01/10/2026
പ്രസിദ്ധീകരണത്തിന്
സിപിഐ(എം) വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി ഒക്ടോബർ 03, 04 തീയതികളിൽ
സിപിഐ(എം) വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി യോഗം 2026 ഒക്ടോബർ 3, 4 തീയതികളിൽ സിപിഐ(എം) ഡി.സി ഹാളിൽ വെച്ച് ചേരുന്നു.
ജില്ലയിൽ നിന്നുള്ള 03 സംസ്ഥാന കമ്മിറ്റി അംഗങ്ങളും , 44 പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളും, 15 ഏരിയ കമ്മിറ്റികളിൽ നിന്നായി 51 പ്രതിനിധികളും, വർഗ-ബഹുജന സംഘടനകളിൽ നിന്നും 27 പ്രതിനിധികളും ഉൾപ്പെടെ 125 സഖാക്കളാണ് സിപിഐ(എം) പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നത്.
2026 ഒക്ടോബർ 03 ശനിയാഴ്ച രാവിലെ 09:00 മണിക്ക് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. കൃത്യം 09:30-ന് പാർട്ടിയുടെ മുതിർന്ന നേതാവ് സഖാവ് പി. ഉണ്ണി പതാക ഉയർത്തും. രാവിലെ 10:00 മണിക്ക് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ. എം.വി. ഗോവിന്ദൻ മാസ്റ്റർ സിപിഐ(എം) പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യും. മേൽക്കമ്മിറ്റികളെ പ്രതിനിധീകരിച്ച് സഖാക്കളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, എം. സ്വരാജ്, കെ.കെ. ജയചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് എന്നിവർ പങ്കെടുക്കും.
തുടർന്ന് 11:30-ന് ജില്ലാ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം 02:00 മണി മുതൽ 04:00 മണി വരെ ഗ്രൂപ്പ് ചർച്ചയും, 04:00 മണി മുതൽ രാത്രി 08:00 മണി വരെ പൊതുചർച്ചയും നടക്കും. ഇതോടെ യോഗത്തിന്റെ ഒന്നാം ദിവസം അവസാനിക്കും. ഒക്ടോബർ 04 ഞായറാഴ്ച രാവിലെ 10:00 മണിക്ക് യോഗം വീണ്ടും ചേരും. രാവിലെ 10:00 മുതൽ 11:30 വരെ പൊതുചർച്ച തുടരും. 11:30-ന് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ചർച്ചകൾക്ക് മറുപടി നൽകും. തുടർന്ന് നന്ദിപ്രകാശനത്തോടെ പ്രതിനിധി കൾ പങ്കെടുത്തുകൊണ്ടുള്ള വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനമാകും.
വൈകുന്നേരം 04:00 മണിക്ക് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് അരലക്ഷം പേർ അണിനിരക്കുന്ന കൂറ്റൻ ബഹുജന റാലിയും പൊതുയോഗവും നടക്കും. പൊതുയോഗം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ജില്ലയിലുണ്ടായ ജനപിന്തുണയുടെ ഏറ്റക്കുറച്ചിലുകൾ ഈ രണ്ടു ദിവസത്തെ യോഗം അത്യന്തം സൂക്ഷ്മമായി പരിശോധിക്കും. സംഘടനാതലത്തിലുള്ള പോരായ്മകൾ വിമർശന-സ്വയംവിമർശനപരമായി വിലയിരുത്തി ആവശ്യമായ തിരുത്തൽ നടപടികൾക്ക് യോഗം രൂപം നൽകും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, അചഞ്ചലമായ പോരാട്ടവീര്യത്തോടെ ജനഹൃദയങ്ങളിലേക്ക് സിപിഐ(എം) നടത്തുന്ന വൻതിരിച്ചുവരവിനും, ആവേശകരമായ പുതിയ മുന്നേറ്റങ്ങൾക്കും ഈ വിപുലീകൃത ജില്ലാ കമ്മിറ്റി അടിത്തറയൊരുക്കും. കൂടുതൽ കരുത്തോടെ സിപിഐ(എം) ഒറ്റക്കെട്ടായി മുന്നേറും
സ. ഇ.എൻ. സുരേഷ് ബാബു
സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി