10/11/2026
*കുമരകത്ത് സ്ഥിരം പുല്ലുവെട്ടൽ സംവിധാനം; 7.5 ലക്ഷം രൂപയുടെ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു.*
16 വാർഡുകളിലെയും പൊതുവഴികൾ വൃത്തിയായി സൂക്ഷിക്കാൻ രണ്ട് യന്ത്രങ്ങളും രണ്ട് താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന പദ്ധതി
കുമരകം: ടൂറിസം പ്രാധാന്യമുള്ള കുമരകം ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പൊതുവഴികളും റോഡരികുകളും കൃത്യമായ ഇടവേളകളിൽ പുല്ലുവെട്ടി വൃത്തിയാക്കുന്നതിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശവുമായി പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.കെ. സേതു, വി.കെ. സുനിത്ത്, നീതു റെജി എന്നിവർ ചേർന്ന് പുല്ലുവെട്ടൽ സംവിധാനം വിജയകരമായി നടപ്പിലാക്കിയ വിവിധ ഗ്രാമപഞ്ചായത്തുകൾ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനരീതികളും അനുഭവങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
കുമരകം പോലെയുള്ള ടൂറിസം പ്രാധാന്യമുള്ള പ്രദേശത്ത് റോഡരികുകളിൽ പുല്ലും കാടും വളർന്നുനിൽക്കുന്നത് പ്രദേശത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതിനൊപ്പം ഇഴജന്തുക്കളുടെ ശല്യത്തിനും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടിനും കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുപരിസരം ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്നതിന് മുമ്പ് ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനും നിർദേശമുണ്ട്. ഇതിനായി കൃഷിഭവനിൽ ലഭ്യമായ പുല്ലുവെട്ടൽ യന്ത്രം ഉപയോഗിച്ച് താൽപര്യമുള്ളവർക്ക് പരിശീലനം നൽകുകയും പ്രവർത്തനക്ഷമത വിലയിരുത്തുകയും ചെയ്യാം. പരീക്ഷണം വിജയകരമായാൽ പഞ്ചായത്തിന്റെ സ്വന്തം യന്ത്രങ്ങൾ വാങ്ങി സ്ഥിരം സംവിധാനം നടപ്പിലാക്കാം.
താൽക്കാലികമായി ഇടയ്ക്കിടെ പുല്ലുവെട്ടുന്ന രീതിയല്ല, പഞ്ചായത്ത് നേരിട്ട് നിയന്ത്രിക്കുന്ന തുടർച്ചയായ സ്ഥിരം സംവിധാനമാണ് കുമരകത്തിന് ആവശ്യം. അടുത്ത വാർഷിക പദ്ധതിയിൽ ഏകദേശം ഏഴര ലക്ഷം രൂപ മാറ്റിവെക്കാൻ സാധിച്ചാൽ 16 വാർഡുകളിലെയും വഴികൾ കൃത്യമായ ഇടവേളകളിൽ വൃത്തിയായി സൂക്ഷിക്കുന്ന സംവിധാനം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് വാർഡ് മെമ്പർമാരായിട്ടുള്ള പികെ സേതു,വികെ. സുനിത്ത്,നീതു റെജി എന്നിവർ പറഞ്ഞു.