12/08/2020
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുമെന്നും സ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും ഓരോ വ്യക്തിയും ഈ സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞയെടുക്കുക.
കോവിഡ് -19 മഹാമാരിയുടെയും ദേശീയതലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൻ്റെയും സമയത്ത്, പകർച്ചവ്യാധിയെ നേരിടുന്നതിനും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിലും ഏകമനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ആർഎസ്‌എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രസർക്കാർ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്തുകയാണ്. ഇതിനൊപ്പം തന്നെ തീവ്രമായ വർഗീയ ധ്രുവീകരണത്തിന് വഴിവെട്ടുകയും മുസ്ലീം ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുകയും ചെയ്യുകയാണ്. സ്വതന്ത്രാധികാരമുള്ള ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്.
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനായി സ്വതന്ത്രമായി പ്രവർത്തിക്കുന്നഎല്ലാ അധികാരകേന്ദ്രങ്ങളെയും ദുർബലപ്പെടുത്തുന്നു. ജനാധിപത്യപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നു. സർക്കാരിനെയും സർക്കാർ നയങ്ങൾക്കുമെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ 'ദേശവിരുദ്ധർ' എന്ന് മുദ്രകുത്തുകയും ജനങ്ങളെയും പ്രവർത്തകരെയും ബുദ്ധിജീവികളെയും യുഎപിഎ, രാജ്യദ്രോഹം വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ഫെഡറലിസത്തിന്റെ തത്വങ്ങളെ നിരാകരിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാരിലേക്ക് എല്ലാ അധികാരങ്ങളും അധികാരവും കേന്ദ്രീകരിക്കാനുള്ള ശ്രമവും നടക്കുകയാണ്.
ഈ സാഹചര്യങ്ങളിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും ഭരണഘടന ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യം അവരനുഭവിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്താൻ ജനങ്ങൾ ഒന്നിച്ചുനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.