്നതെന്ന ട്വീറ്റോടെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയുള്ള സമിതിയുടെ (എച്ച്എൽസിഡിസി) രൂപീകരണം പ്രഖ്യാപിച്ചിട്ടുള്ളത്.
2021ൽ നടക്കേണ്ടിയിരുന്നതും, ആറ് വർഷം വൈകി ആരംഭിച്ചതുമായ കാനേഷുമാരി കണക്കെടുപ്പിന് സമാന്തരമായാണ് ജനസംഖ്യ വ്യതിയാന പഠനത്തിന് സമിതിയെ നിയമിച്ചതും തുടർനടപടികളെപ്പറ്റിയുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതുമെന്നത് കേന്ദ്രസർക്കാരിന്റെ ഈ സംരംഭത്തിലുള്ള ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തുടക്കം കുറിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) എന്നീ വിവാദ നടപടികളുടെ ചുവടുപിടിച്ചുള്ള, നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഒന്നായെ ഈ നീക്കത്തെ കാണാനാവൂ.
ഇപ്പോൾ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പിൽ ജാതി, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പും ഉൾപ്പെടുത്തണമെന്ന പൊതു ആവശ്യത്തോടുള്ള മോഡി സർക്കാരിന്റെ സമീപനത്തിൽ അവ്യക്തത തുടരവേ, ജനസംഖ്യാ സവിശേഷതകളെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നിരിക്കെ നടക്കുന്ന പഠനം അന്ധൻ ആനയെക്കണ്ടതിന് തുല്യമാവില്ലേയെന്ന ആശങ്ക വ്യാപകമാണ്. വ്യക്തമായ കണക്കുകളുടെയും വസ്തുതകളുടെയും അഭാവത്തിൽ നടത്തുന്ന പഠനം ജനസംഖ്യാ സംബന്ധമായ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് സാധൂകരണം നൽകാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് പരക്കെ ആശങ്കയുണ്ട്.
2013–14ല്‍ അസമിൽ ആരംഭിച്ച എൻസിആർ പ്രക്രിയ മാത്രമേ ഇതിനോടകം പൂർത്തിയാക്കാനായിട്ടുള്ളൂ. അതിന്റെ ഫലമാകട്ടെ ഏതാണ്ട് 20 ലക്ഷത്തിലധികം പേരെ പൗരന്മാരല്ലാതാക്കുകയും അവരുടെ എല്ലാ മനുഷ്യാകാശങ്ങളും ലംഘിച്ച് തടവുകാരാക്കുകയും ചെയ്തതാണ്. 2021ൽ അത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് മോഡി സർക്കാർ പ്രഖ്യാപിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് എവിടെയുമെത്താതെ ത്രിശങ്കുവിലുമാണ്. എൻപിആർ, രാജ്യത്ത് ഏതെങ്കിലുമൊരു പ്രദേശത്ത് ആറുമാസത്തിലധികം താമസിക്കുകയും തുടർന്ന് ആറുമാസം താമസിക്കുമെന്ന് കരുതപ്പെടുന്നവരുടെ പട്ടിക രൂപീകരിക്കാനാണ് ലക്ഷ്യംവച്ചിരുന്നത്.
ഓരോ ദശകത്തിന്റെയും ആരംഭത്തിൽ സമഗ്ര ജനസംഖ്യാ കണക്കെടുപ്പ് ലക്ഷ്യംവച്ചുള്ള കാനേഷുമാരി നടത്തുന്നതിൽ പരാജയപ്പെട്ട ഒരു സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുമെന്ന് പറയുന്നതിന്റെ സാംഗത്യം അവർക്കുപോലും അറിയില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. കണക്കുകളോടും പഠനങ്ങളോടും മോഡി സർക്കാരിനുള്ള ഭയവും അവജ്ഞയും ലോകമാകെ തിരിച്ചറിയുന്ന യാഥാർത്ഥ്യമാണ്. എന്നാൽ എസ്ഐആറിന്റെ അവസ്ഥ അതല്ല. ഇതുവരെ എസ്ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ ഏതാണ്ട് രണ്ടുകോടിയില്‍പ്പരം പൗരന്മാരാണ് വോട്ടർപട്ടികയിൽനിന്നും പുറത്താക്കപ്പെട്ടത്.
അങ്ങനെ പുറത്താക്കപ്പെട്ടവരുടെ പൗരാവകാശങ്ങൾ മാത്രമല്ല ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടും എന്നാണ് പശ്ചിമ ബംഗാളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വോട്ടർപട്ടികയിൽനിന്നും പുറത്തായ ഒരുകോടിയോളം മനുഷ്യരെ നാടുകടത്തുന്നതിന്റെ മുന്നോടിയായി തടവിൽ പാർപ്പിക്കുന്നതിന് 12 കേന്ദ്രങ്ങൾ തയ്യാറായിക്കഴിഞ്ഞതായും അത്തരക്കാരെ പിടികൂടാന്‍ ആരംഭിച്ചതായും സംസ്ഥാന ബിജെപി മുഖ്യമന്ത്രി ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പട്ടികയിൽനിന്നും പുറത്താക്കപ്പെട്ട ആർക്കും യാതൊരു സർക്കാർ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല എന്ന് ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനസംഖ്യാ വ്യതിയാന പഠന സമിതിയുടെ രൂപീകരണ ലക്ഷ്യവും മറിച്ചൊന്നല്ല. പ്രത്യേക ജനവിഭാഗങ്ങളെ നുഴഞ്ഞകയറ്റക്കാർ എന്ന് മുദ്രകുത്തി അവർക്കെതിരെ ഭൂരിപക്ഷ മതവികാരം ഇളക്കിവിട്ട് അധികാരത്തിൽ പിടിമുറുക്കുകയെന്ന ഫാസിസ്റ്റ് രാഷ്ട്രീയ കുതന്ത്രമാണ് മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നുഴഞ്ഞുകയറ്റക്കാരെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനസംഖ്യാ വ്യതിയാനത്തെപ്പറ്റിയും അതേപ്പറ്റി പഠനം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ യമദൂതന്റെ പങ്കുവഹിക്കുന്ന അമിത് ഷാ ആ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. ജനസംഖ്യാ വ്യതിയാന പഠനത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ, 83കാരനായ വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നവലേക്കർ തന്റെ നിയമനത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും പഠനവിധേയമാക്കേണ്ട വിഷയങ്ങളിൽ തനിക്കുള്ള അജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. പ്രസ്തുത സമിതിയിൽ ഒരൊറ്റ ജനസംഖ്യാ ശാസ്ത്രജ്ഞൻ/വിദഗ്ധൻ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.
കോടാനുകോടി ജനങ്ങൾ തൊഴിലിനുവേണ്ടി ആഭ്യന്തരമായി കുടിയേറ്റം നടത്തുന്ന രാജ്യത്ത് അതുസംബന്ധിച്ച് തങ്ങളുടെ കയ്യിൽ യാതൊരു കണക്കുമില്ലെന്ന് രാജ്യത്തെ പരമോന്നത കോടതിയെ ബോധിപ്പിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ആഭ്യന്തരമായി നടക്കുന്ന വ്യാപക കുടിയേറ്റം രാജ്യത്തെ ജനസംഖ്യയിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും പ്രശ്നങ്ങളും ഇപ്പോൾ നിയോഗിക്കപ്പെട്ട സമിതിയുടെ പഠനവിഷയത്തിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജനസംഖ്യാ വ്യതിയാന പഠനത്തിന്റെ പേരിൽ നടക്കാൻ പോകുന്നത് നിക്ഷിപ്ത ലക്ഷ്യത്തോടെയുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ തീക്കളിയായിരിക്കും.
30/05/2026
കേന്ദ്ര സര്‍ക്കാരിനെ സ്നേഹിച്ചും തലോടിയും ഉള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാര്യമായ നയമൊന്നും പ്രഖ്യാപനത്തില്‍ ഇല്ല. കേന്ദ്ര സര്‍ക്കാരിനു ദേഷ്യമോ സങ്കടമോ ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചു എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നയിക്കുന്ന കേന്ദ്രത്തിനെതിരെ ശബ്ദിക്കാൻ കോണ്‍ഗ്രസിനു പ്രോട്ടോക്കോള്‍ ഉണ്ടോ എന്ന് ബിനോയ് വിശ്വം ചോദിച്ചു. 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരിനു മുകളില്‍ സാമ്പത്തിക ഉപരോധമാണ് കേന്ദ്രം സൃഷ്ടിച്ചത്. കേരളത്തിന്റെ അവകാശങ്ങളെ പരിഗണിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഫെഡറല്‍ തത്വങ്ങളെയടക്കം ലംഘിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും നടത്താൻ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുരോഗതി ആരംഭിച്ചത് 1957 മുതലാണ്. അതിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ വികസന പാതയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ മാറിസഞ്ചരിക്കരുത്. ഭൂപരിഷ്കരണത്തിന്റെ മൗലികമായ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമിക്കരുത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പദ്ധതി നടപ്പിലാക്കാൻ വെെകരുതെന്നും ബിനേയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇഡി കേരളത്തില്‍ കഴിഞ്ഞ ദിവസം നടത്തിയത് പൊളിറ്റിക്കല്‍ ഷോയാണ്. കേസില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത ആളാണ് പിണറായി വിജയൻ. ബിജെപിക്ക് ഇഷ്ടമില്ലാത്തവരെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
29/05/2026
മെയ് 29
സഖാവ് വി കെ രാജൻ ദിനം
28/05/2026
രാജ്യത്തെ ജനസംഖ്യയിൽ സ്വാഭാവികമല്ലാത്ത മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉയർന്ന തലത്തിലുള്ള പ്രത്യേക സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഐ. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങൾക്കിടയിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിലും ഭയം സൃഷ്ടിക്കാനുമുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു അപകടകരമായ നീക്കമാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, എസ്ഐആർ എന്നിവയ്ക്ക് പിന്നിലുള്ള അതേ വിഭജന രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായി ഈ നടപടിയെ വിലയിരുത്താം. ജനസംഖ്യാ ആശങ്കകളുടെ മറപിടിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മൗലികമായ പൗരത്വ അവകാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ പൗരത്വം ഭരണഘടന ഉറപ്പു നൽകുന്നതാണ്. അത് മതത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ രാഷ്ട്രീയ താല്പര്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിശ്ചയിക്കുന്നത്. ന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങളെയും പിന്നോക്കക്കാരെയും ഒരു ജനസംഖ്യാ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പൂർണമായും ഭരണഘടനാ വിരുദ്ധമാണ്.
ഇത്തരം സമിതികൾ സാധാരണക്കാരായ ജനങ്ങളെയും മുസ്ലിങ്ങൾ, കുടിയേറ്റക്കാർ, ദളിതർ, ആദിവാസികൾ, പാവപ്പെട്ടവർ എന്നിവരെയും നിരീക്ഷിക്കാനും ഉപദ്രവിക്കാനും അവരുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനും വോട്ടവകാശം നിഷേധിക്കാനുമുള്ള ആയുധങ്ങളായി മാറിയേക്കാമെന്നും സിപിഐ മുന്നറിയിപ്പ് നൽകി. ജനങ്ങളെ തരംതിരിക്കുന്ന ഇത്തരം എല്ലാ നീക്കങ്ങളും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
28/05/2026
കേരള മുൻ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പ്രതികാരമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണ ഏജൻസികളെ എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നടപടിയെന്നും സിപിഐ കുറ്റപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി വേട്ടയാടാനും രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് കേന്ദ്ര സർക്കാർ ഇത്തരം ഏജൻസികളിലൂടെ ശ്രമിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്ന രാഷ്ട്രീയ ശബ്ദങ്ങൾക്കെതിരെയും ഇഡി പോലുള്ള ഏജൻസികളെ നിരന്തരം ആയുധമാക്കുന്നത് രാജ്യത്തെ ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം ഏകാധിപത്യ പ്രവണതകൾക്കെതിരെ രാജ്യത്തെ എല്ലാ ജനാധിപത്യ മതേതര ഫെഡറൽ ശക്തികളും ഒന്നിച്ച് അണിനിരക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു