07/12/2025
*ആശയത്തിലല്ല ആമാശയത്തിലാണ് ലീഗിന്റെ ശ്രദ്ധ*
പടന്ന , തൃക്കരിപ്പൂർ , ചെമ്മനാട് , കുമ്പള , കുമ്പഡാജെ , മംഗൽപാടി , ബദിയടുക്ക ,ചെങ്കള ,മൊഗ്രാൽ പുത്തൂർ ,എന്നീഗ്രാമ പഞ്ചായത്തുകളിലും കാസറഗോഡ് , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലും കാസറഗോഡ് മുനിസിപ്പാലിറ്റിയിലും കഴിഞ്ഞ അഞ്ചുവർഷമായി ഭരണം(!) കയ്യാളുന്നത് മുസ്‌ലിംലീഗാണ് . 2020 നു മുൻപ് ലീഗ് ഭരിച്ചിരുന്ന മീഞ്ച , മഞ്ചേശ്വരം തുടങ്ങീയ പഞ്ചായത്തുകൾ ദുർഭരണവും വികസനമുരടിപ്പും കൊണ്ട് ജനങ്ങൾ കയ്യൊഴിഞ്ഞു . മുകളിൽ പരാമർശിച്ച പഞ്ചായത്തുകൾ മുസ്‌ലിംലീഗ് ദുർഭരണത്തിന്റെ ഫലമായി അഴിമതിക്കും വികസനമുരടിപ്പിനും മാത്രം പേരെടുത്തിരിക്കുന്നു . അന്തരിച്ച ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ ഒരിക്കൽ പറഞ്ഞതുപോലെ ലീഗിന് ആശയത്തിലല്ല ആമാശയത്തിലാണ് ശ്രദ്ധ എന്നത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി ഈ പഞ്ചായത്തുകളെ കട്ടുമുടിച്ച് ആമാശയം വീർപ്പിച്ചിരിക്കുന്നു ലീഗിന്റെ പ്രാദേശിക നേതാക്കന്മാർ . ജനോപകാരമായ ഏതെങ്കിലും ഒരു പ്രവൃത്തി ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യണമെന്നുള്ള മിനിമം ധാരണ പോലുമില്ലാതെയാണ് ഇവർ അഞ്ചുവർഷം പൂർത്തിയാക്കി വീണ്ടും ജനവിധി തേടുന്നത് . ഇത്തവണ പരസ്യമായി ലീഗും മതതീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയും ഒരു മനസ്സും ഒരു ശരീരവുമാണ് . ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ദ്രംഷ്ടയായ വെൽഫെയർ പാർട്ടിയുമായി ലീഗ് പരസ്യമായ ബാന്ധവത്തിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
മുസ്ലിം ലീഗ് മുൻകാലങ്ങളിൽ ഭരിക്കുകയും സഹിക്ക വയ്യാതെ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ വലിച്ചു താഴെയിട്ട ഉദുമ , പള്ളിക്കര , അജാനൂർ പഞ്ചായത്തുകളെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയെയും ഇത്തവണത്തെ ഇലക്ഷൻ വേളയിൽ കുറുക്കൻ കോഴിക്കൂട്ടിലേക്ക് നോക്കുന്ന പോലെയാണ് ലീഗുകാർ തുപ്പലിറക്കി കൊണ്ടിരിക്കുന്നത് . എസ് ഡി പി ഐ , വെൽഫെയർ പാർട്ടി ബാന്ധവത്തിൽ ഭരണമെങ്ങാനും കിട്ടിയാൽ കട്ടുമുടിക്കാൻ ഒരുമ്പെട്ടിരിക്കുന്നു ഇക്കൂട്ടർ .
സംസ്ഥാനത്തെ ഭാവി രാഷ്ട്രീയമാറ്റത്തെ വ്യക്തമാക്കാൻ സഹായിക്കുന്ന സൂചികയായി തദ്ദേശജനവിധികൾ മാറും എന്നിരിക്കെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിലൂടെ കേരളത്തെ കൂടുതൽ പ്രോജ്വലമാക്കാൻ ഈ തെരെഞ്ഞെടുപ്പ് നിർണ്ണായകമാണ് . സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലടക്കം ഉണ്ടാക്കിയ പ്രതികരണങ്ങൾ, ക്ഷേമ പെൻഷൻ വർധിച്ചതും കൂടുതൽ മേഖലയിലേക്ക് അത് വ്യാപിപ്പിച്ചതും, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പാർപ്പിട പദ്ധതികൾ, അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം, പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, അഴിമതിരഹിത ഭരണനേട്ടങ്ങൾ എന്നിവ ഈ തെരെഞ്ഞെടുപ്പിൽ ഒരു വഴിവിളക്കാവും. അഞ്ചുവർഷങ്ങൾ കൊണ്ട് ഈ നാട് ആർജിച്ച വികസനനേട്ടങ്ങൾക്ക് തുടർച്ചയുണ്ടാവാനും കേരളം കൂടുതൽ മെച്ചപ്പെട്ട ഇരിടമാവാനും പ്രതീക്ഷ നൽകുന്ന ഒരു വിജയം ഇടതുപക്ഷജനാധിപത്യ മുന്നണി അർഹിക്കുന്നുണ്ട് . ഇത്തവണ കാസർഗോഡ് ജില്ലയിൽ ഇടതുമുന്നണി കൂടുതൽ ഉജ്വലമായ വിജയം നേടുകതന്നെ ചെയ്യും.
*എഴുത്ത് : ജയൻ മാങ്ങാട്*
Rajeevam