27/01/2026
വട്ടക്കായൽ തുരുത്തിലെ പട്ടയപ്രശ്നം: കെയർഫോർ ആലപ്പിയുടെ സഹകരണത്തോടു കൂടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അദാലത്ത് നടത്തി.
കൈനകരി ഗ്രാമപഞ്ചായത്തിലെ മീനപ്പള്ളി വട്ടക്കായൽ തുരുത്തിലെ എസ്.സി (SC) കുടുംബങ്ങൾ നേരിടുന്ന പട്ടയപ്രശ്നങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ശാശ്വത പരിഹാരം തേടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ജില്ലയിലെ 'കെയർഫോർ ആലപ്പി' തുരുത്തിലെ കുടുംബങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിനെ തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.
തുരുത്തിലെത്തിയ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശ്രീ. പ്രമോദ് മുരളി പരാതികൾ നേരിട്ട് സ്വീകരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അധ്യക്ഷത വഹിച്ചു. തുരുത്തിലെ ജനജീവിതം നേരിട്ട് കണ്ട് പഠിച്ച് വസ്തുതകൾ റിപ്പോർട്ടായി സമർപ്പിച്ച കെയർഫോർ ആലപ്പി സെക്രട്ടറി ശ്രീ. പ്രേംസായി ഹരിദാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങൾക്കും ഭൂമിയുടെ നിയമപരമായ രേഖകളില്ലാത്തത് സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നതായി അദ്ദേഹം വിലയിരുത്തി. പട്ടയലഭ്യതയ്ക്ക് പുറമെ, കായൽ ചുറ്റപ്പെട്ട പ്രദേശത്തെ യാത്രാക്ലേശം, കുടിവെള്ള ലഭ്യത, മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെ അപര്യാപ്തത എന്നിവയും പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
തുരുത്തിലെ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിയമപരമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ തുടർനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
20/12/2025
നിറഞ്ഞ സംതൃപ്തിയോടെ മടക്കം. ❤️
പ്രിയപ്പെട്ട കൈനകരിക്കാരെ,
കൈനകരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചു വർഷത്തെ കാലാവധി ഇന്ന് പൂർത്തിയാവുകയാണ്. വികസനത്തിന്റെ പുതിയ പാതകൾ നമ്മുടെ നാടിന് തുറന്നു നൽകാൻ കഴിഞ്ഞു എന്ന അഭിമാനത്തോടും നിറഞ്ഞ സംതൃപ്തിയോടും കൂടിയാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഞാൻ വിരമിക്കുന്നത്.
കൈനകരിയുടെ വികസന സ്വപ്നങ്ങൾക്ക് ഈ കാലയളവിൽ കരുത്തുപകരാൻ സാധിച്ചു.
📍 ഗതാഗത മേഖലയിലെ കുതിപ്പ്:
മുണ്ടക്കൽ പാലത്തിലൂടെ ഗതാഗതം ആരംഭിക്കാനായതും, മുണ്ടക്കൽ-ചാവറ റോഡ്, തേവർകാട്-വെള്ളാമത്ര റോഡ് എന്നിവയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി യാഥാർത്ഥ്യമാക്കുന്നതും കിഴക്കൻ മേഖലയുടെ മുഖച്ഛായ മാറ്റും.
💧 കുടിവെള്ളത്തിന് ശാശ്വത പരിഹാരം:
നമ്മൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കുടിവെള്ളം. കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ പുതിയ പമ്പിങ് മെയിൻ സ്ഥാപിക്കാൻ 2.5 കോടി രൂപ ലഭ്യമാക്കാൻ കഴിഞ്ഞു. 112 കിലോമീറ്റർ പുതിയ പൈപ്പ് ലൈനുകളും, പള്ളാത്തുരുത്തിയിലും മുണ്ടക്കലിലും പൂർത്തിയായി വരുന്ന കുഴൽക്കിണറുകളും നമ്മുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമേകും.
🌾 കർഷകർക്കും ജനങ്ങൾക്കും കാവലായി.
മടവീഴ്ച പതിവായിരുന്ന കനകാശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളെ സംരക്ഷിക്കാനും ആ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അതീവ ജാഗ്രതയോടെ പ്രവർത്തിക്കാൻ സാധിച്ചു.
ഈ യാത്രയിൽ താങ്ങായി നിന്ന എൽഡിഎഫ് സർക്കാർ, ബഹുമന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ, എം എൽ എ തോമസ് കെ തോമസ് , ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് സി വർഗീസ്, കൈനകരിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ , സഹപ്രവർത്തകരായ പഞ്ചായത്ത് അംഗങ്ങൾ, മാധ്യമ സുഹൃത്തുക്കൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ഹരിതകർമ്മ സേന, സി ഡി എസ് അംഗങ്ങൾ എന്നിവരോടും ഏറ്റവും പ്രധാനമായി എല്ലാറ്റിനും ചാലകശക്തിയായി കൂടെനിന്ന കൈനകരിയിലെ ജനങ്ങളോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
ജനവിധി മാനിക്കുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ പരിശോധിക്കും, ആവശ്യമായ തിരുത്തലുകൾ വരുത്തി ഇടതുപക്ഷം കൂടുതൽ കരുത്തോടെ തിരിച്ചുവരും. എന്നും ജനങ്ങൾക്കിടയിൽ, ജനകീയ പോരാട്ടങ്ങളുമായി ഞാനുണ്ടാകും.
പുതിയ ഭരണസമിതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🤝
02/11/2025
നമ്മൾ അതും നേടി. എല്ലാവർക്കും നന്ദി. തുടരും❣️
29/10/2025
ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം നടത്തിയതിന് സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായി.
20/10/2025
റോഡ് നവീകരണം തുടങ്ങി
കൈനകരി പഞ്ചായത്തിൽ നെടുമുടി കുപ്പപ്പുറം പിഡബ്ല്യുഡി റോഡിന്റെ ഭാഗമായ കോലത്ത് ജെട്ടിമുതൽ ചെറുപറമ്പ് ജങ്‌ഷൻവരെ 1.2 കിലോമീറ്റർ ദൂരം നവീകരണജോലികൾ ആരംഭിച്ചു.
കഴിഞ്ഞവർഷം ടാറിങ് നടത്തിയ റോഡ് വെള്ളക്കെട്ടുമൂലം ടാറിങ് ഇളകി ഗതാഗതം ദുരിതമായ സാഹചര്യത്തിലാണ് റോഡ് പുനർനിർമിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പിഡബ്ല്യുഡി എക്‌സി. എൻജിനിയർക്ക് നിവേദനം നൽകിയത്. എക്‌സി. എൻജിനിയർ സ്ഥലം സന്ദർശിച്ച് റോഡ് പുനർനിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. 1200 മീറ്ററിൽ 200 മീറ്റർ ടൈൽ വിരിക്കും. ഒരു കിലോമീറ്റർ ദൂരം നിലവിലെ റോഡ് ഉയർത്തി ടാറിങ്‌ചെയ്യും. ഇതോടൊപ്പം കൈനകരിയിൽ അഞ്ച് റോഡ് പുനരുദ്ധരിക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു.
14/10/2025
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം
തേവർ കാട് വെള്ളാമത്ര റോഡ് 4.64 കോടി രൂപയ്ക്ക് പിഡബ്ല്യുഡി ടെൻഡർ ചെയ്തു
സംസ്ഥാന ഗവൺമെന്റിനും എംഎൽഎ തോമസ് കെ തോമസിനും അഭിവാദ്യങ്ങൾ
14/10/2025
കൈനകരിക്ക് ഇത് ചരിത്രം നിമിഷം മുണ്ടക്കൽ ചാവറ റോഡ് കെ ആർ എഫ് ബി ടെണ്ടർ ചെയ്തു സംസ്ഥാന ഗവൺമെന്റിനും എംഎൽഎക്കും പിന്തുണച്ച എല്ലാവർക്കും നന്ദി