05/05/2026
1937-ൽ കോഴിക്കോട്ടെ ഒരു പച്ചക്കറി കടയുടെ മുകളിലെ നിലയിൽ നാലോ അഞ്ചോ പേർ ചേർന്ന് രഹസ്യമായി ഒരു പാർട്ടി ഉണ്ടാക്കി കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം.
പുറത്ത് കണ്ടാൽ അടിച്ചും വെടിവച്ചും കൊല്ലുന്ന കാലം. ഒളിവിലും ജയിലിലും കഴിഞ്ഞ് അവർ ആ പാർട്ടിയെ പടർത്തി. അതിനിടെ ചിലർ കഴുമരമേറി; ചിലർ വെടിയേറ്റ് വീണു; വേറെ ചിലർ അസ്ഥികൾ നുറുങ്ങി മരിച്ചു. എന്നിട്ടും വെറും ഇരുപത് വർഷത്തിനുള്ളിൽ ആ പാർട്ടി കേരളത്തെ ഭരിക്കുന്ന പാർട്ടിയായി മാറി.
സമഗ്രാധിപത്യമൊന്നും ഉണ്ടായിരുന്നില്ല - ഞാണിന്മേൽ കളിയായിരുന്നു. എന്നിട്ടും കിട്ടിയ കാലം ജനങ്ങളുടെ ദുരിതജീവിതത്തിന് ചെറിയ ആശ്വാസമെങ്കിലും നൽകാനുള്ള ഒരവസരവും നഷ്‌ടപ്പെടുത്തിയില്ല. ഇടതുപക്ഷത്തെ തള്ളിയിടാൻ ഉള്ള ഒരു അവസരവും വലതുപക്ഷം നഷ്ടപ്പെടുത്തിയില്ല.
1957 മുതൽ 1987 വരെ മുപ്പത് വർഷത്തിനിടെ ഇടതുപക്ഷ സർക്കാർ കേരളം ഭരിച്ചത് എത്ര വർഷമാണെന്ന് ഓർമ്മയുണ്ടോ? വെറും ആറ് വർഷം അതായത് അഞ്ചിലൊന്ന് കാലം. എന്നിട്ടും ജന്മിത്വത്തെ അവസാനിപ്പിച്ചു; പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും അടിത്തറ പാകി; തൊഴിലാളി ജീവിതത്തോട് ആത്മാഭിമാനത്തിന്റെ തെളിച്ചം ചേർത്തുവച്ചു; കർഷകതൊഴിലാളികൾക്ക് പെൻഷൻ ആരംഭിച്ചു. എന്നിട്ടും ഒരു തവണ പോലും അഞ്ച് വർഷം തികച്ച് ഭരിക്കാനായില്ല - മൂന്ന് തവണയാണ് പാതിവഴിപോലും എത്താതെ വീണത്.
എന്നിട്ടും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി കൊടി മടക്കി വെച്ചില്ല. തെരഞ്ഞെടുപ്പ് വിജയമാണ് എല്ലാം എന്ന മിഥ്യാബോധവും കൊണ്ടുനടന്നില്ല. പൊരുതി; മനുഷ്യരെ സംഘടിപ്പിച്ചു; ജീവിക്കുന്ന ഇടത്തെ കുറേക്കൂടി മെച്ചപ്പെടുത്താനാകുമോ എന്ന് നിരന്തരം അന്വേഷിച്ചു; ഏത് വേദനയുടെ കാലത്തും ഒറ്റയ്ക്കാക്കില്ലെന്ന് സഹജീവികൾക്ക് ഉറപ്പു നൽകി കൊണ്ടിരുന്നു.
മറക്കരുത് - ആ ചെങ്കൊടി പ്രസ്ഥാനമാണ് 1987 മുതൽ 2026 വരെയുള്ള മുപ്പത്തിയെട്ട് വർഷങ്ങളിൽ 24 വർഷവും ഈ നാടിനെ നയിച്ചത്. അതിലെ ഏറ്റവും ഉജ്ജ്വലമായ ഒരു ഘട്ടമാണ് ഇന്നോടെ അവസാനിച്ചത്. വിമോചന സമരം കൊണ്ടും കുതികാൽവെട്ടൽ കൊണ്ടും ചതിച്ചും ഇല്ലാതാക്കാൻ നോക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഈ നാടിനെ തുടർച്ചയായി നയിച്ച ഒരു പതിറ്റാണ്ട്.
മറക്കരുത് - ഇക്കാലമാണ് ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ മണ്ണായി ഇവിടം മാറിയത്; അഞ്ച് ലക്ഷം മനുഷ്യരുടെ ജീവിതത്തിന് വീടെന്ന ഉറപ്പുണ്ടായത്; സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകൾ കോർപ്പറേറ്റുകളെ തോൽപ്പിച്ചത്; ആശുപത്രികളെ വീണ്ടെടുത്തത്; അസാധ്യമെന്ന് കരുതിയ ദേശീയപാത വികസനം നടന്നത്; പെൻഷൻ കെട്ടുകഥയല്ലാതായി മാറിയത്; മനുഷ്യജീവിതത്തെ അന്തസ്സ് കെടാത്ത ഒന്നാക്കി മാറ്റിയത്;പ്രളയവും മഹാമാരിയും ദുരിതമഴ പലതും വന്ന് പതിച്ച
